പൊതുവിദ്യാലയങ്ങളുടെ അക്കാദമിക് നിലവാരം ഉയര്‍ത്താന്‍ അധ്യാപക കൂട്ടായ്മ

Posted on: November 26, 2013 11:12 am | Last updated: November 26, 2013 at 11:12 am

വടകര: പൊതുവിദ്യാലയങ്ങളുടെ അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനും സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികളെ സജ്ജരാക്കുന്നതിനുമായി വടകര ഉപജില്ലയിലെ എട്ട് ക്ലസ്റ്റര്‍ കേന്ദ്രങ്ങളില്‍ അധ്യാപക കൂട്ടായ്മ നടത്തി.
വിദ്യാര്‍ഥികളെ ഒറ്റ യൂനിറ്റായി കണ്ട് പൊതുവിദ്യാലയങ്ങളുടെ കാര്യക്ഷമതയും അക്കാദമിക് മികവും ഉയര്‍ത്തുന്നതിനുള്ള ഇത്തരം കൂട്ടായ്മകള്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കുമെന്ന ലക്ഷ്യപ്രാപ്തിയിലേക്കുള്ള ആദ്യ ചുവടുവെപ്പാണ്.
ഓരോ ക്ലസ്റ്റര്‍ കേന്ദ്രങ്ങളിലും പ്രത്യേക മൊഡ്യൂള്‍ നിര്‍മാണവും എല്‍ എസ് എസ് പരീക്ഷക്കായുള്ള മാതൃകാ ചോദ്യപേപ്പറും നിര്‍മിക്കാനും എല്‍ എസ് എസ് പരീക്ഷക്കിരിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം തിട്ടപ്പെടുത്തി പരിശീലന കേന്ദ്രങ്ങള്‍ നിശ്ചയിച്ച് ഡിവിഷനുകള്‍ കൈകാര്യം ചെയ്യുന്നതിന് പരിശീലകരെ കണ്ടെത്തുന്നതിനും അധ്യാപക കൂട്ടായ്മകള്‍ സഹായകമായി. ഇതിന്റെ തുടര്‍പ്രവര്‍ത്തനമെന്ന നിലയില്‍ ഉപജില്ല റിസോഴ്‌സ് വിംഗിന്റെ നേതൃത്വത്തിലുള്ള ക്ലസ്റ്റര്‍തല പരിശീലനം നവംബര്‍ 30, ഡിസംബര്‍ ഏഴ് തീയതികളില്‍ നടക്കും.
ഡിസംബര്‍ 14ന് ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ മാതൃകാപരീക്ഷ നടത്തി എല്‍ എസ് എസ് സാധ്യതാ പട്ടിക പ്രസിദ്ധപ്പെടുത്തും. സാധ്യതാ പട്ടികയില്‍ വന്ന വിദ്യാര്‍ഥികള്‍ക്ക് വിദഗ്ധരെ ഉപയോഗിച്ച് തുടര്‍പരിശീലനങ്ങളും നല്‍കും.