Connect with us

Wayanad

നീലഗിരിയില്‍ ആദിവാസി സ്‌കൂളുകളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു

Published

|

Last Updated

ഗൂഡല്ലൂര്‍: സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന നീലഗിരി ജില്ലയിലെ ആദിവാസി സ്‌കൂളുകളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു. ലക്ഷങ്ങള്‍ മുടക്കിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ജി ടി ആര്‍ എന്ന പേരില്‍ തമിഴ്‌നാട്ടില്‍ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് മാത്രമായി സ്‌കൂളുകള്‍ നടത്തിവരുന്നത്.
എന്നാല്‍ ഇത്തരം സ്‌കൂളുകളില്‍ വളരെ കുറഞ്ഞ കുട്ടികള്‍ മാത്രമാണ് പഠനം നടത്തുന്നത്. കുറഞ്ഞ കുട്ടികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഭീമമായ തുകയാണ് ചെലവഴിക്കുന്നത്. പല സ്‌കൂളുകളിലും രജിസ്റ്ററില്‍ കൂടുതല്‍ കുട്ടികളുടെ പേരുകളുണ്ടാകുമെങ്കിലും എണ്ണത്തില്‍ നോക്കുമ്പോള്‍ കുറഞ്ഞ കുട്ടികള്‍ മാത്രമാണ് സ്‌കൂളുകളില്‍ ഉണ്ടാകാറുള്ളത്. പ്രസ്തുത സ്‌കൂളുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്.
കുട്ടികള്‍ക്ക് നല്‍കേണ്ട ഭക്ഷ്യവസ്തുക്കള്‍ കരിചന്ത വഴി പുറത്ത് വില്‍പ്പന നടത്തുന്നുണ്ടെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. അരി, പരിപ്പ്, കോഴിമുട്ട തുടങ്ങിയ സാധനങ്ങളാണ് പുറത്ത് വില്‍പ്പന നടത്തുന്നത്. ആവശ്യമായ മറ്റു സൗകര്യങ്ങളും ഇത്തരം സ്‌കൂളുകളിലില്ല. കെട്ടിടങ്ങളാണെങ്കില്‍ തകര്‍ച്ചാഭീഷണിയിലുമാണ്. കുട്ടികളുടെ പഠന നിലവാരവും വളരെ മോശമാണ്. ഇതിന്റെ കാരണക്കാര്‍ ജീവനക്കാര്‍ തന്നെയാണെന്നാണ് ആരോപപണം.
അവഗണന നേരിട്ട് കൊണ്ടിരിക്കുന്ന ആദിവാസി സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യംവെച്ച് നിരവധി സന്നദ്ധ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവര്‍ക്കൊന്നും വിദ്യാഭ്യാസ പ്രവര്‍ത്തനത്തെക്കുറിച്ചോ വിദ്യാലയങ്ങളെക്കുറിച്ചോ വേണ്ടപോലെ ശ്രദ്ധയില്ല. സ്‌കൂളിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാകലക്ടര്‍ ഉത്തരവിട്ടതിനെത്തുടര്‍ന്ന് പ്രത്യേക സമിതി സ്‌കൂളുകള്‍ സന്ദര്‍ശിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
പരിശോധനയില്‍ നാലുപേര്‍ക്കെതിരെ സമിതി നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്. നല്ല ഭക്ഷണം നല്‍കാത്തതിനെത്തുടര്‍ന്നും വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ താമസസൗകര്യം ഏര്‍പ്പെടുത്തികൊടുക്കാത്തതിനെത്തുടര്‍ന്നുമാണ് നടപടിക്ക് ശിപാര്‍ശ ചെയ്തിരിക്കുന്നത്.

Latest