Connect with us

Sports

ശ്രീനിത്തില്‍ നിന്ന് അനന്തുവിലെത്തിയ ഉള്‍ക്കാഴ്ച്ച

Published

|

Last Updated

കൊച്ചി: ഹൈജമ്പ് പിറ്റില്‍ ദേശീയ താരം ശ്രീനിത്ത് മോഹന്‍ 2.10മീറ്റര്‍ ദൂരം താണ്ടി ദേശീയ റെക്കോര്‍ഡിനൊപ്പമെത്തുന്ന പ്രകടനം നടത്തി അടുത്ത ചാട്ടത്തിനുള്ള ഒരുക്കത്തിലായിരുന്നു. ആ റെക്കോര്‍ഡ് മറികടക്കുകയെന്ന ലക്ഷ്യത്തിലേക്ക് ശ്രീനിത്തിന് താണ്ടേണ്ടത് 2.12 മീറ്റര്‍. എന്നാല്‍ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട് ശ്രീനിത്ത് നിരാശപ്പെട്ടിരിക്കുമ്പോഴാണ് സി എം നെല്‍സന്‍ കാണികള്‍ക്കിടയില്‍ നിന്ന് ട്രാക്കില്‍, മാധ്യമ പ്രവര്‍ത്തകരാല്‍ വളയപ്പെട്ട ശ്രീനിത്തിന് സമീപത്തേക്കെത്തിയത്. നെല്‍സനെ കണ്ടതോടെ ശ്രീനിത്തിന്റെ നിരാശ സന്തോഷത്തിലേക്ക് വഴിമാറി. ദേശീയ റെക്കോര്‍ഡ് മറികടക്കാനും തന്റെ തന്നെ മീറ്റ് റെക്കോര്‍ഡ് തിരുത്താനും സാധിച്ചില്ലെങ്കിലും സുവര്‍ണ നേട്ടം സ്വന്തമാക്കാനായതിന്റെ നേരിയ ആശ്വാസം അപ്പോഴേക്കും ശ്രീനിത്തിന് തിരിച്ചു കിട്ടുകയും ചെയ്തു.
പണ്ട് ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന ശ്രീനിത്തിനെ ഇന്നത്തെ തിളക്കമുള്ള താരമാക്കി മാറ്റിയത് നെല്‍സണെന്ന കായികാധ്യാപകന്റെ ക്രാന്ത ദര്‍ശിത്വമാണ്.
ഓടാന്‍ ഉത്സാഹം കാണിച്ച കുട്ടിയുടെ വലിപ്പം കണ്ട് അദ്ദേഹമാണ് ശ്രീനിത്തിനെ ഹൈജമ്പിന്റെ ഉയരങ്ങളിലേക്ക് പറക്കാന്‍ ഉപദേശിച്ചത്. ആ ഉള്‍ക്കാഴ്ച്ച ഇന്ന് ഇന്ത്യക്ക് ഒരു മിന്നും താരത്തെ സമ്മാനിച്ചിരിക്കുകയാണ്. ഗുരുവായൂര്‍ സ്വദേശിയായ നെല്‍സണ്‍ 22 കൊല്ലമായി ശ്രീകൃഷ്ണ സ്‌കൂളിലെ കായികാധ്യാപകനാണ്. ശ്രീനിത്തിനെ കണ്ടെത്തിയ അതേ മണ്ണില്‍ നിന്ന് നെല്‍സണ്‍ ഇത്തവണ മറ്റൊരു കുഞ്ഞ് നക്ഷത്രത്തെയും കൊണ്ടാണ് എറണാകുളത്തെത്തിയത്. സബ് ജൂനിയര്‍ വിഭാഗം ഹൈജമ്പില്‍ മത്സരിച്ച അനന്ദു കെ എസ്. 1.89മീറ്റര്‍ ചാടി ദേശീയ റെക്കോര്‍ഡിനെ മറികടക്കുന്ന പ്രകടനം പുറത്തെടുത്ത് ആദ്യ ദിനത്തില്‍ അനന്ദു ജ്വലിച്ചപ്പോള്‍ നിറഞ്ഞത് ഈ കായികാധ്യാപകന്റെ ഉള്ളം. ശ്രീകൃഷ്ണയില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ശ്രീനിത്ത് ദേശീയ റെക്കോര്‍ഡായ 2.05മീറ്റര്‍ ദൂരം 2.06മീറ്ററില്‍ മറികടക്കുന്ന പ്രകടനം പുറത്തെടുത്ത് ശ്രദ്ധേയനായത്.
