ഡ്രോണ്‍: പാക്കിസ്ഥാനില്‍ പ്രക്ഷോഭകര്‍ നാറ്റോ റൂട്ട് ഉപരോധിച്ചു

Posted on: November 27, 2013 12:51 am | Last updated: November 26, 2013 at 11:53 pm
_71343123_71343118
അഫ്ഗാനിസ്ഥാനിലേക്കുള്ള നാറ്റോ പാത ഉപരോധിക്കുന്ന പ്രക്ഷോഭകര്‍

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ പ്രക്ഷോഭകര്‍ നാറ്റോ റൂട്ട് തടഞ്ഞു. യു എസ് ഡ്രോണ്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് അഫ്ഗാനിലെ നാറ്റോ സേനക്ക് ആയുധങ്ങളും മറ്റുവസ്തുക്കളും കൈമാറുന്ന പ്രധാന പാത ഉപരോധിച്ചത്. വടക്ക് പടിഞ്ഞാറ് ഭാഗത്ത് അമേരിക്ക നടത്തുന്ന ഡ്രോണ്‍ ആക്രമണം നിര്‍ത്തുന്നതുവരെ പാതയില്‍ ഗതാഗതം തടയുമെന്ന് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാവ് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
സാധാരണക്കാര്‍ മരിക്കാനിടയാകുന്ന ആക്രമണത്തെ അദ്ദേഹം ശക്തമായി അപലപിച്ചു. താലിബാനുമായി സര്‍ക്കാര്‍ സമാധാന ചര്‍ച്ച നടത്തുന്നതിന് ഒരു ദിവസം മുമ്പ് പാക് താലിബാന്‍ നേതാവ് ഹകീമുല്ല മെഹ്‌സൂദിനെ ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തതിന് പിന്നാലെയാണ് സമരവുമായി ഇമ്രാന്‍ ഖാന്‍ രംഗത്ത് വന്നത്.
സമാധാനം പുലരാന്‍ അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. ഖൈബര്‍ പക്തൂന്‍ഖ്വ പ്രവിശ്യയിലാണ് പാത ഉപരോധിച്ചത്. രണ്ട് പാതയിലൂടെയാണ് അഫ്ഗാനിലേക്ക് സൈനിക വസ്തുക്കള്‍ എത്തിക്കുന്നത്. ഇതില്‍ ബലൂചിസ്ഥാന്‍ പാത സമരക്കാര്‍ ഉപരോധിക്കുന്നില്ല.