പി വി സിന്ധുവിന് കിരീടം

Posted on: December 1, 2013 11:22 pm | Last updated: December 1, 2013 at 11:22 pm

p v sinduമക്കാവു: മക്കാവു ഓപണ്‍ ഗ്രാന്‍ഡ് പ്രീ ഗോള്‍ഡ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം ബാഡ്മിന്റണില്‍ ഇന്ത്യയുടെ പുത്തന്‍ താരോദയമായ പി വി സിന്ധുവിന്. ടൂര്‍ണമെന്റില്‍ ഒന്നാം സീഡായ സിന്ധു ലോക റാങ്കിങ്ങില്‍ 30ാം സ്ഥാനത്തും ടൂര്‍ണമെന്റിലെ ഏഴാം സീഡുമായ കാനഡയുടെ ലീ മിഷേലിനെ കീഴടക്കിയാണ് കിരീടം സ്വന്തമാക്കിയത്. രണ്ട് സെറ്റ് നീണ്ട കലാശപ്പോരില്‍ 21-15, 21-12 സ്‌കോറിന് അനായാസമായിരുന്നു സിന്ധുവിന്റെ വിജയം. 37 മിനുട്ട് മാത്രമാണ് മത്സരം നീണ്ടത്. തുടക്കം മുതല്‍ മികച്ച ഫോമിലായിരുന്നു സിന്ധു.
കളി തുടങ്ങി രണ്ട് മിനുട്ടിനുള്ളില്‍ തന്നെ സിന്ധു 7-0 ത്തിന്റെ ലീഡ് പിടിച്ചു. ശ്വാസം വിടാന്‍ പോലും കനേഡിയന്‍ താരത്തിന് അവസരം നല്‍കാതെ കുതിച്ച സിന്ധു സ്‌കോര്‍ 9-6 എന്ന നിലയിലേക്കും അവിടെ നിന്ന് 11-6ലേക്കുമെത്തി. ഒടുവില്‍ ആദ്യ സെറ്റ് വെറും 16 മിനുട്ടിനുള്ളില്‍ 21-15 ന് ഇന്ത്യന്‍ താരം പോക്കറ്റിലാക്കി.
രണ്ടാം സെറ്റില്‍ തിരിച്ചടിച്ച മിഷേല്‍ 5-5 ന് ഒപ്പമെത്തി. എന്നാല്‍ മികച്ച പ്രത്യാക്രമണത്തിലൂടെ സിന്ധു 11-6 എന്ന നിലയില്‍ ലീഡുയര്‍ത്തി. ഈ മികവില്‍ നിന്ന് ഒട്ടും താഴോട്ട് പോകാതെ കുതിച്ച സിന്ധു രണ്ടാം സെറ്റ് 21-12 നേടി മത്സരം അവസാനിപ്പിച്ച് കിരീടം ഉറപ്പാക്കുകയായിരുന്നു.
9000 ഡോളര്‍ സമ്മാനത്തുകയാണ് സിന്ധുവിന് ലഭിച്ചത്. കഴിഞ്ഞ മെയ് മാസത്തില്‍ മലേഷ്യന്‍ ഓപണ്‍ കിരീടം നേടിയ ഇന്ത്യന്‍ താരത്തിന്റെ സീസണിലെ രണ്ടാമത്തെ ഗ്രാന്‍ഡ് പ്രീ ഗോള്‍ഡന്‍ കിരീടമാണ് ഇത്. ഈ സീസണില്‍ മികച്ച ഫോം തുടരുന്ന സിന്ധു ആഗസ്റ്റില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയതിലൂടെ വനിതാ സിംഗിള്‍സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായി മാറിയിരുന്നു. ടൂര്‍ണമെന്റില്‍ മികച്ച കളി പുറത്തെടുത്ത് ചൈനീസ് താരങ്ങളെയടക്കം കീഴടക്കിയതോടെ ആത്മവിശ്വാസം വര്‍ധിച്ചു. ഫൈനലില്‍ പിഴവുകള്‍ വരാതെ ശ്രദ്ധിക്കാനും സാധിച്ചാതായി സിന്ധു മത്സരശേഷം പറഞ്ഞു. ചൈന ഓപണില്‍ തുടക്കത്തില്‍ പുറത്തായതോടെ ഒരു മാസം നീണ്ടുനിന്ന പരിശീലനം ഇവിടെ ഗുണം ചെയ്തതായ കോച്ച് പുല്ലേല ഗോപീചന്ദ് അഭിപ്രായപ്പെട്ടു.