Connect with us

Malappuram

ഊര്‍ജിത പ്രതിരോധ കുത്തിവെപ്പ്; 25 മുതല്‍ വീടുകളില്‍ സര്‍വേ

Published

|

Last Updated

മലപ്പുറം: ജില്ലയില്‍ പ്രതിരോധകുത്തിവെപ്പെടുക്കാത്ത കുട്ടികളുടെ കണക്കുകളും കാരണങ്ങളും കണ്ടെത്തുന്നതിനായി ആശാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ വീടുകളിലും ഈമാസം 25 മുതല്‍ സര്‍വെ നടത്തുമെന്ന് ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനെജര്‍ അറിയിച്ചു. പൂര്‍ണമായും കുത്തിവെപ്പെടുത്തവരുടെ വിവരങ്ങള്‍ അടുത്ത മാസം സര്‍ക്കാറിന് സമര്‍പ്പിക്കും. കൂടാതെ പ്രതിരോധ കുത്തിവെപ്പില്‍ നേട്ടങ്ങള്‍ കൈവരിച്ച പഞ്ചായത്തുകള്‍ക്കും നഗരസഭക്കും അവാര്‍ഡുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഊര്‍ജിത പ്രതിരോധ കുത്തിവെപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി സംസ്ഥാന ആരോഗ്യവകുപ്പിലേയും ദേശീയ ആരോഗ്യ ദൗത്യത്തിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നുമുണ്ട്. പ്രതിരോധ കുത്തിവെപ്പില്‍ ജില്ലയുടെ പിന്നാക്കാവസ്ഥക്ക് മാറ്റം വരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ 50 ബൂത്തുകളിലായി നടത്തിയ കുത്തിവെപ്പ് ക്യാമ്പിലൂടെ തീരെ കുത്തിവെപ്പെടുക്കാത്ത 1385 കുട്ടികള്‍ക്കും ഭാഗികമായി കുത്തിവെപ്പെടുത്ത 12,180 കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ കഴിഞ്ഞു. ആരോഗ്യവകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരുന്നത്.
രണ്ടാംഘട്ടത്തില്‍ 40 പഞ്ചായത്തുകളിലാണ് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. കുട്ടികളെ ബൂത്തുകളിലെത്തിക്കുന്നതിന് വാഹന സൗകര്യവും ആശാപ്രവര്‍ത്തകര്‍ക്ക് പ്രത്യേക അലവന്‍സും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Latest