Connect with us

Kerala

വിഭാഗീയതക്കെതിരെ ആഹ്വാനവുമായി പ്ലീനത്തിന് സമാപനം

Published

|

Last Updated

പാലക്കാട്: വിഭാഗീയതക്കെതിരെ ശക്തമായ സന്ദേശവുമായി സി പി എം സംസ്ഥാന പ്ലീനം സമാപിച്ചു. പാര്‍ട്ടിയുടെ താഴേതലം തൊട്ട് ചര്‍ച്ച പൂര്‍ത്തിയാക്കിയ തെറ്റുതിരുത്തല്‍ രേഖക്ക് പ്ലീനം അന്തിമ അംഗീകാരം നല്‍കി. പാര്‍ട്ടി അംഗങ്ങളും നേതാക്കളും പാലിക്കേണ്ട കര്‍ശന പെരുമാറ്റച്ചട്ടങ്ങള്‍ അടങ്ങിയ രേഖയിലെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ പ്ലീനം ആഹ്വാനം നല്‍കി. വിഭാഗീയത വെച്ചുപൊറുപ്പിക്കുന്ന പ്രശ്‌നമില്ലെന്ന് പ്ലീനത്തില്‍ ഉയര്‍ന്നു വന്ന ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കവേ സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വി എസ് അച്യുതാനന്ദനെയോ മറ്റേതെങ്കിലും നേതാക്കളെയോ പേരെടുത്ത് പരാമര്‍ശിക്കാതെ പാര്‍ട്ടിയിലും പോഷക സംഘടനകളിലും കാണുന്ന തെറ്റായ പ്രവണതകള്‍ തുറന്നു കാണിച്ചായിരുന്നു പിണറായിയുടെ മറുപടി പ്രസംഗം. സംഘടനാപരമായ പാളിച്ചകള്‍ പരിഹരിച്ച് പാര്‍ട്ടിയെ ലോക്‌സഭാ തിരഞ്ഞടുപ്പിന് സജ്ജമാക്കും. ഇടക്കാല നിയമസഭാ തിരഞ്ഞടുപ്പ് വരികയാണെങ്കില്‍ അത് നേരിടാനും ഒരുങ്ങണമെന്ന സന്ദേശവും പിണറായി നല്‍കി.

ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ പ്രത്യേകം പഠിക്കും. ഇതിനായി കീഴ്ഘടകങ്ങള്‍ക്ക് പ്രത്യേക ചോദ്യാവലി നല്‍കുമെന്നും സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനാണ് തീരുമാനമെന്നും പിണറായി അറിയിച്ചു. ഒരു വര്‍ഷത്തിനകം പ്ലീനം മാര്‍ഗരേഖയിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കപ്പെടണം. തിരഞ്ഞെടുപ്പിന് മുമ്പ് സംഘടനാ തലത്തിലുള്ള പാളിച്ചകളും തകരാറുകളും പരിഹരിക്കണമെന്നും അതിനുള്ള നടപടികള്‍ ആരംഭിക്കണമെന്നുമുള്ള നിര്‍ദേശവും പിണറായി മുന്നോട്ടുവെച്ചു. പിണറായി വിജയന്‍ അവതരിപ്പിച്ച സംഘടനാ രേഖ പ്ലീനം അംഗീകരിച്ചു. സംഘടനാ പരിശോധനകളുടെ അടുത്ത ഘട്ടം അടുത്ത മാസം മുതല്‍ ആരംഭിക്കും.
ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ബ്രാഞ്ച് തലം വരെ യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനസജ്ജമാക്കും. കീഴ്ഘടകങ്ങളെ ചലനാത്മകമാക്കാനുള്ള നടപടികള്‍ മേല്‍ഘടകങ്ങള്‍ സ്വീകരിക്കണമെന്നും മറുപടി പ്രസംഗത്തില്‍ പിണറായി ആവശ്യപ്പെട്ടു. വ്യക്തികളെ കേന്ദ്രീകരിച്ച് വിമര്‍ശം നടത്താന്‍ മുതിരാത്ത പിണറായി, ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി സ്വരാജിന്റെ പേരെടുത്ത് പറഞ്ഞാണ് വിമര്‍ശിച്ചത്. പോഷക സംഘടനയായ ഡി വൈ എഫ് ഐയുടെ പ്രവര്‍ത്തനം കാര്യക്ഷമല്ലെന്നും പരാമര്‍ശമുണ്ടായി.
സോഷ്യല്‍ മീഡിയകളുടെ വളര്‍ച്ച യുവാക്കള്‍ സംഘടനയില്‍ വരുന്നതിന് വിമുഖത കാണിക്കുന്നതിനിടയാക്കുന്നുവെന്ന പരാമര്‍ശമാണ് പിണറായിയെ ചൊടിപ്പിച്ചത്. ഈ വാദം തള്ളിയ പിണറായി, സ്വരാജിനെ പേരെടുത്തു വിമര്‍ശിച്ചു. പ്രവര്‍ത്തന ശൈലി മാറ്റാന്‍ സംഘടന തയ്യാറല്ലെന്നാണ് സ്വരാജിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നതെന്ന് പിണറായി അഭിപ്രായപ്പെട്ടു. നിലവില്‍ പ്രതിസന്ധിയുണ്ടായിട്ടും പാര്‍ട്ടിക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല. കീഴ്ഘടകങ്ങളെ ചലിപ്പിക്കാന്‍ കഴിയാത്തതാണ് ഇന്നത്തെ സ്ഥിതിക്ക് കാരണമെന്നും പിണറായി സൂചിപ്പിച്ചു.
പതിനായിരങ്ങള്‍ പങ്കെടുത്ത പൊതു സമ്മേളനത്തോടെയാണ് പ്ലീനം സമാപിച്ചത്. പൊതു സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. പൊതു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നില്‍ക്കാതെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മടങ്ങിയിരുന്നു. കടുത്ത പനി ബാധിച്ചതിനാലാണ് വി എസ് മടങ്ങിയതെന്ന വിശദീകരണമാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്നത്.

Latest