ജില്ലാ സ്‌കൂള്‍ വോളിബോള്‍ മേള സമാപിച്ചു; കോളേരി സ്‌കൂള്‍ ജേതാക്കള്‍

Posted on: November 23, 2013 8:22 am | Last updated: November 23, 2013 at 8:22 am

നടവയല്‍: മൂന്ന് ദിവസങ്ങളിലായി നടവയല്‍ സെന്റ് തോമസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ജില്ലാ സ്‌കൂള്‍ വോളിബോള്‍ മേള സമാപിച്ചു.
കോളേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കളായി. ബത്തേരി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനം നേടി.
ജില്ലാ വോളിബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടവയലിലെ ആദ്യകാല പ്രധാനാധ്യാപകനായ കെ. ജോര്‍ജ് ജോസഫ് മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്കും പതിനായിരം രൂപ ക്യാഷ് പ്രൈസിനും പുല്‍പറമ്പില്‍ ഐകസ് മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയ്ക്കും അയ്യായിരം രൂപ ക്യാഷ് അവാര്‍ഡിനും വേണ്ടിയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
ജില്ലയിലെ 25-ഓളം സ്‌കൂള്‍ ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. സമാപന സമ്മേളനം വോളി ബോള്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി. ശിവന്‍ ഉദ്ഘാടനം ചെയ്തു.
വിജയികള്‍ക്ക് ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ എന്‍.യു. ടോമി ട്രോഫികള്‍ വിതരണം ചെയ്തു.
വാര്‍ഡ് അംഗം വിന്‍സെന്റ് ചേരവേലില്‍, പീറ്റര്‍ ജോര്‍ജ്, പ്രിന്‍സിപ്പല്‍ എം.എം. ടോമി, രാജന്‍ പൂതാടി, ഷാജന്‍ നെല്ലിക്കുന്നേല്‍, ജോയി വെണ്ണായപ്പിളില്‍ എന്നിവര്‍ പ്രസംഗിച്ചു.