Connect with us

National

'ലെഹാര്‍' ഇന്ന് ആന്ധ്രയില്‍ അടിച്ചുവീശും

Published

|

Last Updated

ഹൈദരാബാദ്: വന്‍ നാശനഷ്ടത്തിന് കാരണമാകുമെന്ന് പ്രവചിക്കപ്പെട്ട ലെഹാര്‍ കൊടുങ്കാറ്റ് ഇന്ന് ആന്ധ്രാ പ്രദേശിന്റെ തീരമേഖലകളില്‍ അടിച്ചുവീശും. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് കാറ്റ് ഇന്നലെ ആന്ധ്രയിലേക്ക് നീങ്ങി. ഇന്ന് ഉച്ചയോടെ മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടക്ക് കാറ്റ് ആന്ധ്രാ തീരം മുറിച്ചുകടക്കും.
ഇന്നലെ വൈകുന്നേരം മുതല്‍ ആന്ധ്രയുടെ വിവിധ ഭാഗങ്ങളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ ബുള്ളറ്റിനെ ഉദ്ധരിച്ച് ദുരന്ത നിവാരണ കമ്മീഷണര്‍ സി പാര്‍ഥസാരഥി അറിയിച്ചു. ഇന്ന് ഉച്ചയോടെ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകും. മണിക്കൂറില്‍ 45- 55 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റ് തീരദേശ ജില്ലകളായ ഗുണ്ടൂര്‍, കൃഷ്ണ, ഈസ്റ്റ്- വെസ്റ്റ് ഗോദാവരി, വിശാഖപട്ടണം ജില്ലകളില്‍ മണിക്കൂറില്‍ 170 വരെ കിലോമീറ്റര്‍ വേഗം കൈവരിക്കും. വിജയനഗരം, പ്രകാശം ജില്ലകളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 100 മുതല്‍ 110 വരെ കിലോമീറ്ററായിരിക്കും.
ഗുണ്ടൂര്‍, കൃഷ്ണ, ഈസ്റ്റ്- വെസ്റ്റ് ഗോദാവരി, വിശാഖപട്ടണം, വിജയനഗരം, ശ്രീകാകുളം ജില്ലകളിലെ 2.5 ലക്ഷം ജനങ്ങളെ ഒഴിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നൂറ് പേരടങ്ങുന്ന നാല് കോളം സൈന്യത്തെ അയക്കാന്‍ ചീഫ് സെക്രട്ടറി പി കെ മൊഹന്തി കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. എലുരു, കാകിനാഡ, രാജമുന്ധ്രി, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് സൈന്യത്തെ വിന്യസിക്കുക. കൃഷി, വീടുകള്‍, വാര്‍ത്താ വിനിമയം, വൈദ്യുതി, റോഡ്, റെയില്‍ ഗതാഗതം എന്നിവക്ക് കനത്ത നാശനഷ്ടമുണ്ടാകും. ആന്ധ്ര സെക്രട്ടേറിയറ്റില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ചെന്നൈ, ഭുവനേശ്വര്‍, പൂണെ എന്നിവിടങ്ങളില്‍ നിന്ന് ദേശീയ ദുരന്തനിവാരണ സൈന്യത്തിന്റെ 30 സംഘങ്ങള്‍ എത്തിയിട്ടുണ്ട്. ഇവരെ വിന്യസിക്കാന്‍ ഡല്‍ഹിയിലെ ദേശീയ ദുരന്തനിവാരണ സേനയുടെ ഡി ഐ ജിയെ ചുമതലപ്പെടുത്തി. ദക്ഷിണ ആന്‍ഡമാന്‍ സമുദ്രത്തിലുണ്ടായ അതിശക്തമായ മര്‍ദമാണ് ലെഹാര്‍ കൊടുങ്കാറ്റായി രൂപാന്തരപ്പെട്ടത്.