Connect with us

Ongoing News

ഇന്ന് ലോക എയ്ഡ്‌സ് ദിനം: എച്ച് ഐ വി വ്യാപനം കുറഞ്ഞു

Published

|

Last Updated

മലപ്പുറം: സംസ്ഥാനത്ത് ഒക്‌ടോബര്‍ വരെ എയ്ഡ്‌സ് ബാധിച്ച് മരിച്ചത് 2126 പേര്‍. മുന്‍വര്‍ഷങ്ങളേക്കാള്‍ രോഗത്തിന്റെ വ്യാപനവും മരണ നിരക്കും ഈ വര്‍ഷം കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ 24,417 എച്ച് ഐ വി ബാധിതരുണ്ടെന്നാണ് കണക്കുകള്‍. 1996ല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി നിലവില്‍ വന്നതിന് ശേഷമുള്ള കണക്കാണിത്. എച്ച് ഐ വി ബാധിതരുടെ കൂട്ടായ്മയായ പ്രത്യാശയില്‍ രജിസ്റ്റര്‍ ചെയ്ത രോഗികളുടെ എണ്ണം 17,519 പേരാണ്. ഇവരില്‍ 8,335പേര്‍ ഇപ്പോഴും ചികിത്സ തുടരുന്നവരാണ്. സ്വകാര്യ ആശുപത്രികളില്‍ പരിശോധന നടത്തുന്നവരുടെ കണക്ക് കൂടിയാകുമ്പോള്‍ എണ്ണം ഇനിയും കൂടും. രോഗപ്രതിരോധ ശേഷിയുടെ അളവ് അഞ്ഞൂറ് കൗണ്ടില്‍ കുറയുന്നവരാണ് ചികിത്സ നടത്തുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എച്ച് ഐ വി ബാധ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. 4772 പേര്‍. അതിര്‍ത്തി പ്രദേശമായതിനാല്‍ പാലക്കാട് ജില്ല എച്ച് ഐ വി ബാധിതരുടെ എണ്ണത്തില്‍ മുന്നിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കൂടി ഇവിടെ രജിസ്റ്റര്‍ ചെയ്യാറുണ്ട്. കൂടാതെ രോഗികളില്‍ പലരും മറ്റ് ജില്ലകളില്‍ പോയാണ് എച്ച് ഐ വി ടെസ്റ്റ് നടത്താറുള്ളതെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അധികൃതര്‍ പറയുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി എത്തുന്ന പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ശക്തമായ മുന്‍ കരുതലാണ് സ്വീകരിച്ചിട്ടുള്ളത്. കൃത്യമായി പരിശോധന എടുക്കുക, ബോധവത്കരണം നല്‍കുക തുടങ്ങിയ നടപടികളാണ് സ്വീകരിക്കുന്നത്.
മലപ്പുറം ജില്ലയില്‍ 493 എച്ച് ഐ വി ബാധിതരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരില്‍ 259 പേര്‍ പുരുഷന്‍മാരും 198 സ്ത്രീകളുമാണ്. 19 ആണ്‍കുട്ടികള്‍ക്കും 17 പെണ്‍കുട്ടികള്‍ക്കും എച്ച് ഐ വി ബാധ കണ്ടെത്തിയിട്ടുണ്ട്. എച്ച് ഐ വി പരിശോധനകള്‍ക്കായി ആരോഗ്യവകുപ്പ് എല്ലാ മെഡിക്കല്‍ കോളജുകളിലും ജില്ലാ താലൂക്ക് ആശുപത്രികളിലും സൗജന്യ പരിശോധനക്ക് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഗര്‍ഭിണികള്‍ക്ക് പരിശോധന നടത്തുന്നതിന് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ ലാബ് സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

Latest