സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളക്ക് കണ്ണൂരില്‍ ഇന്ന് കൊടിയേറും

Posted on: November 25, 2013 6:15 am | Last updated: November 26, 2013 at 7:23 am

sasthra mela 2013-knrകണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര-പ്രവൃത്തി പരിചയ മേളക്ക് ഇന്ന് കണ്ണൂരില്‍ തുടക്കമാകും. ആറ് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. രാവിലെ 9.30ന് പ്രധാന വേദിയായ മുനിസിപ്പല്‍ സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ബിജു പ്രഭാകര്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് 10.30 ഓടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. വൈകിട്ട് നാലിന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കൃഷിമന്ത്രി കെ പി മോഹനന്‍ അധ്യക്ഷത വഹിക്കും. മേളയില്‍ പങ്കെടുക്കുന്നതിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇന്നലെ തന്നെ എത്തിത്തുടങ്ങി. പതിനായിരത്തോളം വിദ്യാര്‍ഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്. ആദ്യ ദിനമായ ഇന്ന് ഉദ്ഘാടന ചടങ്ങുകളും രജിസ്‌ട്രേഷനും മാത്രമാണുള്ളത്. മത്സരങ്ങളും പ്രദര്‍ശനങ്ങളും നാളെ മുതലാണ് ആരംഭിക്കുക. വര്‍ഷങ്ങള്‍ക്ക് ശേഷം ജില്ലയില്‍ നടക്കുന്ന ശാസ്ത്രമേള ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.
ഇന്ന് മുതല്‍ 29 വരെ കണ്ണൂരിലെ ആറ് വേദികളിലായാണ് മേള നടക്കുന്നത്. കണ്ണൂര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് മേളയുടെ മുഖ്യ വേദി. സെന്റ് മൈക്കിള്‍സ്, സെന്റ് തെരേസാസ്, വാരം സി എച്ച് എം, ചൊവ്വ എച്ച് എസ് എസ്, കലക്ടറേറ്റ് മൈതാനം എന്നിവിടങ്ങളിലാണ് മേള സജ്ജീകരിച്ചിരിക്കുന്നത്. ശാസ്ത്രമേള നടക്കുന്നത് ചൊവ്വ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്. ഗണിത ശാസ്ത്രമേള സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറിയിലും സാമൂഹിക ശാസ്ത്രമേള എളയാവൂര്‍ സി എച്ച് എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നടക്കും. സെന്റ് മൈക്കിള്‍സ് സ്‌കൂളാണ് പ്രവൃത്തി പരിചയ മേളക്ക് വേദിയാകുന്നത്. വൊക്കേഷനല്‍ എക്‌സ്‌പോ കലക്ടറേറ്റ് മൈതാനിയില്‍ നടക്കും. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി വരുന്ന പതിനായിരത്തോളം പ്രതിഭകള്‍ക്ക് താമസിക്കാന്‍ കണ്ണൂര്‍ ടൗണിനും പുറത്തുമുള്ള 15 സ്‌കൂളുകളിലായാണ് താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മേളയില്‍ പങ്കെടുക്കാനെത്തുന്ന വിദ്യാര്‍ഥികളെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡുകളിലും സ്വീകരിക്കാന്‍ പ്രത്യേക പവലിയന്‍ ഒരുക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളെ മത്സര വേദികളിലും താമസ സ്ഥലത്തും പ്രത്യേക വാഹനങ്ങളിലാണ് എത്തിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ആവശ്യമായ പ്രാഥമിക ചികിത്സാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നേരത്തെ പ്രത്യേകം നടന്നിരുന്ന ഐ ടി മേള ഇത്തവണ ശാസ്ത്രമേളക്കൊപ്പം നടക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. വേദികളില്‍ വിശാലമായ പന്തലുകള്‍ തയ്യാറാക്കിയിട്ടുണ്ട്. സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ 3,200 ചതുരശ്രഅടി വിസ്തീര്‍ണമുള്ള കൂറ്റന്‍ പന്തലാണ് ഒരുക്കിയിട്ടുള്ളത്. ആകെ 15 പന്തലുകള്‍ സ്ഥാപിക്കുന്നുണ്ട്. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് 15 ഉപസമിതികള്‍ സജീവമായി രംഗത്തുണ്ട്.