ജനീവ ചര്‍ച്ചയുടെ അകപ്പൊരുള്‍

Posted on: November 24, 2013 6:56 am | Last updated: November 24, 2013 at 7:23 am

roohaniഹസന്‍ റൂഹാനി ഇറാന്‍ പ്രസിഡന്റായപ്പോള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ ഒന്നടങ്കം എഴുതി. ഇറാന്റെ പുതിയ മുഖമാണ് ഇനി കാണുക. ഇറാനും ലോക ശക്തികളും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം അഹ്മദി നജാദാണെന്ന മട്ടിലായിരുന്നു വിശകലനങ്ങള്‍. മാധ്യമങ്ങളുടെ ഈ അജന്‍ഡ സൃഷ്ടിപ്പില്‍ റൂഹാനി സ്വയം അകപ്പെടുന്നതാണ് പിന്നീട് കണ്ടത്. മിതവാദത്തിന്റെയും സമന്വയത്തിന്റെയും തണുത്ത വാക്കുകളുമായി അദ്ദേഹം രംഗത്ത് വന്നു. ആണവ വിഷയത്തില്‍ നിരുപാധിക ചര്‍ച്ചക്ക് അദ്ദേഹം ആഹ്വാനം നല്‍കി. അമേരിക്കന്‍ പ്രസിഡന്റുമായി ഫോണിലാണെങ്കിലും നേരിട്ട് ചര്‍ച്ച നടത്തി. അതേത്തുടര്‍ന്ന് ആറ് രാഷ്ട്ര ചര്‍ച്ചയുടെ പുതിയ എപ്പിസോഡ് തുടങ്ങി. വളരെ നല്ലത്. ചര്‍ച്ചയും ഉള്‍ക്കൊള്ളലും തിരുത്തലും തന്നെയാണ് രാഷ്ട്രങ്ങളെ മുന്നോട്ടു നയിക്കേണ്ടത്. വ്യക്തിബന്ധങ്ങള്‍ പോലെ രാഷ്ട്ര ബന്ധങ്ങളും വിട്ടുവീഴ്ചയില്‍ അധിഷ്ഠിതമാണ്. പക്ഷേ, ഇന്നോളം നടന്ന ഒരു ചര്‍ച്ചയും തീര്‍ത്തും നീതിപൂര്‍വകമായിരുന്നില്ല. എല്ലാ ചര്‍ച്ചകളും വശം ചരിഞ്ഞവയായിരുന്നു. ഒരു ഭാഗത്ത് നേട്ടവും മറുഭാഗത്ത് കോട്ടവും സംഭവിച്ചു കൊണ്ടേ സമവായം രൂപപ്പെട്ടിട്ടുള്ളൂ. കീഴടക്കുന്നതിന്റെ നിയമപരമായ മാര്‍ഗമായി മാറിയ ചര്‍ച്ചകളാണ് മാനവ ചരിത്രത്തില്‍ കൂടുതലുള്ളത്. ഫലസ്തീന്‍ സ്വപ്‌നങ്ങള്‍ക്ക് മേല്‍ ക്യാമ്പ് ഡേവിഡ് ഏല്‍പ്പിച്ച പരുക്ക് എത്ര വലുതായിരുന്നു. മഹത്തായ പോരാട്ട വീര്യം പുറത്തെടുത്ത യാസര്‍ അറഫാത്ത് എന്ന മനുഷ്യനെ വെറും നൊബേല്‍ സമ്മാന ജേതാവാക്കി മാറ്റുകയും പിന്നീട് തന്റെ പാതയിലേക്ക് തിരിച്ചു നടക്കാന്‍ തുടങ്ങിയ അറഫാത്തിനെ വകവരുത്തുകയും ചെയ്ത ചരിത്രം ഒരിക്കലും പഴകില്ലല്ലോ. ഹസന്‍ റൂഹാനിയുടെ പുതിയ മുന്‍കൈ എത്രമാത്രം കീഴടങ്ങലാണ്, എത്ര മാത്രം വിലപേശലാണ് എന്ന് നോക്കി മാത്രമേ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ജനീവ, ചര്‍ച്ചകളെ വിലയിരുത്താനാകൂ.
