വിദേശ മദ്യവുമായി യുവാവ് പിടിയില്‍

Posted on: November 28, 2013 8:18 am | Last updated: November 28, 2013 at 8:18 am

എടക്കര: ഓട്ടോയില്‍ വിദേശമദ്യം കടത്തുന്നതിനിടെ യുവാവിനെ പോലീസ് പിടികൂടി. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. മുണ്ടേരി സ്വദേശി പറമ്പന്‍ അബ്ദുല്‍ മുനീര്‍ (27) ആണ് പിടിയിലായത്. ഇയാളുടെ സുഹൃത്ത് തെക്കേത്തൊടി ഫൈസല്‍ എന്ന കുഞ്ഞുമണി(23)യാണ് ഓടി രക്ഷപ്പെട്ടത്.
23 ലിറ്റര്‍ വിദേശ മദ്യമാണ് ഓട്ടോയിലുണ്ടായിരുന്നത്. കഴിഞ്ഞദിവസം രാത്രി പതിനൊന്നരയോടെ നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന പോത്തുകല്ല് എസ് ഐ. കെ എസ് കൃഷ്ണന്‍കുട്ടിയും സംഘവുമാണ് രഹസ്യ വിവരത്തെത്തുടര്‍ന്ന് ഓട്ടോറിക്ഷ പിടികൂടിയത്. പ്രതി പോലീസുകാരെ ആക്രമിക്കാനും ശ്രമം നടത്തിയിരുന്നു. നാലു ചക്ര ഓട്ടോയില്‍ നിര്‍മിച്ച രഹസ്യ അറയിലായിരുന്നു വിദേശമദ്യം ഒളിപ്പിച്ചിരുന്നത്. ഈ ഓട്ടോയില്‍ വിദേശമദ്യം കടത്തുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് മൂന്ന് തവണ പോലീസ് പരിശോധന നടത്തിയിരുന്നെങ്കിലും മദ്യം കണ്ടെത്താനായിരുന്നില്ല. അപ്പന്‍ കാപ്പ് കോളനിയില്‍ വില്‍പ്പന നടത്തുന്നതിന് വേണ്ടിയാണ് എടക്കരയിലെ വിദേശമദ്യ ഷാപ്പില്‍ നിന്നും ഓട്ടോയില്‍ അനധികൃതമായി മദ്യം കൊണ്ടുപോയിരുന്നത്. എസ് ഐയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ മേലെ മുണ്ടേരി മദ്യനിരോധന മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ കെ ഐ യാക്കോബ്, സിവില്‍ പോലീസ് ഓഫീസര്‍ ഹര്‍ഷാദ്, ഹോംഗാര്‍ഡ് രാജേന്ദ്രന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.