വാടക വര്‍ധന: താമസക്കാര്‍ ആശങ്കയില്‍

Posted on: November 25, 2013 1:27 am | Last updated: November 25, 2013 at 1:27 am

FOR RENT SIGNഅബുദാബി: വാടക വര്‍ധനക്കുള്ള പരിധി, ഭരണകൂടം എടുത്തുകളഞ്ഞത് പല താമസക്കാരെയും ആശങ്കയിലാഴ്ത്തി. വാടക പുതുക്കാറായവര്‍ പുതിയ വാസസ്ഥലം തേടുകയാണ്. റിയല്‍ എസ്റ്റേറ്റുകാര്‍ യാതൊരു ദാക്ഷിണ്യവും കാണിക്കില്ലെന്ന പരിഭ്രാന്തിയിലാണ് താമസക്കാര്‍.
ഇപ്പോള്‍ തന്നെ കനത്ത വാടക കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ആളുകള്‍. എല്ലാ വര്‍ഷവും വാടക കൂടുന്നതല്ലാതെ കുറയുന്നില്ല. നഗരത്തിലാണ് ഏറ്റവും പ്രയാസം. പലരും ദൂരദിക്കുകളിലേക്ക് മാറാനുള്ള തയാറെടുപ്പിലാണ്.
2008 ജനുവരിയിലാണ് അബുദാബിയില്‍ പ്രതിവര്‍ഷം വാടക അഞ്ച് ശതമാനം വര്‍ധിപ്പിക്കാമെന്ന നിയമം പ്രാബല്യത്തിലായത്. യാതൊരു നിയന്ത്രണവുമില്ലാതെ എമിറേറ്റില്‍ ചില റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനങ്ങളും കെട്ടിട ഉടമകളും അമിതമായി വാടക വര്‍ധന നടപ്പാക്കിയപ്പോഴാണ് സര്‍ക്കാര്‍ ഇടപെട്ടത്.
അബുദാബി റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റ് പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തുവെങ്കിലും വിദേശികള്‍ ഉള്‍പ്പെടെ, വാടക കെട്ടിടങ്ങളെ ആശ്രയിച്ചു താമസിക്കുന്നവര്‍ വീണ്ടും അമിത വാടക വര്‍ധനയുണ്ടാകുമോ എന്ന ഭീതിയിലാണിപ്പോള്‍. ആയിരക്കണക്കിനു കെട്ടിടങ്ങളാണ് അബുദാബി നഗരത്തിലും പരിസരങ്ങളിലുമായി വാടകക്കാരെ തേടി ഒഴിഞ്ഞു കിടക്കുന്നത്. അബുദാബിയില്‍ പത്ത്‌വര്‍ഷം മുമ്പ് ഫഌറ്റോ വില്ലയോ വാടകക്കെടുത്തവര്‍ ഇപ്പോഴും മാര്‍ക്കറ്റ് നിരക്കിനേക്കാള്‍ വളരെ കുറഞ്ഞ വാടകയ്ക്കാണു താമസിക്കുന്നത്.
അഞ്ച് ശതമാനം വാടക വര്‍ധനയെന്ന പരിധി നീക്കുന്നത് ഇങ്ങനെയുള്ളവരെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും വിലയിരുത്തുന്നു.