ജപ്പാനില്‍ രഹസ്യ നിയമത്തിനെതിരെ പ്രക്ഷോഭം

Posted on: November 23, 2013 6:05 am | Last updated: November 22, 2013 at 11:06 pm

japanടോക്യോ: ജപ്പാനില്‍ ഔദ്യോഗിക രഹസ്യ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഫുകുഷിമ ആണവ നിലയത്തിലെ ചോര്‍ച്ചയും അനുബന്ധ പ്രതിസന്ധികളടക്കമുള്ള വിവരങ്ങള്‍ പുറത്തുവരാതിരിക്കാനാണ് നിയമം കൊണ്ടുവരുന്നതെന്ന് വിമര്‍ശമുയര്‍ന്നു കഴിഞ്ഞു. അമേരിക്കയടക്കമുള്ള പ്രധാന സഖ്യകക്ഷികളുമായുള്ള സുരക്ഷാ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നിയമം കൊണ്ടുവരുന്നതെന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധകാലത്തും അതിനുമുമ്പും നിലവിലുണ്ടായിരുന്ന കടുത്ത രഹസ്യ നിയന്ത്രണങ്ങളാണ് അടുത്ത ആഴ്ച വോട്ടിനിടുന്ന പുതിയ നിയമത്തിലുമുള്ളത്. പാര്‍ലിമെന്റിന്റെ ഇരു സഭകളിലും ഭരണമുന്നണിക്ക് വന്‍ ഭൂരിപക്ഷമാണുള്ളത്.

അറിയാനുള്ള അവകാശം ഇല്ലാതെ ജനാധിപത്യം നിലനില്‍ക്കില്ലെന്ന് പീസ് ഫോറം സിറ്റിസണ്‍ ഗ്രൂപ്പിന്റെ നേതാവ് യാസുനാരി ഫുജിമോട്ടോ പറഞ്ഞു. നിയമത്തിനെതിര ഹിബിയ പാര്‍ക്കില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമം പാസായാല്‍ ഭരണഘടനക്ക് കടലാസിന്റെ വിലയേ കാണു എന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക വീഴ്ചകളും അഴിമതിയും അന്വേഷിച്ച് പുറത്തുകൊണ്ടുവരുന്നതില്‍ പത്രപ്രവര്‍ത്തകരെ വിലക്കുന്നതും നിയമത്തിലുണ്ട്. നിയമത്തിനെതിരെ എല്ലാ മേഖലകളില്‍നിന്നും എതിര്‍പ്പുയര്‍ന്നിട്ടുണ്ട്.