ജീവിക്കുന്ന രക്തസാക്ഷി

Posted on: November 27, 2013 6:00 am | Last updated: November 26, 2013 at 10:33 pm

അബ്ദുന്നാസിര്‍ മഅ്ദനിയോടുള്ള ക്രൂരത കര്‍ണാടക സര്‍ക്കാര്‍ തുടരുകയാണ്. വിവിധ രോഗങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന മഅ്ദനിയെ വിദഗ്ധ ചികിത്സക്കായി മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റണമെന്നും ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും ഈ മാസം 18ന് സുപ്രീം കോടതി ഉത്തരവ് നല്‍കിയിരുന്നെങ്കിലും ഇതുവരെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടില്ല. കോടതി ഉത്തരവ് ലഭിക്കാത്തതാണ് തടസ്സമെന്ന് ജയില്‍ അധികൃതര്‍ പറയുമ്പോള്‍, അധികൃതരുടെ മനഃപൂര്‍വമുള്ള നിസ്സംഗതയുടെ ഭാഗമാണിതെന്നാണ് മഅ്ദനിയുടെ അഭിഭാഷകന്‍ കുറ്റപ്പെടുത്തുന്നത്.
മഅ്ദനിയെ ജീവിതകാലം മുഴുക്കെ തടവറയിലിടാനാണ് അധികൃതരുടെ തീരുമാനമെന്നാണ് അദ്ദേഹം സമര്‍പ്പിക്കുന്ന ജാമ്യാപേക്ഷകളോടുള്ള സര്‍ക്കാറിന്റെ നിലപാടും ജയില്‍ ചികിത്സയിലെ അലംഭാവവും കാണിക്കുന്നത്. ഒന്നര പതിറ്റാണ്ടോളമായി വിചാരണാ തടവുകാരനായി തടവില്‍ കഴിയുകയാണ് മഅ്ദനി. 1998 ഫെബ്രുവരി 14ന് നടന്ന കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ത്തു കോയമ്പത്തൂര്‍ ജയിലിടച്ച അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ട് ഒമ്പതര വര്‍ഷത്തിന് ശേഷം കോടതി വിട്ടയച്ചപ്പോള്‍ ഏറെത്താമസിയാതെ 2008 ജൂലൈ 25 ലെ ബംഗളൂരു സ്‌ഫോടക്കേസില്‍ പ്രതി ചേര്‍ത്തു കര്‍ണാടക സര്‍ക്കാര്‍ പരപ്പന അഗ്രഹാര ജയിലിലടച്ചു. അറസ്റ്റ് കഴിഞ്ഞു മൂന്ന് വര്‍ഷമായിട്ടും കേസിന്റെ വിചാരണ തുടങ്ങിയിട്ടില്ല. കര്‍ണാടക ബി ജെ പി ഭരണത്തിലായിരുന്നപ്പോഴാണ് മഅ്ദനിയുടെ അറസ്റ്റ്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഭരണം മാറി കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതോട മഅ്ദനിയുടെ ജാമ്യത്തിന് വഴിതെളിയുമെന്നും വിദഗ്ധ ചികിത്സ ലഭിക്കുമെന്നും പ്രതീക്ഷിച്ചിരുന്നെങ്കിലും ബി ജെ പി സര്‍ക്കാറിന്റെ നിഷേധാത്മക നയമാണ് അദ്ദേഹത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറും അനുവര്‍ത്തിക്കുന്നത്. കഴിഞ്ഞ വാരം കോടതി മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ മഅ്ദനിയുടെ 57 കേസുകളില്‍ പ്രതിയായതിനാല്‍ ജാമ്യം നല്‍കരുതെന്നും കാഴ്ചാ പ്രശ്‌നങ്ങളുള്‍പ്പെടെ അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ബോധിപ്പിച്ച് ജാമ്യത്തിനുള്ള അവസരം സര്‍ക്കാര്‍ നഷ്ടപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന വിദഗ്ധ ഡോക്ടരമാരുടെ പരിശോധനാ റിപ്പോര്‍ട്ടുകള്‍ക്കു നേരെ സര്‍ക്കാര്‍ കണ്ണടക്കുകയാണ്.
