ആണവ കേന്ദ്രത്തില്‍ പരിശോധനക്ക് ഇറാന്റെ അനുമതി

Posted on: November 28, 2013 11:30 pm | Last updated: November 28, 2013 at 11:30 pm

വിയന്ന: ജനീവയില്‍ അഞ്ച് യു എന്‍ സ്ഥിരാംഗങ്ങളും ജര്‍മനിയും അടങ്ങിയ സംഘവുമായി ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകള്‍ പാലിക്കുന്നതിനുള്ള നടപടികള്‍ ഇറാന്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി അടുത്ത മാസം എട്ടിന് അറാക്ക് ആണവ കേന്ദ്രത്തില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി സംഘത്തിന്റെ പരിശോധന അനുവദിക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ അധികൃതര്‍ യു എന്നിനെ അറിയിച്ചു. ആണവ നിലയങ്ങളില്‍ അതീവപ്രാധാന്യമുള്ള ഘന ജല നിര്‍മാണ യൂനിറ്റ് സ്ഥിതി ചെയ്യുന്നത് അറാക്കിലാണ്. ഇവിടെ നിഗൂഢമായ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെന്നായിരുന്നു പാശ്ചാത്യ ശക്തികള്‍ ആരോപിച്ചിരുന്നത്. ഇവിടെ ആണവായുധങ്ങള്‍ക്കായുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുവെന്നും ആരോപിക്കപ്പെട്ടിരുന്നു. അറാക്കിലെ ഘനജല റിയാക്ടറില്‍ ഉപയോഗിച്ച് കഴിഞ്ഞ ഇന്ധനത്തില്‍ നിന്ന് ആണവായുധ നിര്‍മാണത്തിന് ഉപയോഗിക്കാവുന്ന പ്ലൂട്ടോണിയം വികസിപ്പിച്ചെടുക്കുമെന്നായിരുന്നു പാശ്ചാത്യര്‍ പരത്തിയ ആശങ്ക.
അറാക്ക് നിലയം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു കൊണ്ടുള്ള ഇറാന്റെ സന്ദേശം ലഭിച്ചതായി ഐ ഇ എ മേധാവി യുയികാ അമാനോ പറഞ്ഞു. ആറ് മാസത്തേക്ക് റിയാക്ടര്‍ കമ്മീഷന്‍ ചെയ്യില്ലെന്ന് കരാറിന്റെ ഭാഗമായി ഇറാന്‍ സമ്മതിച്ചിരുന്നു. കൂടുതല്‍ ഇന്ധനം ഉത്പാദിപ്പിക്കുകയോ ഇന്ധനം പരീക്ഷിക്കുകയോ ചെയ്യില്ലെന്നും കരാറില്‍ പറയുന്നു.
അറാക്കില്‍ 2006 മുതല്‍ ഐ എ ഇ എ പരിശോധന നടന്നിരുന്നു. എന്നാല്‍ 2011ല്‍ ഇത് തടസ്സപ്പെട്ടു. പരിശോധന നിര്‍ത്തിവെച്ചതിന്റെ ഉത്തരവാദിത്വം ഏജന്‍സിക്ക് തന്നെയാണെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇത് ഉയര്‍ത്തിപ്പിടിച്ചാണ് അറാക്ക് നിലയത്തില്‍ ദുരൂഹത പ്രചരിപ്പിക്കുന്നത്. എന്നാല്‍ തങ്ങളുടെ ആണവ പരിപാടികള്‍ തികച്ചും സുതാര്യമാണെന്ന നിലപാടില്‍ ഇറാന്‍ ഉറച്ച് നില്‍ക്കുകയാണ്.
ഹസന്‍ റൂഹാനി പ്രസിഡന്റായി വന്ന ശേഷം മുന്നോട്ട് വെച്ച ചര്‍ച്ചാ നിര്‍ദേശങ്ങളുടെ തുടര്‍ച്ചയായി നടന്ന കൂടിയാലോചനകള്‍ക്കൊടുവിലാണ് ഇറാനും വന്‍ ആറ് രാഷ്ട്ര സംഘവും തമ്മില്‍ കരാറിലെത്തിയത്. കരാര്‍ പ്രകാരം ഇറാനെതിരെ അമേരിക്ക ചുമത്തിയ ഉപരോധങ്ങള്‍ ഇളവ് ചെയ്യും. പുതിയ ഉപരോധങ്ങള്‍ അടിച്ചേല്‍പ്പിക്കില്ല. ഇസ്‌റാഈല്‍ ഒഴിച്ചുള്ള രാജ്യങ്ങളെല്ലാം കരറിനെ സ്വാഗതം ചെയ്തിട്ടുണ്ട്. പുതിയ കരാര്‍ ഇറാനെ കൂടുതല്‍ അപകടകാരിയാക്കുമെന്നാണ് ഇസ്‌റാഈല്‍ വാദം. അതേസമയം ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട് ലോകരാജ്യങ്ങളുമായി ഉണ്ടാക്കിയ കരാര്‍ സംബന്ധിച്ച് യു എസ് പ്രസിഡന്റ് ബരാക് ഒബാമ , സഊദി രാജാവുമായി ചര്‍ച്ച നടത്തി. ആണവപദ്ധതി സംബന്ധിച്ച് അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്ക പരിഹരിക്കുന്നതിനുള്ള ക്രിയാത്മക നിര്‍ദേശങ്ങളാണ് കരാറിലെന്ന് ഒബാമ രാജാവിനെ ധരിപ്പിച്ചു.