ആരുഷിയെ കൊന്നതാരെന്ന് ഇന്നറിയാം

Posted on: November 25, 2013 6:03 am | Last updated: November 25, 2013 at 2:00 pm

Aarushi-Hemrajഗാസിയാബാദ്: ആരുഷി തല്‍വാര്‍, ഹേംരാജ് ഇരട്ടക്കൊലപാതകത്തിന്റെ വിധി ഇന്ന്. ആരുഷിയെ കൊന്നത് സ്വന്തം മാതാപിതാക്കള്‍ ആണോ അല്ലയോ എന്ന് ഗാസിയാബാദ് സ്‌പെഷ്യല്‍ സി ബി ഐ കോടതി ഇന്ന് പ്രഖ്യാപിക്കും. സംഭവം നടന്ന് അഞ്ചര വര്‍ഷം പിന്നിട്ടിട്ടും ആരാണ് കൊലപാതകം നടത്തിയത് എന്നതില്‍ വ്യക്തത വന്നിട്ടില്ല.
ഡോക്ടര്‍ ദമ്പതികളായ രാജേഷ് തല്‍വാര്‍, നുപൂര്‍ തല്‍വാര്‍ എന്നിവരാണ് പ്രതിസ്ഥാനത്തുള്ളത്. ആരുഷിയെയും വീട്ടുവേലക്കാരന്‍ ഹേംരാജിനെയും കൊന്നുവെന്നും തെളിവ് നശിപ്പിച്ചുവെന്നുമുള്ള കുറ്റമാണ് ഇരുവര്‍ക്കെതിരെയും ചുമത്തിയത്. 2008 മെയ് 15, 16 തീയതികളിലാണ് സംഭവം നടന്നത്. ആദ്യം ആരുഷിയെയും പിറ്റേന്ന് ഹേംരാജിനെയും നോയിഡയിലെ ജല്‍വായു വിഹാര്‍ വസതിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആദ്യം ഉത്തര്‍ പ്രദേശ് പോലീസും പിന്നീട് സി ബി ഐയുമാണ് കേസ് അന്വേഷിച്ചത്. നുപൂര്‍ കുടുംബത്തിന്റെ സുഹൃത്തുക്കളുടെ വീട്ടുജോലിക്കാരാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിലായിരുന്നു പോലീസും ആദ്യഘട്ടം വരെ സി ബി ഐയും. എന്നാല്‍, അന്വേഷണം സി ബി ഐ നുപൂര്‍ ദമ്പതികളില്‍ കേന്ദ്രീകരിക്കുകയായിരുന്നു.
കേസിന് ആദ്യം മുതല്‍ക്കേ മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കിയിരുന്നു. തുടര്‍ന്ന്, ഇത്തരം റിപ്പോര്‍ട്ടിംഗ് 2009 ആഗസ്റ്റില്‍ സുപ്രീം കോടതി ഇടപെട്ട് തടയുകയായിരുന്നു.