ഗള്‍ഫ് സിറാജ് യു എ ഇ ദേശീയ ദിനാഘോഷം 29ന്

Posted on: November 26, 2013 5:42 pm | Last updated: November 27, 2013 at 12:02 am

press meet

ദുബൈ: യു എ ഇയുടെ 42 ാം ദേശീയദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ സിറാജ് ദിനപത്രം ആഘോഷിക്കും. ഐ സി എഫ്. യു എ ഇ യുടെയും അബുദാബി ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ കള്‍ച്ചറല്‍ സെന്ററിന്റെയും സഹകരണത്തോടെയാണ് സിറാജ് യു എ ഇ ദേശീയദിനം ആഘോഷിക്കുന്നത്.
നവംബര്‍ 29 വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ അബുദാബി നാഷനല്‍ തീയേറ്ററിലാണ് ആഘോഷ പരിപാടികള്‍. യു എ ഇ സാമൂഹിക-യുവജനക്ഷേമ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, ഇന്ത്യന്‍ ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ റഹ്മാന്‍ ഖാന്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും സിറാജ് ചെയര്‍മാനുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, എം കെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പത്മശ്രീ എം എ യൂസുഫലി, കര്‍ണാടക ആരോഗ്യ മന്ത്രി യു ടി ഖാദര്‍, അറബ് പ്രമുഖര്‍, അബുദാബി പോലീസ്, നീതിന്യായ വകുപ്പ്, നഗരസഭ തുടങ്ങിയ വിവിധ വകുപ്പ് മേധാവികള്‍, വാണിജ്യ പ്രമുഖര്‍ സാംസ്‌കാരികരംഗത്തെ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.

42 വര്‍ഷം പൂര്‍ത്തിയാക്കുന്ന യു എ ഇ, വിദേശീ സമൂഹങ്ങളോടു കാണിക്കുന്ന സ്‌നേഹത്തിനും മമതക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. വിദേശികളില്‍ ഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ സമൂഹത്തോട് വളരെ അനുകമ്പയോടുള്ള സമീപനമാണ് യു എ ഇ സ്വീകരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക-വാണിജ്യ നിയമം പൂര്‍വോപരി ശക്തിപ്പെട്ടുവരികയാണ്. യു എ ഇ ഇന്ത്യന്‍ സമൂഹത്തിന്റെ, രാജ്യത്തോടുള്ള പ്രതിബദ്ധത പ്രഖ്യാപിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ സംഘടിപ്പിച്ച ദേശീയദിനാഘോഷം വന്‍ ജനാവലിയുടെയും പ്രമുഖരുടെയും സാന്നിധ്യം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യു എ ഇയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ഏറ്റവും വലിയ ആഘോഷ പരിപാടി എന്ന രീതിയില്‍ സമ്മേളനം മാറ്റാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. പരിപാടിയുടെ വിജയത്തിന് കുറ്റൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജി (ബനിയാസ് സ്‌പൈക്) ചെയര്‍മാനും ഡോ. മുഹമ്മദ് ഖാസിം കണ്‍വീനറും ഡോ. ശബീര്‍ നെല്ലിക്കോട് ട്രഷററുമായ കമ്മിറ്റിയാണ് നേതൃത്വം നല്‍കുന്നത്.