Connect with us

Editorial

ഇറാന്‍ കരാര്‍ ആശ്വാസകരം

Published

|

Last Updated

ആണവ പദ്ധതി മരവിപ്പിക്കുന്നത് സംബന്ധിച്ച് ഇറാനും ലോക രാജ്യങ്ങളും ധാരണയിലെത്തിയിരിക്കയാണ്. ആണവായുധം നിര്‍മിക്കാനാവശ്യമായ അളവില്‍ സമ്പുഷ്ടീകരിച്ച യുറേനിയം കൈവശം വെക്കരുതെന്നും ആണവ പദ്ധതികള്‍ പരിശോധിക്കാന്‍ അന്താരാഷ്ട്ര ഏജന്‍സികളെ അനുവദിക്കണമെന്നുമുള്ള വ്യവസ്ഥകള്‍ ഇറാന്‍ സമ്മതിച്ചതോടെയാണ് അമേരിക്ക, ചൈന, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ ഇറാനുമായി നടത്തിയ നാല് ദിവസത്തിലേറെ നീണ്ട ജനീവാ ചര്‍ച്ച വിജയിച്ചത്. വ്യവസ്ഥയനുസരിച്ചു അഞ്ച് ശതമാനത്തിനു മുകളില്‍ ശുദ്ധീകരിച്ച യുറേനിയം സമ്പുഷ്ടീകരണം ഇറാന്‍ അവസാനിപ്പക്കും. അഞ്ച് ശതമാനത്തില്‍ കൂടുതല്‍ ശുദ്ധീകരിച്ച യുറേനിയം കൊണ്ടേ അണുവായുധങ്ങള്‍ നിര്‍മിക്കാനാകൂ. ഐക്യരാഷ്ട്ര സഭയും പാശ്ചാത്യ രാജ്യങ്ങളും ഇറാനെതിരെ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തില്‍ അയവ് വരുത്താനും ധാരണയുണ്ട്. ആറ് മാസമാണ് കരാറിന്റെ കാലാവധി.
ഇസ്‌റാഈലിന്റെ കുടത്ത എതിര്‍പ്പ് അവഗണിച്ചാണ് അമേരിക്ക ധാരണക്ക് സന്നദ്ധമായത്. ഇറാനുമായുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ കരാര്‍ ഇസ്‌റാഈലിന് മാത്രമല്ല, പടിഞ്ഞാറിന്റെ സുരക്ഷക്ക് കൂടി ഭീഷണിയാണെന്നാണ് ഇസ്‌റാഈലിന്റെ നിലപാട്. ഇറാന് ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചാല്‍ ഭാവിയില്‍ അവര്‍ അണുവായുധങ്ങള്‍ നിര്‍മിക്കുമെന്നും ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആശങ്ക പ്രകടിപ്പിക്കുന്നു. ഇടക്കാല കരാറിന്റെയും ചര്‍ച്ചകളുടെയും മറവില്‍ ഇറാന്‍ ആണവായുധ നിര്‍മാണ ശേഷി നേടുമെന്ന ആശങ്കയില്‍ അമേരിക്കന്‍ കോണ്‍ഗ്രസിലെ ഇസ്രാഈല്‍ അനുകൂല ലോബിയും കരാറിനെതിരാണ്. ഇത്തരം അഭിപ്രായങ്ങളെ മുഖവിലക്കെടുക്കാതെ ബറാക് ഒബാമ, ഇറാനുമായി കൂടിയാലോചനകള്‍ക്കും കരാറിനും സന്നദ്ധമായത് അദ്ദേഹത്തിന്റെ നയത്തില്‍ വന്ന മാറ്റത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.
ഇറാന്റെ നേതൃമാറ്റമാണ് കരാറിന് വഴിയൊരുക്കിയതെന്നാണ് പശ്ചാത്യ ലോകത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞ എട്ട് വര്‍ഷം ഇറാന്റെ പ്രസിഡണ്ട്പദത്തിലിരുന്ന അഹ്മദ് നജാദിനെ അശേഷം വിട്ടുവീഴ്ചക്കു തയാറാത്ത കര്‍ക്കശ സ്വഭാവക്കാരനും പുതിയ പ്രസിഡണ്ട് ഹസന്‍ റൂഹാനിയെ മിതവാദിയുമായാണ് വിലയിരുത്തപ്പെടുന്നത്. നേതൃമാറ്റം ചര്‍ച്ചയുടെ വിജയത്തില്‍ ഒരു ഘടകമാണെങ്കിലും സാമ്പത്തിക മാന്ദ്യത്തിന്റെ നീരാളിപ്പിടിത്തത്തില്‍ ശ്വാസം മുട്ടുന്ന ഒബാമ ഭരണകൂടത്തിന്റെ നിലപാടുമാറ്റമാണ് ഏറെ പ്രധാനം. യു എസിനെ ബാധിച്ച കടുത്ത സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കുന്നതിന് രാജ്യത്തെ സൈനികച്ചെലവ് വെട്ടക്കുറക്കണമെന്ന് സാമ്പത്തിക വിദ്ഗ്ധര്‍ മുന്നറിയിപ്പ് നല്‍കവെ, ഇറാനെതിരെ സൈനിക നടപടിക്കൊരുങ്ങുന്നതിലെ അപകടം ഒബാമ മനസ്സിലാക്കുന്നുണ്ട്. റഷ്യയും ചൈനയും ഇത്തരമൊരു നീക്കത്തെ അംഗീകരിക്കുന്നുമില്ല. ഇറാനെതിരായ യു എന്‍ ഉപരോധങ്ങളെ പിന്തുണക്കുമ്പോള്‍ തന്നെ, സൈനിക നടപടി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവക്കുമെന്ന് റഷ്യ പാശ്ചാത്യ ലോകത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
യു എന്നും പാശ്ചാത്യ ലോകവും പ്രഖ്യാപിച്ച കടുത്ത ഉപരോധത്തില്‍ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന ഇറാന് ആശ്വാസം നല്‍കുന്നതോടൊപ്പം പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥക്ക് അയവ് വരുത്താനും പുതിയ കരാര്‍ സഹായകമാകുമെന്നാണ് പ്രതീക്ഷ. ഇറാന്റെ ആണവോര്‍ജ പദ്ധതിയെച്ചൊല്ലി ദശാബ്ദങ്ങളായി മേഖലയില്‍ യുദ്ധഭീതി നിലനില്‍ക്കുകയാണ്. വര്‍ധിച്ചു വരുന്ന ഊര്‍ജാവശ്യം നിറവേറ്റാനാണ് യുറേനിയം സമ്പുഷ്ടീകരണമെന്ന് ഇറാന്‍ വ്യക്താക്കിയിട്ടും ആണവായുധ നിര്‍മാണമാണ് ലക്ഷ്യെമന്നാരോപിച്ച് ഉപരോധത്തിലൂടെ ഇറാനെ ശ്വാസം മുട്ടിക്കുകയും യുദ്ധപ്രഖ്യാപനം നടത്തി വരികയുമായിരുന്നു അമേരിക്ക. ഇറാഖ് അധിനിവേശം പോലെ അത്ര എളുപ്പമായിരിക്കില്ല ഇറാനിലേക്കുള്ള കടന്നുകയറ്റമെന്നറിയാകുന്നതു കൊണ്ടാണ് സൈനിക നീക്കത്തിലേക്ക് യു എസ് എടുത്തുചാടാതിരുന്നത്. സദ്ദാമിന്റെ ജീവിത രീതികളോടും ചില നയങ്ങളോടും ഇറാഖ് ജനതയില്‍ ഗണ്യമായൊരു വിഭാഗത്തിന്റെ വിയോജിപ്പ് മൂലമാണ് അവിടെ യു എസിന്റെ സൈനിക നടപടി പെട്ടെന്ന് വിജയം കണ്ടത്. 1979ലെ വിപ്ലവത്തിന്റെ ചൈതന്യത്തിന് ഇന്നും കാര്യമായി മങ്ങലേറ്റിട്ടില്ലാത്ത ഇറാനിയന്‍ ജനതക്ക് ദേശീയ സംരക്ഷണത്തില്‍ ഏകമനസ്സാണ്. അറബ്‌ലോകത്തെ പൊതുവെ ബാധിച്ച ഭരണ വിരുദ്ധ വികാരവും വിമത പ്രവര്‍ത്തനങ്ങളും ഇറാനിലേക്ക് വ്യാപിക്കാതിരുന്നതിന്റെ കാരണവുമിതാണ്. ഈജിപ്തിലും ലിബിയയിലും സിറിയയിലും ആഭ്യന്തര കലാപത്തിന് വഴിമരുന്നിട്ട സി ഐ എ ഇറാനിലും അത്തരമൊരമൊരു ശ്രമം നടത്തായ്കയല്ല, ജനങ്ങളെ ഭിന്നിപ്പിക്കുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്. ഞെക്കിക്കൊല്ലാന്‍ സാധിച്ചില്ലെങ്കില്‍ നക്കിക്കൊല്ലുകയെന്ന വഞ്ചനാത്മക നയം യു എസിന്റെ പുതിയ സൗഹൃദ താത്പര്യത്തിന് പിന്നില്‍ ഒളിഞ്ഞിരിപ്പുണ്ടോ എന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

Latest