ലോക സ്‌കൂള്‍ മീറ്റ്: മലയാളി താരം ലേഖ ഉണ്ണിക്ക് വെങ്കലം

Posted on: December 1, 2013 3:39 pm | Last updated: December 1, 2013 at 11:20 pm

LEKHA UNNI

കൊച്ചി: ബ്രസീലില്‍ നടക്കുന്ന ലോക സ്‌കൂള്‍ മീറ്റില്‍ മലയാളി താരം ലേഖ ഉണ്ണിക്ക് വെങ്കലം. 1500 മീറ്ററിലാണ് ലേഖ വെങ്കലം നേടി മലയാളത്തിന്റെ അഭിമാനമായത്. എറണാകുളം മെഴ്‌സിക്കുട്ടന്‍ അക്കാദമിയിലെ താരമായ ലേഖ തേവര എച്ച് എസ് വിദ്യാര്‍ഥിനിയാണ്. തൃശ്ശൂര്‍ സ്വദേശിയാണ്. 4:58:23 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ലേഖ വെങ്കല മെഡല്‍ നേടിയത്. 15 കാരിയായ ലേഖ ആദ്യ അന്താരാഷ്ട്ര മീറ്റില്‍ തന്നെ മെഡല്‍ സ്വന്തമാക്കി. ഹീറ്റ്‌സില്‍ രണ്ടാമത്തെ മികച്ച സമയം കുറിച്ചാണ് ലേഖ ഫൈനലിന് യോഗ്യത നേടിയിരുന്നത്. നേരത്തെ സൗത്ത് സോണിലും ഇന്റര്‍ സോണിലും മെഡലുകള്‍ സ്വന്തമാക്കിയ താരമാണ് ലേഖ.
തൃശൂര്‍ വടൂക്കര പി സി ഉണ്ണി- മായാ ദമ്പതികളുടെ മകളാണ് 15കാരിയായ ലേഖ. കുരിയച്ചിറ സെന്റ് പോള്‍സ് ഹയര്‍സെക്ക ന്‍ഡറി സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് സ്‌കൂള്‍ കായിക രംഗത്ത് ശ്രദ്ധേയായത്.
തുടര്‍ന്ന് നാല് വര്‍ഷം മുമ്പാണ് മേഴ്‌സിക്കുട്ടന്‍ അക്കാദമിയില്‍ എത്തിയത്. സൗത്ത് സോണിലും ഇന്റര്‍ സോണിലും ദേശീയ, സംസ്ഥാന സ്‌കൂള്‍ ഗെയിംസുകളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ദേശീയ അന്തര്‍മേഖലാ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ അണ്ടര്‍ 16 വിഭാഗം 1,000 മീറ്ററില്‍ വെങ്കലം നേടിയ ലേഖാ ഉണ്ണി മീറ്റ് റെക്കൊഡിനെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
29ന് ആരംഭിച്ച മീറ്റ് മൂന്നിന് അവസാനിക്കും. മീറ്റില്‍ പങ്കെടുക്കുന്ന 11 അംഗ ഇന്ത്യന്‍ ടീമില്‍ ഏഴ് മലയാളി താരങ്ങളാണുള്ളത്. ഇന്ന് ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ മത്സരിക്കുന്ന പാലക്കാട് പറളി സ്‌കൂളിലെ മുഹമ്മദ് അഫ്‌സലാണ് കേരളത്തിന്റെ മെഡല്‍ പ്രതീക്ഷയുള്ള മറ്റൊരു താരം.