കാപാലികര്‍ക്ക് താക്കീതായി എസ് എസ് എഫ് പ്രതിഷേധ സമ്മേളനം

Posted on: November 29, 2013 11:42 pm | Last updated: December 1, 2013 at 12:51 am

flag of SSFകോഴിക്കോട്: ചേളാരി സമസ്തയുടെ ഭീകരതക്ക് താക്കീതായി സുന്നി സംഘശക്തിയുടെ ആസ്ഥാന നഗരിയില്‍ സുന്നിവിദ്യാര്‍ഥി പടയുടെ പ്രതിഷേധം. സുന്നി പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ചേളാരി വിഭാഗം സമസ്തയുടെ പ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് എസ് എസ് എഫിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ റാലിയും പൊതുസമ്മേളനവും അക്രമിസംഘടനക്കുള്ള മുന്നറിയിപ്പായി.
ബോംബും കത്തിയും കൈയിലേന്തി മഹല്ലുകളില്‍ കലാപം സൃഷ്ടിക്കാന്‍ അണികളെ അഴിച്ചുവിട്ട ചേളാരിനേതൃത്വത്തെ തിരിച്ചറിയണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. സമുദായത്തിന്റെ നെഞ്ചില്‍ ചാരിയ ഗോവണി കയറിയ നേതാക്കള്‍ കാട്ടാളത്തം കാണിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ റാലിയില്‍ പ്രതിഷേധമുയര്‍ന്നു. സംഘടനാപരമായി എതിര്‍പക്ഷത്ത് നില്‍ക്കുന്നവരെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ക്കെതിരായി നടത്തിയ സമ്മേളനത്തിലെ ബഹുജനപങ്കാളിത്തം ചേളാരി സമസ്തക്കുള്ള മുന്നറിയിപ്പു കൂടിയായി. അക്രമസംഭവങ്ങളെ അപലപിക്കാന്‍ പോലും തയ്യാറാവാത്ത നേതൃത്വത്തിന്റെ പൊയ്മുഖം തുറന്നു കാണിക്കുന്നതായിരുന്നു സമ്മേളനം.
പ്രതിഷേധ റാലിക്ക് ശേഷം മുതലക്കുളം മൈതാനിയില്‍ നടന്ന പൊതുസമ്മേളനം സമസ്ത സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. തിരിച്ചടിക്കാതിരിക്കുന്നത് ഭീരുത്വമായി കാണരുതെന്നും ഇസ്‌ലാം പഠിപ്പിച്ച സമാധാനത്തിന്റെ പ്രചാരകരായത് കൊണ്ടാണ് ക്ഷമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകരെ കൊലപ്പെടുത്തി സംഘടനയേയും ആശയത്തേയും ഇല്ലാതാക്കാന്‍ കഴിയില്ല. സമസ്ത ട്രഷറര്‍ സയ്യിദ് അലി ബാഫഖി അധ്യക്ഷനായിരുന്നു. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, പി എ മുഹമ്മദ് കുഞ്ഞി സഖാഫി, കെ അബ്ദുല്‍കലാം, മജീദ് അരിയല്ലൂര്‍, വള്ള്യാട് മുഹമ്മദലി സഖാഫി പ്രസംഗിച്ചു.
സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി, വി എം കോയമാസ്റ്റര്‍, മജീദ് കക്കാട്, യഅ്ഖൂബ് ഫൈസി, പി വി അഹമ്മദ് കബീര്‍, അലവി സഖാഫി കായലം സംബന്ധിച്ചു. എസ് എസ് എഫ് ജില്ലാ സെക്രട്ടറി മുഹമ്മദലി കിനാലൂര്‍ സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ ഹാമിദലി സഖാഫി നന്ദിയും പറഞ്ഞു. സമ്മേളനത്തിന് തുടക്കം കുറിച്ച് സ്റ്റേഡിയം പരിസരത്ത് നിന്നാരംഭിച്ച റാലിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ എസ് എസ് എഫ് പ്രവര്‍ത്തകര്‍ അണിനിരന്നു. പുതിയ ബസ് സ്ന്റാന്‍ഡ്, മാവൂര്‍ റോഡ്, മാനാഞ്ചിറ വഴിയാണ് റാലി മുതലക്കുളത്ത് സമാപിച്ചത്. റാലിക്ക് എസ് എസ് എഫ് ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കി.