അര ലക്ഷം നെറ്റ്വര്‍ക്കുകള്‍ യു എസ് മാല്‍വെയര്‍ ആക്രമണത്തില്‍ തകര്‍ന്നു

Posted on: November 26, 2013 10:05 pm | Last updated: November 26, 2013 at 10:05 pm

MALWAREന്യൂയോര്‍ക്ക്: അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി ലോകമെമ്പാടും അര ലക്ഷം നെറ്റ് വര്‍ക്കുകള്‍ മാല്‍വെയറുകള്‍ കടത്തിവിട്ട് ആക്രമിച്ചതായി റിപ്പോര്‍ട്ട്. ഡച്ച് പത്രമായ എന്‍ ആര്‍ സിയാണ് സുരക്ഷാ ഏജന്‍സിയുടെ ഓണ്‍ലൈന്‍ ആക്രമണ വാര്‍ത്ത പുറത്തുവിട്ടത്. മുന്‍ ദേശീയ സുരക്ഷാ ഏജന്‍സി കോണ്‍ട്രാക്ടര്‍ എഡ്വേര്‍ഡ് സ്‌നേഡന്‍ പുറത്തുവിട്ട രഹസ്യ വിവരങ്ങളിലാണ് മാല്‍വെയര്‍ ആക്രമണത്തിന്റെ വിവരങ്ങളുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2008ല്‍ 20,000 നെറ്റ് വര്‍ക്കുകളില്‍ മാല്‍വെയര്‍ പ്രോഗ്രാമുകള്‍ കടത്തിവിട്ടിട്ടുണ്ട്. റോം, ബെര്‍ലിന്‍, പ്രിസ്റ്റീന, കിന്‍ഷാഷ, റാണ്‍ഗൂണ്‍ തുടങ്ങിയയിടങ്ങളില്‍ ആക്രമണം നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘സ്ലീപ്പര്‍ ‘ മോഡില്‍ നിന്ന് ഒറ്റ ക്ലിക്കിലൂടെ പ്രവര്‍ത്തനക്ഷമമാക്കാവുന്ന ദുഷ്ടപ്രോഗ്രാമാണ് അമേരിക്ക ഉപയോഗിച്ചത്.

അതേസമയം, ഇതു സംബന്ധമായ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ ദേശീയ സുരക്ഷാ ഏജന്‍സി തയ്യാറായില്ലെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു.