നഗരത്തില്‍ കിണര്‍ നിര്‍മിക്കാന്‍ 40 ലക്ഷം രൂപയുടെ ഭരണാനുമതി

Posted on: November 24, 2013 7:15 am | Last updated: November 24, 2013 at 7:15 am

കല്‍പറ്റ: രാജീവ്ഗാന്ധി ദേ ശീയ കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്‍പ്പറ്റ നഗരസഭാ പരിധിയിലെ വിവിധ പ്രദേശങ്ങളിലായി കിണര്‍ നിര്‍മ്മിക്കുന്നതിനായി 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി നഗരസഭാ ചെയര്‍മാന്‍ പി പി ആലി അറിയിച്ചു.
പോലവല്‍ കോളനി-3.20 ലക്ഷം, മാങ്ങാവയല്‍-താനിക്കുനി-2.85 ലക്ഷം, കോട്ടാഞ്ചിറ കോളനി-2.85 ലക്ഷം രൂപ, എടപ്പെട്ടി കോളനി-3.60 ലക്ഷം, മരവയല്‍ പണിയക്കോളനി-2.85 ലക്ഷം രൂപ, നെടുങ്കോട് കുറിച്യകോളനി-3.15 ലക്ഷം രൂപ, കറപ്പന്‍ പണിയക്കോളനി-3.60 ലക്ഷം രൂപ, നരിക്കുണ്ട് കോളനി-3.20 ലക്ഷം രൂപ, കരടിമണ്ണ് പണിയകോളനി-2.85 ലക്ഷം രൂപ, തോവക്കുനി കോളനി-2.85 ലക്ഷം രൂപ, മൂവട്ടിക്കുന്ന് കോളനി-2.90 ലക്ഷം രൂപ, മണിയങ്കോട്-മാനിവയല്‍-2.85 ലക്ഷം രൂപ എന്നിങ്ങനെയാണ് കിണര്‍നിര്‍മ്മാണത്തിനായി തുക വകയിരുത്തിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ ആദിവാസി വിഭാഗങ്ങള്‍ താമസിക്കുന്ന കല്‍പറ്റ നഗരസഭയില്‍ ശുദ്ധജലം ലഭ്യമാവുന്നതിന് വേണ്ടിയാണ് കല്‍പറ്റ നഗരസഭയുടെ ശ്രമഫലമായി വിവിധ കോളനികളിലെ കിണര്‍നിര്‍മ്മാണത്തിനായി രാജീവ്ഗാന്ധി ദേശീയ കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിയന്തിരമായി തുകവകയിരുത്തിയതും ഭരണാനുമതി ലഭ്യമാക്കിയതും. 2014 ഫെബ്രുവരി 28നകം കിണറുകളുടെ പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
കിണറുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ ഇത്രയും കാലം കോളനികള്‍ നേരിട്ട കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാവും. അടിസ്ഥാന ആവശ്യങ്ങള്‍ പരിഗണിക്കുന്ന കാര്യത്തിലും ആദിവാസി ക്ഷേമം മുന്നില്‍ കണ്ടുകൊണ്ടുമാണ് രാജീവ്ഗാന്ധി കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിയന്തരമായി തുക വകയിരുത്തിയിട്ടുള്ളത്. കല്‍പറ്റ നഗരസഭ കൗണ്‍സിലിന്റെ പരിശ്രമത്തിന്റെയും സമ്മര്‍ദ്ദത്തിന്റെയും ഫലമായാണ് തുക വകയിരുത്തിയതെന്നും പി പി ആലി പറഞ്ഞു.