Connect with us

Kasargod

വീട് കുത്തിത്തുറന്ന്് 140 പവന്‍ കവര്‍ന്നു

Published

|

Last Updated

കാസര്‍കോട്: ബദിയടുക്കയില്‍ വീട് കുത്തിത്തുറന്ന് 140 പവന്‍ സ്വര്‍ണവും മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കും കവര്‍ന്നു. പെര്‍ള അടുക്കസ്ഥല നെല്‍ക്കയിലെ ഹമീദ് ഹാജിയുടെ വീട് കുത്തിത്തുറന്നാണ് അലമാരയിലുണ്ടായിരുന്ന സ്വര്‍ണം കവര്‍ച്ച ചെയ്തത്.
ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ ഹമീദ് ഹാജിയുടെ ഭാര്യ ഉണര്‍ന്നപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വീടിന്റെ മുകള്‍നിലയിലെ സിറ്റൗട്ടിന് വാതിലില്ല. ഇതുവഴിയായിരിക്കാം മോഷ്ടാക്കള്‍ കിടപ്പുമുറിയിലെത്തിയതെന്നാണ് കരുതുന്നത്. ഹമീദ് ഹാജിയും ഭാര്യയും മാതാവും മാത്രമാണ് വീട്ടിലുള്ളത്. ഇവര്‍ മറ്റു മുറികളിലാണ് കിടന്നിരുന്നത്.
ഹമീദ് ഹാജിയുടെ രണ്ട് സഹോദരന്മാരുടെ ഭാര്യമാരുടെ സ്വര്‍ണമാണ് കവര്‍ന്നത്. ഇവര്‍ ഗള്‍ഫിലാണ്. വീടിനെ കുറിച്ച് ശരിക്കും അറിയാവുന്ന ആരെങ്കിലുമായിരിക്കാം കവര്‍ച്ചക്ക് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. നേരത്തെ 200 പവന്‍ സ്വര്‍ണം മോഷണം പോയതായാണ് വീട്ടുകാര്‍ അറിയിച്ചിരുന്നതെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിലാണ് 140 പവന്‍ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂവെന്ന് കണ്ടെത്തിയത്. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണാഭരണങ്ങളുടെ കൃത്യമായ വിവരങ്ങള്‍ വീട്ടുകാരില്‍ നിന്ന് ശേഖരിച്ചാല്‍ മാത്രമേ കൃത്യമായ കണക്കുകള്‍ ലഭിക്കുകയുള്ളു.
കവര്‍ച്ച നടന്ന വിവരമറിഞ്ഞ് ബദിയടുക്ക എസ് ഐ. എം ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പുലര്‍ച്ചെ തന്നെ വീട്ടിലെത്തി അന്വേഷണം നടത്തി. കാസര്‍കോട് എസ് പി. തോംസന്‍ ജോസ്, ഡി വൈ എസ് പി. എം പി മോഹനചന്ദ്രന്‍, കാസര്‍കോട് സി ഐ. വി ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കവര്‍ച്ച നടന്ന വീട്ടിലെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.
ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തിന്റെ ചുമതല കാസര്‍കോട് സി ഐ. വി ബാലകൃഷ്ണനാണ്.