Connect with us

Kasargod

ദേശീയപാത അപകടത്തുരുത്താകുന്നു

Published

|

Last Updated

കാസര്‍കോട്: ദേശീയപാത ബേവിഞ്ചയിലും തെക്കിലിലും വാഹനാപകടം പതിവാകുന്നു. അപകടത്തിനു കാരണം ദേശീയപാത അധികൃതരുടെ നിരുത്തരപരമായ നിലപാടാണെന്നു ആരോപിച്ച് നാട്ടുകാര്‍ ഗതാഗതം തടഞ്ഞു. വിവരമറിഞ്ഞെത്തിയ പോലീസ് നാട്ടുകാരെ അനുനയിപ്പിച്ചതോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
ഇന്നലെ രാവിലെ ബേവിഞ്ചയിലാണ് ആദ്യ അപകടം. കണ്ണൂരില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കുന്നില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിലാണ് നിയന്ത്രണം വിട്ടത്. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. ഡ്രൈവറടക്കം ഏഴോളം പേര്‍ക്ക് പരുക്കേറ്റു. അരവിന്ദ്, വെങ്കിടേശ്വരി, അഭിനന്ദ്, ജ്യോതി, ഷിജിത്ത്, മോഹനന്‍, കരുണാകരന്‍, ഷരീഫ് എന്നിവരെയാണ് പരുക്കേറ്റ് ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അപകടത്തെത്തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ദേശീയപാത വഴിയുള്ള ഗതാഗതം തടയുകയായിരുന്നു. സ്ഥിരമായി അപകടം നടക്കുന്ന സ്ഥലത്തെ കുന്നിടിച്ച് റോഡിനു വീതി കൂട്ടണമെന്ന് നാട്ടുകാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതു അംഗീകരിക്കാന്‍ തയ്യാറാകാത്ത ദേശീയപാത അധികൃതരുടെ നിലപാടാണ് വീണ്ടും അപകടത്തിനു കാരണമായതെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ ഗതാഗതം തടഞ്ഞത്. വിവരമറിഞ്ഞെത്തിയ സി ഐ. വി ബാലകൃഷ്ണന്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയതിനു ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
ബേവിഞ്ചയില്‍ ബസ് അപകടത്തില്‍പ്പെട്ടതിനു പിന്നാലെയാണ് തെക്കില്‍വളവില്‍ മീന്‍ലോറി നിയന്ത്രണം വിട്ട് കടയിലേക്ക പാഞ്ഞുകയറിയത്. ഈസമയം കടയില്‍ ആളുകളുണ്ടായിരുന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

Latest