ഇറാന്‍ ആണവ ചര്‍ച്ച എന്ന പ്രയോഗം ആഗോള മാധ്യമങ്ങളില്‍ നിറയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലോകം ആണവ സാങ്കേതിക വിദ്യയില്‍ ഏറെ മുന്നോട്ട് പോകുകയും പ്രബല രാജ്യങ്ങളെല്ലാം ആണവ ശക്തികളാകുകയും ചെയ്യുമ്പോഴും ഇറാന്റെ ആണവ പരിപാടി വ്യവഹാരഹേതുവാകുന്നുവെന്ന വിരോധാഭാസം തുടരുകയാണ്. ആണവ ശക്തിയാകുകയെന്നു വെച്ചാല്‍ ആണവ ആയുധങ്ങള്‍ കരസ്ഥമാക്കുകയാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇറാനുമായി ചര്‍ച്ച നടത്തുന്ന എല്ലാവരുടെയും കൈയില്‍ മാരകമായ ആണവായുധങ്ങള്‍ ഉണ്ട്. എന്നാല്‍ ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പ് വെച്ച രാജ്യമാണ് ഇറാന്‍. തങ്ങളുടെ ആണവ പരീക്ഷണങ്ങള്‍ തികച്ചും സമാധാനപരമാണെന്ന് ഇറാന്‍ ആണയിടുമ്പോഴും അത് വിശ്വസിക്കാന്‍ കൂട്ടാക്കാത്ത ആണവ ശക്തികളാണ് ആ രാജ്യത്തെ വളഞ്ഞിട്ട് ആക്രമിക്കുന്നത്. നെറികെട്ട ഉപരോധം അടിച്ചേല്‍പ്പിക്കുന്നു. സ്വന്തം എണ്ണ വിഭവങ്ങള്‍ പോലും വില്‍ക്കാന്‍ ആ രാജ്യത്തിന് സാധിക്കുന്നില്ല. ഇറാന്റെ നീക്കിയിരുപ്പ് സമ്പത്ത് മരവിപ്പിക്കുന്നു. ഇറാനുമായി വാണിജ്യബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്നു. വെനിസ്വേല പോലുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ മാത്രമാണ് ഈ ഭീഷണി മറികടന്ന് ഇറാനുമായി ബന്ധം പുലര്‍ത്തുന്നത്. ഇന്ത്യയെ നോക്കൂ. പൈപ്പ് ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറി. കടുത്ത ഇന്ധന പ്രതിസന്ധി നേരിടുമ്പോഴും ഇറാനുമായി സഹകരിക്കാനുള്ള നട്ടെല്ലുറപ്പ് പ്രകടിപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല.
മുഹമ്മദ് അല്‍ബറാദിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി തിരിച്ചും മറിച്ചും പരിശോധിച്ചിട്ടും ഇറാന്റെ ആണവ പരിപാടിയില്‍ സമാധാനപരമല്ലാത്ത അംശങ്ങള്‍ കണ്ടെത്താനായിട്ടില്ല. ഇസ്ഫാഹാന്‍, നതാന്‍സ് തുടങ്ങിയ നിലയങ്ങള്‍ പൂര്‍ണമായി തുറന്നു കൊടുത്തു. ഓരോ നിലയത്തില്‍ പരിശോധന പൂര്‍ത്തിയാകുമ്പോഴും പുതിയ രഹസ്യ സങ്കേതമുണ്ടെന്ന ആരോപണം ആവര്‍ത്തിക്കുകയാണ് അമേരിക്കയും കൂട്ടാളികളും ചെയ്യാറുളളത്. ആണവ ഇറാന്‍ ഇസ്‌റാഈല്‍ അടക്കമുള്ള അയല്‍ക്കാര്‍ക്ക് ഭീഷണിയാണെന്ന ന്യായമാണ് ക്രൂരമായ ഇടപെടലുകള്‍ക്ക് അമേരിക്ക മുന്നോട്ട് വെക്കുന്നത്. ജൂത രാജ്യത്തെ നിയമവിരുദ്ധമായി കുടിയിരുത്തിയ അമേരിക്കക്ക് അതിനെ സംരക്ഷിച്ചു നിര്‍ത്താനുള്ള ബാധ്യതയുമുണ്ടല്ലോ. ആണവ ശക്തിയായ ഇസ്‌റാഈലിനാണ് സമ്പുഷ്ടീകരണത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ മാത്രമുള്ള ഇറാന്‍ ഭീഷണിയാകുമെന്ന് പറയുന്നത്. അതുമാത്രമല്ല, സഊദി അറേബ്യ അടക്കമുള്ള അറബ് രാജ്യങ്ങളില്‍ അമേരിക്കക്ക് നിരവധി താത്പര്യങ്ങള്‍ ഉണ്ട്. അത് വെറും എണ്ണ അടിച്ചു മാറ്റല്‍ മാത്രമല്ല. ഡോളര്‍ ഇന്നത്തെ നിലയില്‍ നിലനില്‍ക്കുന്നത് തന്നെ അറബ് പണത്തിന്റെ ബലത്തിലാണ്. സൈനിക താത്പര്യങ്ങള്‍ വേറെയുമുണ്ട്. ഈ താത്പര്യങ്ങള്‍ക്കാകെയുള്ള കരുവാണ് ഇറാന്‍. വംശീയതയുടെ അകമ്പടി കൂടിയാകുമ്പോള്‍ ഈ ഗൂഢാലോചന മാരകമാകുന്നു. ഇറാന്റെ അന്താരാഷ്ട്ര ബന്ധങ്ങളില്‍ അത് സൂക്ഷിക്കുന്ന പക്ഷപാതിത്വങ്ങള്‍ ശരിയായി വിശകലനം ചെയ്ത് വിമര്‍ശവിധേയമാക്കുന്നതിന് പകരം ഇസ്‌റാഈല്‍ ഉത്പാദിപ്പിക്കുന്ന രാക്ഷസവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയാണ് പാശ്ചാത്യ മാധ്യമ ഭീമന്‍മാര്‍ ചെയ്യുന്നത്.
