Connect with us

Idukki

ശഫീഖിന് നാടിന്റെ സ്‌നേഹ സ്പര്‍ശം

Published

|

Last Updated

ഇടുക്കി: ഉറ്റവരുടെ ക്രൂരതക്കിരയായ അഞ്ച് വയസുകാരന്‍ ശഫീഖ് നാലു മാസത്തെ ആശുപത്രി ജീവിതത്തിന് ശേഷം ഇന്നലെ ഇടുക്കി സ്വധര്‍ ഷെല്‍റ്ററിലെത്തിയപ്പോള്‍ വരവേറ്റത് ഒരു നാടിന്റെ സ്‌നേഹ വര്‍ഷം. സ്വധറിലെ നൂറോളം അന്തേവാസികള്‍ ചേര്‍ന്ന് സന്തോഷത്തിന്റെ നാളുകള്‍ക്കായി ഞങ്ങള്‍ സംഗീതം മുഴക്കുന്നു. സ്വാന്തനവാക്കുകള്‍ നിറഞ്ഞ മണ്ണില്‍ ഇനി പുതിയ ദിനങ്ങള്‍ എന്ന സ്വാഗതഗാനം ആലപിച്ചാണ് ശഫീഖിനെ എതിരേറ്റത്.
കുമളി ചെങ്കര പുത്തന്‍പുരക്കല്‍ ഷെരീഫിന്റെയും രണ്ടാനമ്മ അനീഷയുടെയും ക്രൂരപീഡനത്തില്‍ ജീവന്‍ തന്നെ നഷ്ടമാകുമായിരുന്ന ശഫീഖിന് ഇത് രണ്ടാം ജന്മമാണ്. മൂന്ന് മാസം വെല്ലൂര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ശഫീഖിനെ വ്യാഴാഴ്ച രാത്രിയാണ് ആദ്യം പ്രവേശിപ്പിച്ചിരുന്ന കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ കൊണ്ടുവന്നത്. സെന്റ് ജോണ്‍സിലെ ന്യൂറോ വിഭാഗത്തിലെ ഡോ. നിഷാന്ത് പോളിന്റെ ഇടപെടല്‍ മൂലം ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തതോടെയാണ് ശഫീഖിന് ജീവിതത്തിലേക്കുളള വാതില്‍ തുറന്നത്. ശഫീഖിനെ വരവേല്‍ക്കാനായി രാവിലെ മുതല്‍ തന്നെ ജില്ലാ ആസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നിന്നും നിരവധി വിദ്യാര്‍ഥികളും അധ്യാപകരും പൂക്കളും കളിപ്പാട്ടങ്ങളുമായി എത്തിയിരുന്നു. കൂട്ടുകാരെ കണ്ടപ്പോള്‍ അവന്‍ നിഷ്‌ക്കളങ്കമായി പുഞ്ചിരിച്ചു. അഞ്ചു വയസിനിടെ അനുഭവിച്ച ഒരു ജന്‍മത്തിന്റെ മുഴുവന്‍ വേദനയും മറന്ന ചിരി. ഷെഫീഖേ നിനക്കായി ഞങ്ങള്‍ ജീവിക്കുന്നു എന്ന പ്ലക്കാര്‍ഡുകളും സ്വാഗത ബാനറുകളും കൊണ്ട് സ്വധര്‍ പരിസരം നിറഞ്ഞിരുന്നു. ഇപ്പോള്‍ പോറ്റമ്മയായി മാറിയ, മാസങ്ങളായി വെല്ലൂരില്‍ പരിചരിച്ച രാഗിണിയും ഷഫീഖിനൊപ്പമുണ്ട്. ശഫീഖിനും രാഗിണിക്കും സ്വധറില്‍ പ്രത്യേകം മുറികള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാ കലക്ടര്‍ അജിത്ത് പാട്ടീല്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ പി.ജി. ഗോപാലകൃഷ്ണന്‍, സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ബിജു, സാമൂഹികക്ഷേമ ഓഫീസര്‍ ഏലിയാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉസ്മാന്‍, പഞ്ചായത്ത് പ്രസിഡന്റ് ജോയി വര്‍ഗീസ് തുടങ്ങിയവരും സ്വധറിലെത്തിയിരുന്നു.