സ്‌ഫോടനക്കേസില്‍ പ്രതിയാണെങ്കില്‍ മഅ്ദനി ശിക്ഷിക്കപ്പെടുക തന്നെ വേണം. എന്നാല്‍ ഒരു തടവുകാരന് ഭരണ കൂടം നല്‍കുന്ന പരിഗണനക്ക് അദ്ദേഹവും അര്‍ഹനല്ലേ? അതനുവദിക്കുന്നതില്‍ മഅ്ദനിയുടെ കാര്യത്തില്‍ മാത്രമെന്തിന് വിമുഖത? വിചാരണാ തടവുകാരനെ ചികിത്സിക്കേണ്ടത് ഭരണകൂടമാണെന്ന് കോടതി പറയുമ്പോള്‍, സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സയല്ലാതെ രോഗത്തിന്റെ ഗുരുതരാവസ്ഥക്കനുസൃതമായ വിദഗ്ധ ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുന്നു. സ്വന്തം ചെലവില്‍ വിദഗ്ധ ചികിത്സക്കുള്ള ശ്രമം പോലും ഓരോരോ കാരണങ്ങള്‍ പറഞ്ഞു തടസ്സപ്പെടുത്തുന്നു. ഇപ്പോള്‍ മഅ്ദനിയുടെ കാര്യത്തില്‍ പ്രത്യേകമായി തന്നെ സ്വകാര്യ ആശുപത്രിയിലെ വിദഗ്ധ ചികിത്സക്ക് രാജ്യത്തെ പരമോന്നത നീതിപീഠം നിര്‍ദേശം നല്‍കിയിട്ടും അത് നിഷേധിക്കുന്ന തരത്തിലുള്ള സമീപനമാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് കാണുന്നത്.
മഅ്ദനിയുടെ പേരിലുള്ളതിനേക്കാള്‍ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തപ്പെട്ടവര്‍ക്ക് രാജ്യത്ത് ജാമ്യം ലഭിക്കുമ്പോള്‍ അദ്ദേഹത്തിന് ജാമ്യം നല്‍കിക്കൂടെന്ന നിര്‍ബന്ധ ബുദ്ധിയാണ് അധികൃതര്‍ക്ക്. വിവിധ രോഗങ്ങള്‍ക്കടിപ്പെട്ടു തീരെ അവശനായി മരിച്ചതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന പരുവത്തിലെത്തിയ അദ്ദേഹത്തെ വിട്ടയച്ചാല്‍ ഭീകര, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തി രാജ്യം ചാമ്പലാക്കുമെന്ന് ദ്യോതിപ്പിക്കുന്ന വിധം എതിര്‍സത്യവാങ്മൂലം നല്‍കി കോണ്‍ഗ്രസ് സര്‍ക്കാറും ജാമ്യാപേക്ഷയെ എതിര്‍ക്കുന്നതിലെ ചേതോവികാരമാണ് മനസ്സിലാകാത്തത്. ഹിന്ദുത്വ ഭീകരയോട് ചേര്‍ന്നു മാധ്യമ ലോകവും വലതെന്നോ ഇടതെന്നോ സമുദായ പാര്‍ട്ടിയെന്നോ വ്യത്യാസല്ലാതെ രാഷട്രീയ കക്ഷികളും വേട്ടയാടിയ മഅ്ദനിക്കനുകൂലമായി വാദിക്കുകയോ മൊഴി നല്‍കുകയോ ചെയ്താല്‍ മതേതരത്വത്തില്‍ നിന്ന് പുറംചാടിപ്പോകുമോ എന്നൊരു ഭയാശങ്ക മതേതര നേതാക്കളെയടക്കം പിടികൂടിയതിന്റെ പരിണതിയാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഹിന്ദുത്വയുടെ വര്‍ഗീയഭ്രാന്തിനെ ചോദ്യം ചെയ്യുന്നവരെയും അതിനെതിരെ പ്രതികരിക്കുന്നവരെയും ഭീകരവാദിയും രാജ്യദ്രോഹിയുമാക്കുന്ന ഫാസിസ്റ്റ് തന്ത്രത്തില്‍ മതേതര ഭരണകൂടങ്ങള്‍ അകപ്പെടുന്നത് ആശങ്കാജനകമാണ്. ജീവിക്കുന്ന രക്തസാക്ഷിയായി മാറിയ അബ്ദുന്നാസര്‍ മഅ്ദനിക്ക് ചികിത്സ നിഷേധിച്ചും മാനസികമായും ശാരീരികമായും പീഡിപ്പിച്ചും ഇഞ്ചിഞ്ചായി കൊല്ലുന്ന പ്രവണതക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സംഘടനകളുടെയും ശബ്ദം ഉയരേണ്ടിയിരിക്കുന്നു.