അനന്ദു അടക്കമുള്ള തന്റെ എല്ലാ കുട്ടികള്‍ക്കും ശ്രീനിത്ത് വലിയ പ്രചോദനമാണെന്ന് നെല്‍സണ്‍ പറയുന്നു. തന്റെ കുട്ടികള്‍ ഏത് മത്സരത്തിനിറങ്ങുമ്പോഴും ശ്രീനിത്തിനെ വിളിച്ച് കുട്ടികളോട് സംസാരിക്കാന്‍ താന്‍ ആവശ്യപ്പെടാറുണ്ടെന്ന് നെല്‍സണ്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ ശ്രീനിത്തും അക്കാര്യം ശരിവെച്ചു.
ശ്രീനിത്ത് ഇന്ന് നെല്‍സന്റെ കീഴിലല്ല പരിശീലിക്കുന്നത്. നിരവധി രാജ്യന്തര താരങ്ങളെ സംഭാവന ചെയ്ത ടി പി ഔസേഫിന്റെ കീഴിലാണ് ഇപ്പോള്‍ പരിശീലിക്കുന്നത്. പത്താം ക്ലാസ് വരെ ശ്രീകൃഷ്ണയില്‍ പഠിച്ച ശ്രീനിത്ത് കെ സി എയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ പഠനം എളമക്കര സര്‍ക്കാര്‍ സ്‌കൂളിലേക്ക് മാറി.
തുടര്‍ പഠനത്തിന് ശ്രീനിത്ത് തിരഞ്ഞെടുത്തത് ശ്രീകൃഷ്ണയായിരുന്നെങ്കിലും നെല്‍സണ്‍ നിര്‍ബന്ധിച്ചാണ് ഔസേഫിന്റെ കീഴിലേക്ക് പരിശീലനം മാറ്റിയത്. അതിന്റെ മികവ് ശ്രീനിത്തില്‍ കാണുന്നുണ്ടെന്നും നെല്‍സണ്‍ പറയുന്നു.
ശ്രീനിത്തിന്റെ സ്‌കൂള്‍ മാറ്റത്തെ എല്ലാവരും എതിര്‍ത്തപ്പോള്‍ നെല്‍സണ്‍ തന്റെ ശിഷ്യന്റെ ഭാവി മാത്രമാണ് മുന്നില്‍ കണ്ടത്. നിരവധി മികവുറ്റ താരങ്ങളെ വളര്‍ത്തിയെടുത്തിട്ടുള്ള ഔസേഫിന്റെ കീഴില്‍ തന്റെ പ്രിയ വിദ്യാര്‍ഥി തുടര്‍ പരിശീലനം നടത്തുന്നത് അവന്റെ പ്രകടനം മെച്ചപ്പെടുത്തുമെന്ന ഉറച്ച വിശ്വാസമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.
പതിനെട്ട് വയസ്സ് മാത്രം പ്രായമുള്ള ശ്രീനിത്തിന് മുന്നില്‍ വര്‍ഷങ്ങള്‍ കിടക്കുന്നുണ്ടെന്നും ഇന്ത്യക്ക് ശ്രീനിത്തിലൂടെ ഒരു ഒളിമ്പിക്‌സ് മെഡല്‍ കിട്ടുമെന്നും നെല്‍സണ്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു നിര്‍ത്തി.
ശ്രീനിത്തിന്റെ പിന്‍ഗാമിയെ അനന്ദുവില്‍ കണ്ടുകൂടെയെന്ന് ചോദിച്ചപ്പോള്‍ സൗമ്യമായ പുഞ്ചിരിയായിരുന്നു നെല്‍സന്റെ മറുപടി.