അരുംകൊലകള്‍ വേണ്ടെന്ന് പറയാന്‍ കഴിയാത്തവര്‍ക്ക് സമസ്തയെക്കുറിച്ച് പറയാന്‍ അര്‍ഹതയില്ല: പൊന്‍മള ഉസ്താദ്

Posted on: November 30, 2013 10:50 pm | Last updated: November 30, 2013 at 11:01 pm

ponmala ustadമണ്ണാര്‍ക്കാട്: അരുംകൊലകള്‍ വേണ്ടെന്ന് പറയാന്‍ കഴിയാത്തവര്‍ക്ക് സമസ്തയെക്കുറിച്ച് പറയാന്‍ എന്തര്‍ഹതയെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍. കല്ലാംകുഴി സുന്നിപ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള സുന്നീസംഘടനകളുടെ സംയുക്ത റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു പൊന്‍മള ഉസ്താദ്. മുന്‍കാല സമസ്തയുടെ നേതാക്കളുടെ പ്രവര്‍ത്തനമാണോ ഇന്ന് സമസ്തയുടെ പേരില്‍ ചേളാരി വിഭാഗം നടത്തുന്നത് എന്ന പരിശോധിക്കണം. മുന്‍ഗാമികളുടെ പാത പിന്‍പറ്റുന്ന കേരളത്തിലെ ഏക സമസ്തക്ക് നേതൃത്വം നല്‍കുന്നത് താജുല്‍ ഉലമ തങ്ങളും കാന്തപുരം ഉസ്താദുമാണ്. അക്രമം സുന്നികളുടെ രീതി അല്ലെന്നും രാജ്യത്തിന്റെ നിയമം പാലിച്ച് സമാധാനം കാത്തുസൂക്ഷിക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും തയ്യാറാവണമെന്നും പൊന്‍മള പറഞ്ഞു. സമസ്ത പാലക്കാട് ജില്ലാ പ്രസിഡന്റ് മാരയമംഗലം അബ്ദുറഹ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി.

എസ് എം എ സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ഹബീബ് കോയ തങ്ങള്‍, എസ് വൈ എസ് സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, ഡോ. മുഹമ്മദ്കുഞ്ഞി സഖാഫി കൊല്ലം, ജില്ലാ സംയുക്ത ഖാസി എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, സമസ്ത ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, എന്‍ ബി സിറാജുദ്ദീന്‍ ഫൈസി, എസ് എം എ ജില്ലാ പ്രസിഡന്റ് നൂര്‍ മുഹമ്മദ് ഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി പി പി മുഹമ്മദ്കുട്ടി മാസ്റ്റര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് യു മുബാറക്ക് സഖാഫി, ഹാഫിള് ഉസ്മാന്‍ വെളയൂര്‍ തുടങ്ങിയ സംസ്ഥാന, ജില്ലാ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.

വിഘടിതാക്രമണത്തില്‍ കൊല്ലപ്പെട്ട സുന്നീ പ്രവര്‍ത്തകരുടെ വീട് പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എന്‍ അലി മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി എന്നിവര്‍ സന്ദര്‍ശിച്ച് പ്രത്യേക പ്രാര്‍ത്ഥന നടത്തി.

നേരത്തെ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.