കേരളത്തിലേക്ക് കപ്പല്‍മാര്‍ഗം ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാന്‍ നടപടി ഉടന്‍: കെ വി തോമസ്

Posted on: November 23, 2013 12:46 am | Last updated: November 22, 2013 at 11:46 pm

കൊല്ലം:കേരളത്തിലേക്ക് കപ്പല്‍ മാര്‍ഗം ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര മന്ത്രി പ്രൊഫ. കെ വി തോമസ്.
ഭക്ഷ്യവസ്തുക്കള്‍ സംസ്ഥാനങ്ങളിലെത്തിക്കാന്‍ ചരക്ക് ഗതാഗത സംവിധാനം കാര്യക്ഷമമാക്കേണ്ടതുണ്ട്. തീവണ്ടികളും റോഡും ചരക്കു നീക്കത്തിന് പര്യാപ്തമാകാത്ത അവസ്ഥയുണ്ട്. കൊച്ചി, ആലപ്പുഴ, കൊല്ലം തുറമുഖങ്ങള്‍ വഴിയെത്തിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി 27ന് യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കെ വി തോമസിന് കൊല്ലം ഡി സി സി നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യധാന്യങ്ങള്‍ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യാന്‍ രാജ്യം പര്യാപ്തമായിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ നിയമം ഒരു വിഭാഗം തെറ്റായി വ്യാഖ്യാനിക്കുന്നുണ്ട്. നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ സംസ്ഥാന വിഹിതത്തില്‍ ഒരു മണി ധാന്യം പോലും കുറയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
നൂറ്റിപ്പത്തിലധികം ദശലക്ഷം മെട്രിക് ടണ്‍വീതം അരിയും ഗോതമ്പും രാജ്യത്തുത്പാദിപ്പിക്കുന്നുണ്ട്. ബി പി എല്‍, എ പി എല്‍ വിഭാഗങ്ങള്‍ക്ക് അറുപത്തി രണ്ടും ഇതര വിഭാഗങ്ങള്‍ക്ക് മറ്റൊരു നൂറ് ദശലക്ഷം ടണ്‍ ധാന്യവും മാറ്റിവെച്ചാലും അറുപതിലധികം ദശലക്ഷം ടണ്‍ ധാന്യം മിച്ചമുണ്ട്.
ഭക്ഷ്യധാന്യവിതരണത്തില്‍ മുപ്പതു ശതമാനത്തോളം നഷ്ടമാകുന്ന സാഹചര്യത്തിന് പരിഹാരം കാണേണ്ടതുണ്ട്. അതിന് ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് മേഖലയില്‍ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി പതിനാല് ലക്ഷത്തി എഴുപത്തിരണ്ടായിരം ടണ്‍ അരിയാണ് കേന്ദ്രം നല്‍കിവരുന്നത്. ഭക്ഷ്യനിയമം പ്രബല്യത്തിലാകുമ്പോള്‍ കേരളത്തിന്റെ ധാന്യവിതരണം പൂര്‍ണമായി സംരക്ഷിക്കും. ഇതിന് 600 കോടിയോളം അധിക ബാധ്യത വരും. അത് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. നിലവില്‍ പതിമൂവായിരം കോടിയുടെ സബ്‌സിഡി ഭക്ഷ്യധാന്യത്തിനായി നല്‍കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ഭക്ഷ്യധാന്യ ഉത്പാദനത്തില്‍ രാജ്യം ലോക റെക്കോര്‍ഡിനടുത്താണ്. ലോക ഭക്ഷ്യധാന്യഉത്പാദന മന്ത്രാലയത്തിന്റെ അധ്യക്ഷ കുമാരി കുഷ്‌സി അടുത്തിടെ ദല്‍ഹിയില്‍ തന്നെവന്ന് കണ്ടിരുന്നു. ഭക്ഷ്യധാന്യ ഉത്പാദനത്തില്‍ ഇന്ത്യ മാതൃകയാണെന്നും ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി കുറഞ്ഞാല്‍ ലോകത്തില്‍ പട്ടിണി വര്‍ധിക്കുമെന്നും അവര്‍ അറിയിച്ചതായും മന്ത്രി പറഞ്ഞു.