ബ്രേസ്‌ലെറ്റ് സ്വര്‍ണ്ണത്തിന്റേത്;മണിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

Posted on: December 1, 2013 12:25 pm | Last updated: December 2, 2013 at 6:31 pm

kalabhavan mani

കൊച്ചി: സിനിമാ നടന്‍ കലാഭവന്‍ മണിയുടെ പക്കല്‍നിന്ന് കണ്ടെടുത്ത ബ്രേസ്‌ലെറ്റ് സ്വര്‍ണ്ണത്തിന്റേതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍. 22 പവന്‍ സ്വര്‍ണ്ണത്തിന്റേതാണ് ബ്രേസ്‌ലെറ്റ്. ബ്രേസ്‌ലെറ്റ് കണ്ടുകെട്ടാതിരിക്കാന്‍ മണിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

കുവൈറ്റില്‍നിന്ന് വരുമ്പോഴാണ് മണിയുടെ പക്കല്‍നിന്ന് ബ്രേസ് ലെറ്റ് കണ്ടെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരോട മണി അപമര്യദയായി പെരുമാറിയതായും പരാതിയുണ്ടായിരുന്നു. കുവൈത്തില്‍ നിന്ന് മടങ്ങി വരവെ കൈയ്യിലുണ്ടായിരുന്ന ബ്രേസ്‌ലെറ്റ് സ്വര്‍ണ്ണമാണോ എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ ക്ഷുഭിതനായ മണി ബ്രേസ്‌ലെറ്റ് ഉദ്യോഗസ്ഥരുടെ നേര്‍ക്ക് വലിച്ചെറിയുകയായിരുന്നു എന്നാണ് പരാതി. വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെയായിരുന്നു മണിയുടെ മോശം പെരുമാറ്റം.

അതേസമയം കസ്റ്റംസ് ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് കലാഭവന്‍ മണി പറഞ്ഞു. ബ്രേസ്‌ലൈറ്റ് വലിച്ചെറിഞ്ഞുവെന്നത് നുണയാണ് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇത് മനസ്സിലാവുമെന്നും മണി പ്രതികരിച്ചു. ബ്രേസ്ലെറ്റ് പരിശോധിക്കണമെന്ന് പറഞ്ഞപ്പോള്‍ താന്‍ ഊരി നല്‍കിയതായും അതിനുശേഷം വീട്ടിലേക്ക് പോയതായും കലാഭവന്‍ മണി പറഞ്ഞു.