ഈ രാക്ഷസവത്കരണത്തിന്റെ ഉച്ചസ്ഥായിയിലാണ് ഇറാനെ ഉടന്‍ ആക്രമിക്കണമെന്ന ആവശ്യത്തിലേക്ക് ഇസ്‌റാഈല്‍ കൂപ്പുകുത്തിയത്. സാക്ഷാല്‍ ബരാക് ഒബാമ തന്നെ ആ ആവശ്യത്തിന് താഴെ ഒപ്പ് ചാര്‍ത്തിയതോടെ രംഗമൊന്ന് ഉഷാറായതാണ്. ഇറാന്റെ തീരത്ത് അമേരിക്കന്‍ യുദ്ധക്കപ്പല്‍ നങ്കുരമിട്ടു; ഇറാന്‍ പുതിയ മിസൈല്‍ പരീക്ഷിച്ചു തുടങ്ങിയ വാര്‍ത്തകളുമായി സകല വായ്ത്താരിക്കാരും ഇറങ്ങിയതാണ്. വളരെപ്പെട്ടെന്നാണ് സാഹചര്യങ്ങള്‍ അപ്പടി കീഴ്‌മേല്‍ മറിഞ്ഞത്. അമേരിക്കയടക്കമുള്ള മുതലാളിത്ത സാമ്രാജ്യത്വ രാജ്യങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എടുത്തെറിയപ്പെട്ടു. ആഭ്യന്തര സമ്മര്‍ദങ്ങളില്‍ പെട്ടുഴലുന്ന സാമ്രാജ്യത്വം പെട്ടെന്ന് മര്യാദക്കാരാകുമെന്ന ചരിത്രപാഠം പിന്നെ സിറിയയിലും കണ്ടു. ഗതികേടില്‍ നിന്ന് രൂപം കൊണ്ട സിറിയന്‍ മര്യാദ ലോക ശാക്തിക ബലാബലത്തില്‍ തന്നെ നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്തി. റഷ്യയും ചൈനയും നേതൃസ്ഥാനത്തേക്ക് വരുന്ന കാഴ്ചയാണ് ഒടുവില്‍ കണ്ടത്. ഇറാന്‍ വിഷയത്തില്‍ ഒബാമ ഭരണകൂടം ഇപ്പോള്‍ കൈക്കൊള്ളുന്ന അയഞ്ഞ സമീപനം ഇതിന്റെ തുടര്‍ച്ചയാണ്. അല്ലാതെ ഹസന്‍ റൂഹാനിയുടെ വ്യക്തിവിശേഷമായോ ഇറാന്റെ പിന്നോട്ടടിയായോ മാത്രം ഇതിനെ വ്യാഖാനിക്കാനാകില്ല.
