Connect with us

Gulf

ശൈത്യകാലം കനക്കുന്നു; കുടുംബങ്ങള്‍ മരുഭൂവാസത്തിലേക്ക്

Published

|

Last Updated

ഷാര്‍ജ: കനത്ത ശൈത്യത്തില്‍ നിന്നും രക്ഷനേടാന്‍ ആളുകള്‍ കൂട്ടത്തോടെ മരുഭൂമിയിലേക്ക്. സ്വദേശികളാണ് പ്രധാനമായും മരുഭൂമിയില്‍ താവളം ഉറപ്പിക്കുന്നത്.
സന്ധ്യയാകുന്നതോടെ നിരവധി കുടുംബങ്ങളാണ് മണലാരണ്യങ്ങളിലെത്തുന്നത്. വിറക് കത്തിച്ചുണ്ടാകുന്ന തീ കാഞ്ഞും കുടിലുകള്‍ കെട്ടി താമസിച്ചും ശൈത്യത്തില്‍ നിന്നും മുക്തി നേടുന്നു. ഇത്തരത്തില്‍ നൂറുകണക്കിനു കുടിലുകളും മറ്റും വിവിധ എമിറേറ്റുകളുടെ പ്രധാന പാതക്കരികില്‍ കാണാം. ഇവര്‍ എത്തുന്ന വാഹനങ്ങള്‍ കൊണ്ട് നിറയുകയാണ് മരുഭൂമി. ഷാര്‍ജ-മദാം, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതക്കരുകിലും ഇതേ കാഴ്ചയാണ്. അവിടെ തന്നെ ഭക്ഷണം പാകം ചെയ്ത് പുലരുവോളം കഴിച്ചു കൂട്ടുന്നു.
ദേശീയദിനം ആസന്നമായതിനാല്‍ പലരും ദേശീയ പതാകയുമായാണ് എത്തുന്നത്. അത് സമീപത്ത് സ്ഥാപിക്കുകയും ചെയ്യുന്നു. ചിലര്‍ വാഹന റൈസിംഗില്‍ ഏര്‍പ്പെട്ട് തണുപ്പ് അകറ്റുന്നു. ഇവിടെ വസിക്കാനെത്തുന്നവരെ നിരീക്ഷിക്കുന്നതിനായി പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വരും ദിവസങ്ങളില്‍ ഇവിടങ്ങളില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നാണ് കരുതുന്നത്. തുടര്‍ച്ചയായി പെയ്ത മഴയെ തുടര്‍ന്നാണ് ശൈത്യം കനത്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.
കനത്ത മഴയെ തുടര്‍ന്ന് ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ രൂപപ്പെട്ട വെള്ളക്കെട്ടുകള്‍ ഇനിയും വറ്റിയിട്ടില്ല. ഇത് ജനജീവിതത്തെ ബാധിക്കുന്നുണ്ട്.

Latest