ഇന്ത്യാഫെസ്റ്റ് ഡിസം. അഞ്ചിന്

Posted on: December 1, 2013 1:20 am | Last updated: December 1, 2013 at 1:20 am

അബുദാബി: ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ത്രിദിന ഇന്ത്യാഫെസ്റ്റ് ഡിസംബര്‍ അഞ്ച് മുതല്‍ ഏഴ് വരെ നടക്കും. കലാ സാംസ്‌ക്കാരിക പരിപാടികളും വൈവിധ്യമാര്‍ന്ന ഭക്ഷ്യ വിഭവ മേളയുമുണ്ടായിരിക്കുമെന്ന് പ്രസിഡന്റ് തോമസ് ജോണ്‍, ജനറല്‍ സെക്രട്ടറി പി.സത്യബാബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ സ്ഥാനപതികാര്യാലയം സാംസ്‌ക്കാരിക വിഭാഗത്തിന്റെ സഹകരണത്തോടെ നടക്കുന്ന ഇന്ത്യാഫെസ്റ്റ് അഞ്ചിന് വൈകീട്ട് ആറിന് സ്ഥാനപതി എം.കെ.ലോകേഷ് ഉദ്ഘാടനം ചെയ്യും. പഞ്ചാബില്‍ നിന്നുള്ള നാടോടി നൃത്തസംഘം ഇന്ത്യയുടെ പൈതൃക കലാ സാസ്‌ക്കാരിക പരിപാടികള്‍ അവതരിപ്പിക്കും. ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം സാംസ്‌ക്കാരിക വിഭാഗത്തിന്റെ സഹകരണത്തോടെയാണ് ഇന്ത്യയില്‍ നിന്നുള്ള കലാകാരന്മാരെത്തുക. സ്റ്റീഫന്‍ ദേവസി, ബോളിവുഡ് താരങ്ങളായ ശക്തി മോഹന്‍, മുക്തി മോഹന്‍ എന്നിവര്‍ കലാ പരിപാടികള്‍ക്കു നേതൃത്വം നല്‍കും. മാന്ത്രികന്‍ രാജ് കലേഷിന്റെ ഇന്ദ്രജാല പ്രകടനം, നാസറിന്റെ നേതൃത്വത്തില്‍ കരകാട്ടം കളരിപ്പയറ്റ് തുടങ്ങിയ അഭ്യാസമുറകളും കാണികളെ ആകര്‍ഷിക്കും. ഫിലിപ്പീന്‍സ്, ഫിജി എന്നീ എംബസികളുടെ ആഭിമുഖ്യത്തില്‍ ആ രാജ്യങ്ങളുടെ പരമ്പരാഗത നൃത്തങ്ങളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൃത്തം, പാശ്ചാത്യ സംഗീതം, ശിങ്കാരമേളം, അറബിക് ഡാന്‍സ് എന്നിവയും നടക്കും. പ്രത്യേകം സജ്ജമാക്കുന്ന വേദിയില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ ഇരുപത്തിയഞ്ചിലേറെ ഭക്ഷണ വില്‍പന സ്റ്റാളുകള്‍ ഉള്‍പ്പെടെ നൂറോളം വ്യാപാര പ്രദര്‍ശന പവലിയനുകളും സജ്ജീകരിക്കും. പണമിടപാട് കൈമാറ്റ സ്ഥാപനങ്ങള്‍, സര്‍വകലാശാല വിജ്ഞാന സ്റ്റാളുകള്‍, കംപ്യൂട്ടര്‍ കടകള്‍, തുണിത്തരങ്ങളുടെയും വസ്ത്രധാരണരീതികളുടെയും വിപണി, വിനോദ യാത്രാ സ്റ്റാളുകള്‍, സൗന്ദര്യ വസ്തുക്കളുടെ വിപണി, കളിക്കോപ്പ് വില്‍പന കേന്ദ്രങ്ങള്‍, സുഗന്ധദ്രവ്യ കടകള്‍, കെട്ടിട നിര്‍മാണ വസ്തുക്കളുടെ പ്രദര്‍ശനം എന്നിവയുമൊരുക്കും.10 ദിര്‍ഹത്തിന്റെ പാസ്മൂലമാണ് പ്രവേശനം. സമാപന ദിവസം നടക്കുന്ന ഭാഗ്യ നറുക്കെടുപ്പിലെ വിജയിക്ക് പിയൂഷോ 301 കാറാണ് ഒന്നാം സമ്മാനം. കൂടാതെ 25 മറ്റു സമ്മാനങ്ങളുമുണ്ടായിരിക്കും. മുഖ്യ പ്രായോജകരായ യുഎഇ എക്‌സ്‌ചേഞ്ച് സെന്റര്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ വൈ.സുധീര്‍കുമാര്‍ ഷെട്ടിയും ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ഭാരവാഹികളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.