‘മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചാല്‍ ഉമ്മന്‍ ചാണ്ടി ജയിലില്‍ പോകേണ്ടിവരും’

Posted on: November 22, 2013 8:09 am | Last updated: November 22, 2013 at 8:09 am

ആലപ്പുഴ: മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചാല്‍ ഉമ്മന്‍ചാണ്ടി ജയിലില്‍ പോകേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍. കെ എസ് കെ ടി യു ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസായ വി കേശവന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സരിതക്കും ബിജു രാധാകൃഷ്ണനുമൊപ്പം സോളാര്‍ തട്ടിപ്പുകേസിലെ പ്രധാന പ്രതിയാണ് ഉമ്മന്‍ ചാണ്ടി. 33 കേസുകളിലായി ലക്ഷക്കണക്കിന് രൂപയാണ് ഇവര്‍ അപഹരിച്ചത്. കേന്ദ്ര മന്ത്രിമാരും സംസ്ഥാന മന്ത്രിമാരും സരിതയുമായി സാമ്പത്തികമായും ശാരീരികമായും ബന്ധപ്പെട്ടെന്നാണ് പ്രതിയായ ബിജു രാധാകൃഷ്ണന്‍ പറയുന്നത്. ഇത്തരം നാറിയ കേസുകള്‍ക്ക് കൂട്ടുനിന്ന മറ്റൊരു മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിട്ടില്ലെന്ന് വി എസ് പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ നിയമപരമായി അധികാരത്തില്‍ നിന്നും പുറത്താക്കാനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. എന്നാല്‍ അതിന് മുമ്പ് തന്നെ അദ്ദേഹത്തെ ജനങ്ങള്‍ പുറത്താക്കുന്ന സാഹചര്യമാണുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ചൂഷക വര്‍ഗ പ്രതിനിധികള്‍ അധികാരത്തില്‍ നിന്നും പുറത്താകുമെന്നും അദ്ദേഹം പറഞ്ഞു.
കെ എസ് കെ ടി യു ജില്ലാ പ്രസിഡന്റ് എന്‍ സോമന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡി ലക്ഷ്മണന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍, സി പി എം നേതാക്കളായ സി ബി ചന്ദ്രബാബു, പി കെ ചന്ദ്രാനന്ദന്‍, സി കെ സദാശിവന്‍ സംസാരിച്ചു.