ഏതായാലും ജനീവയിലെ ചര്‍ച്ച മൂന്ന് ദിവസം പിന്നിടുമ്പോള്‍ ഏറെ പുരോഗതിയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനെതിരെ പുതിയ ഉപരോധങ്ങള്‍ പാടില്ലെന്ന് ഒബാമ ഉത്തരവിട്ടിരിക്കുന്നു. നിലവിലുള്ള ഉപരോധം ഇളവു ചെയ്യാനും തത്വത്തില്‍ ധാരണയായിട്ടുണ്ട്. പകരമായി ഇറാന്‍ അതിന്റെ ആണവ സമ്പുഷ്ടീകരണ പ്രക്രിയ പരിമിതപ്പെടുത്തും. ഉപരോധം നീങ്ങിക്കിട്ടുകയെന്നത് ഇറാന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അനിവാര്യമാണ്. നിയമവിരുദ്ധമാണ് ഈ ഉപരോധമെന്ന് ബോധ്യപ്പെടുത്താന്‍ ടെഹ്‌റാനു മുന്നില്‍ വഴികളില്ലാതിരിക്കെ, അഞ്ച് യു എന്‍ സ്ഥിരാംഗങ്ങളും ജര്‍മനിയും ഇറാന്റെ ആണവപരിപാടികളെ സംശയത്തോടെ മാത്രം കാണുന്ന സാഹചര്യത്തില്‍ വിട്ടുവീഴ്ചയുടെ വഴിയേ മുന്നിലുള്ളൂ. പക്ഷേ, വിട്ടുവീഴ്ച എത്രമാത്രം എന്നതാണ് ചോദ്യം. അറാക്ക് ആണവ നിലയത്തില്‍ എന്തോ രഹസ്യമുണ്ടെന്ന തരത്തില്‍ പുതിയ പ്രചാരണം നടക്കുന്നുണ്ട്. അതും തുറന്നുകൊടുക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഇറാന്‍ അതിന്റെ ആണവ അവകാശം അടിയറ വെക്കില്ലെന്ന് പരമോന്നത നേതാവ് ഖാംനഈ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്. പരിമിതപ്പെടുത്തല്‍ നടന്നാലും ഈ അവകാശം വകവെച്ചുകൊടുക്കുന്ന ഒരു കരാറാണ് അന്തിമമായി ഉണ്ടാകുകയെങ്കില്‍ ചരിത്രപരമായ മുന്നേറ്റമായിരിക്കും ജനീവയില്‍ ജനിക്കുക. ഇത്തരമൊരു ധാരണയെയാണ് ഇസ്‌റാഈല്‍ ഭയക്കുന്നത്. യുദ്ധവെറിയിലും വംശീയ വിദ്വേഷത്തിലും അധിഷ്ഠിതമായ ഇസ്‌റാഈലിന് ഇറാന്റെ ആണവ അവകാശം ഒരിക്കലും അംഗീകരിക്കാനാകില്ല. പരമാവധി ഇടങ്കോലിടാനാണ് ബെഞ്ചമിന്‍ നെതന്യാഹു ശ്രമിക്കുന്നത്. നെതന്യാഹു കഴിഞ്ഞ ആഴ്ച മോസ്‌കോയിലേക്ക് പറന്നത് കുത്തിത്തിരിപ്പ് ലക്ഷ്യമിട്ടാണ്. റഷ്യന്‍ പ്രസിഡന്റ് വഌദമീര്‍ പുടിനുമായി നെതന്യാഹു ചര്‍ച്ച നടത്തി. ഇറാനുമായി ധാരണയിലെത്തും മുമ്പ് ഇസ്‌റാഈലിന്റെ ആശങ്കകള്‍ പരിഗണിക്കണമെന്നാണ് നെതന്യാഹു കേണപേക്ഷിച്ചത്. മോസ്‌കോ യാത്ര കൊണ്ട് ഒരു ഫലവുമുണ്ടായിട്ടില്ലെന്നാണ് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ തന്നെ വിലയിരുത്തിയത്. ഇറാനുമായി മാന്യമായി സംസാരിക്കുന്നു എന്ന ഒറ്റ കാരണത്താല്‍ അമേരിക്കയെ പരസ്യമായി തള്ളിപ്പറയുകയാണ് ജൂതരാഷ്ട്രം. പകരം തങ്ങളുടെ ക്വട്ടേഷന്‍ ഫ്രാന്‍സിനാണ് നല്‍കിയിരിക്കുന്നത്.
ജനീവ ചര്‍ച്ചയുടെ പരിണതി ഗുണപരമായിരിക്കുമെന്നാണ് ഇസ്‌റാഈലിന്റെ ഭ്രാന്തമായ പ്രതികരണങ്ങള്‍ കാണിക്കുന്നത്. പക്ഷേ, ഇറാനില്‍ ഇത് എന്ത് തുടര്‍ചലനങ്ങള്‍ ഉണ്ടാക്കുമെന്ന് കണ്ടറിയണം. റൂഹാനിയുടെയും വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ള്വരീഫിന്റെയും നീക്കങ്ങളെ ശക്തമായി എതിര്‍ക്കുന്ന ഒരു വിഭാഗം ഇറാനിലുണ്ട്. ശിയാ ശത്രുതയില്‍ അഭിരമിക്കുന്ന രാജ്യങ്ങള്‍ പുതിയ സംഭവവികാസങ്ങളെ എങ്ങനെ കാണുമെന്നതും പ്രധാനമാണ്. ഇറാന്‍ എത്രമാത്രം വളയുമെന്നത് തന്നെയാണ് അടിസ്ഥാന പ്രശ്‌നം.