സെക്‌സ് റാക്കറ്റ് കേസ് ഒതുക്കാന്‍ ഉന്നതതല ഗൂഢാലോചന: കോടിയേരി

Posted on: November 27, 2013 8:06 am | Last updated: November 27, 2013 at 8:06 am

പേരാമ്പ്ര: പന്തിരിക്കര സെക്‌സ് റാക്കറ്റ് കേസിലെ പ്രതികളെ സംരക്ഷിക്കുന്നതിന് ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ വനിതാ ഉന്നത ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് കേസന്വേഷണം നടത്തണമെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. പന്തിരിക്കര സെക്‌സ് റാക്കറ്റിന്റെ വലയിലകപ്പെട്ട് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.
ദാരിദ്ര്യം മൂലമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പ്രചരിപ്പിക്കുകയും ഇരയുടെ കുടുംബത്തിന്റെ ദുരതാവസ്ഥ മാറ്റുന്നതിന്റെ ഭാഗമായി വീട് വെച്ച് നല്‍കുമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തവര്‍ ഇപ്പോള്‍ എവിടെ പോയെന്നും കോടിയേരി ചോദിച്ചു. കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്നും മുന്‍ സര്‍ക്കാര്‍ ഇത്തരം കേസുകളില്‍ പത്ത് ലക്ഷം വരെയുള്ള സഹായങ്ങള്‍ ചെയ്തിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.
സി പി എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍, എ കെ പത്മനാഭന്‍, എ കെ ബാലന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.