ലാത്‌വിയയില്‍ സൂപ്പര്‍മാര്‍ക്കറ്റ് തകര്‍ന്ന് മരണം 50 കടന്നു

Posted on: November 23, 2013 9:12 am | Last updated: November 24, 2013 at 6:21 am

റിഗ(ലാത്‌വിയ): വടക്കന്‍ യൂറോപ്യന്‍ രാജ്യമായ ലാത്‌വിയയില്‍ സൂപ്പര്‍മാര്‍ക്കറ്റ് തകര്‍ന്ന് 50 ലേറെ പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ റിഗയിലാണ് സംഭവം. കൊല്ലപ്പെട്ടവരില്‍ മൂന്ന് രക്ഷാപ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. കെട്ടിടത്തില്‍ കുടങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതിനിടെ മുകളിലെ സ്ലാബ് തകര്‍ന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ മരിച്ചതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തകര്‍ന്ന കെട്ടിടത്തിനടിയില്‍ നൂറു കണക്കിനാളുകള്‍ കുടങ്ങിക്കിടക്കുന്നുണ്ടെന്നാണ് ഔദ്യോഗിക നിഗമനം.
റിഗ നഗരത്തിലെ പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളിലൊന്നായ സോളിറ്റിയൂഡിലെ ‘മാക്‌സിമ’യുടെ കെട്ടിടമാണ് തകര്‍ന്ന് വീണത്. പ്രാദേശിക സമയം വ്യാഴാഴ്ച വൈകീട്ട് ആറ് മണിക്കായിരുന്നു അപകടം. മുകളിലത്തെ നിലയുടെ മേല്‍ക്കൂര തകര്‍ന്ന് വീഴുകയായിരുന്നു. അപകട സമയം ഉപഭോക്താക്കളെ കൊണ്ട് കെട്ടിടം നിറഞ്ഞിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. എന്നാല്‍ അപകട സമയം മുകളിലത്തെ നിലയില്‍ പൂന്തോട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ നടന്നിരുന്നതായും ഇതാണ് അപകടത്തിന് കാരണമെന്നും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരും ദൃക്‌സാക്ഷികളായവരും വ്യക്തമാക്കി. സംഭവത്തെ കുറിച്ച് ക്രിമിനല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചു. രാജ്യത്തെ നടുക്കിയ ദുരന്തത്തില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം നടത്താനും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
സംഭവത്തെ കുറിച്ച് വിദഗ്ധ അന്വേഷണം തന്നെ നടക്കുമെന്ന് ലാത്‌വിയ പ്രധാനമന്ത്രി വാല്‍ഡിസ് ഡൊംബ്രോവിസ്‌കിസ് പറഞ്ഞു.