Connect with us

Palakkad

പ്ലീനം നടത്തിയതുകൊണ്ട് സി പി എം വിഭാഗീയത അവസാനിക്കില്ലെന്ന് വിമതരുടെ മുന്നറിയിപ്പ്‌

Published

|

Last Updated

പാലക്കാട്: പാര്‍ട്ടി പ്ലീനം നടത്തിയതുകൊണ്ടൊന്നും സി പി എമ്മിനുള്ളിലെ വിഭാഗീയ പ്രശ്‌നങ്ങള്‍ അവസാനിക്കില്ലെന്നും പാര്‍ട്ടി ഐക്യം പുനഃസ്ഥാപിക്കപ്പെടില്ലെന്നും വിമതര്‍.
ബാഹ്യമായ പ്രശ്‌നങ്ങള്‍ മാത്രം പരിഹരിക്കപ്പെട്ടുവെങ്കിലും ആന്തരികമായി എല്ലാം പഴയ സ്ഥിതിയില്‍ തന്നെയാണെന്നും സി പി എമ്മിനെ സ്‌നേഹിക്കുന്ന നല്ലൊരു ശതമാനം പ്രവര്‍ത്തകരും അനുഭാവികളും പാര്‍ട്ടി വര്‍ഗ ബഹുജന സംഘടനാനേതാക്കളും ഇപ്പോഴും മുറിവേറ്റ മനസുമായി മാറി നില്‍ക്കുകയോ നിര്‍ത്തപ്പെടുകയോ ആണെന്ന യാഥാര്‍ഥ്യം പ്ലീനം നടത്തുന്നവര്‍ വിസ്മരിക്കുകയാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
നേതാക്കള്‍ വേദി പങ്കിട്ടതുകൊണ്ടോ ഒരുമിച്ച് മുഷ്ടിചുരുട്ടി ആകാശത്തിന്റെ മൂക്കിടിച്ച് പരത്തിയതുകൊണ്ടോ വിഭാഗീയത അവസാനിച്ചുവെന്നും പാര്‍ട്ടി ഐക്യം പുനഃസ്ഥാപിക്കപ്പെട്ടുവെന്നും കരുതുന്ന നേതൃത്വം തെറ്റുകളില്‍നിന്നും കുറ്റങ്ങളിലേക്ക് വഴി നടത്തപ്പെടുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
നേതാക്കളുടെ വഴിവിട്ട ബന്ധങ്ങളെയും കമ്യൂണിസ്റ്റ് രീതിക്ക് നിരക്കാത്ത ജീവിതരീതികളെയും ചൂണ്ടിക്കാണിക്കുകയും ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ പേരില്‍ വിമര്‍ശിക്കുകയും ചെയ്യുന്നവരെ പിന്തിരിപ്പനെന്നും വിമതരെന്നും മുദ്രകുത്തി പടിയടച്ചു പിണ്ഡം വയ്ക്കുന്ന സ്വന്തം നിഴല്‍മാത്രം കൂടെയുള്ള നേതാക്കളുടെ കോക്കസ് തിരിച്ചറിയണമെന്നും യഥാര്‍ഥ പാര്‍ട്ടി സ്‌നേഹികളായവര്‍ പ്ലീനവുമായി ബന്ധപ്പെട്ട് മനസു തുറക്കുന്നു.
ഇവര്‍ക്കാര്‍ക്കും വി എസിനോടോ പിണറായിയോടെ പ്രത്യേക മമതയോ താത്പര്യമോ ഇല്ല. വ്യക്തിവൈരാഗ്യങ്ങള്‍ തങ്ങളെ അത്തരത്തില്‍ വി എസ് പക്ഷക്കാരായും വിമതന്മാരായും ചാപ്പകുത്തുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു.
ഗുരുതര സംഘടനാപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്തു പരിഹരിക്കാനെന്ന പേരില്‍ നടക്കുന്ന ത്രിദിന പ്ലീനം വഴി പാര്‍ട്ടിയുടെ ഇരുമ്പുമറ തകര്‍ന്നുവെന്നും ഗുരുതര വീഴ്ചകളും പരിക്കും കേരളത്തില്‍ പാര്‍ട്ടിക്ക് നേരിട്ടുവെന്നും സി പി എം തുറന്നു സമ്മതിക്കുന്നു. ഇതൊരു കുമ്പസാരം കൂടിയാണ്. കുമ്പസാര രഹസ്യം പുറത്തുപറയരുതെന്നാണ്.
എന്നാല്‍ പ്ലീനമെന്ന കുമ്പസാരക്കൂടില്‍ നടക്കുന്നതെല്ലാം തത്സമയം ഇരുമ്പുമറ വിപ്ലവ പാര്‍ട്ടിക്കാര്‍ ചാനല്‍ വഴി പുറത്തെത്തിക്കും. ഗുരുതര സംഘടനാ ദൗര്‍ലഭ്യങ്ങള്‍ ചര്‍ച്ചചെയ്യാനും പരിഹാരം കാണാനും ലക്ഷങ്ങള്‍ തുലച്ച് പ്ലീനം നടത്തി രാശിപലകയില്‍ തെളിയുന്ന കാര്യങ്ങള്‍ മുമ്പേ കൂട്ടി തന്നെ എല്ലാവര്‍ക്കും അറിവുള്ളതാണെന്നും പാര്‍ട്ടി ബന്ധുക്കളും അനുഭാവികളും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും യുവാക്കളും സി പി എമ്മില്‍നിന്നും അകന്നുവെന്നും ജനകീയാടിത്തറയ്ക്ക് നേതാക്കളുടെ ചില പ്രവൃത്തികള്‍ വിള്ളല്‍ വീഴ്ത്തിയെന്നും ഇതു തിരിച്ചുപിടിക്കണമെന്നുമാകും പ്രകാശ് കാരാട്ടും എസ് ആര്‍ പിയും യച്ചൂരിയും അടങ്ങുന്നവര്‍ താംബൂല പ്ലീന പ്രശ്‌നത്തില്‍ കണ്ടെത്തുകയെന്നും മുന്‍കൂട്ടി തന്നെ സിപിഎമ്മിന്റെ ആദ്യകാല നേതാക്കളും ഇപ്പോള്‍ പാര്‍ട്ടിനേതാക്കള്‍ക്ക് അനഭിമതരുമായവര്‍ ചൂണ്ടിക്കാണിക്കുന്നു.

Latest