ദേവലോകം ഇരട്ടക്കൊലക്കേസ്: പ്രതിക്ക് ഇരട്ട ജീവപര്യന്തം

Posted on: November 22, 2013 8:08 am | Last updated: November 22, 2013 at 8:08 am

കാസര്‍കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച ദേവലോകം ഇരട്ടക്കൊലക്കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തവും ഒന്നര ലക്ഷം രൂപ പിഴയടക്കാനും ജില്ലാ സെക്ഷന്‍ കോടതി (രണ്ട്) ജഡ്ജി സി ബാലന്‍ വിധിച്ചു. കര്‍ണാടക സാഗര്‍ ജന്നത്ത് ഗെല്ലി ഇക്കേറി റോഡ് സ്വദേശി ഹുസൈനെ(52)യാണ് കോടതി ശിക്ഷിച്ചത്. ഇരട്ട ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴക്കും പുറമേ, ഐ പി സി 397 വകുപ്പുപ്രകാരം ഏഴ് വര്‍ഷം കഠിനതടവും 449 വകുപ്പ് പ്രകാരം മൂന്ന് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും 461 വകുപ്പുപ്രകാരം ഒരുവര്‍ഷം കഠിനതടവും 201 വകുപ്പുപ്രകാരം മൂന്ന് വര്‍ഷം കഠിനതടവും 25,000 രൂപ പിഴയുമടക്കം പ്രതി ആകെ 42 വര്‍ഷം തടവ് ശിക്ഷയാണ് അനുഭവിക്കേണ്ടത്.
പ്രതി ഹുസൈന്‍ ഒന്നരലക്ഷം രൂപ പിഴയടക്കണമെന്നും കോടതി വിധിച്ചു. ഈ തുക കൊല്ലപ്പെട്ട ദമ്പതികളുടെ മക്കളായ മുരളികൃഷണന്‍, നിരഞ്ജന്‍, തൃശൂരിലെ ക്ഷേത്രത്തില്‍ ജീവനക്കാരനായ സുദര്‍ശന്‍ എന്നിവര്‍ക്ക് തുല്യമായി വീതിച്ചുനല്‍കാനും കോടതി ഉത്തരവിട്ടു. രാവിലെ വിധി പ്രസ്താവിക്കുമെന്ന് കരുതി നിരവധി പേരാണ് കോടതി പരിസരത്ത് തടിച്ചുകൂടിയത്. എന്നാല്‍ ഉച്ചയ്ക്ക് ഒന്നരയോടെയാണ് കോടതി വിധിയുണ്ടായത്.
ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിക്ഷവിധിക്കുന്ന അപൂര്‍വം കേസുകളിലൊന്നാണിത്. കേസിലെ ഏക ദൃക്‌സാക്ഷി ഒരു പൂവന്‍കോഴി മാത്രമായിരുന്നു. ഇത് പോലീസ് കസ്റ്റഡിയിലിരിക്കെ വര്‍ഷങ്ങള്‍ക്കുമുമ്പ് ചത്തു. 69 സാക്ഷികളുണ്ടായതില്‍ 39പേരെ വിസ്തരിച്ചു. ദുര്‍മന്ത്രവാദിയായ ഹുസൈന്‍ പെര്‍ള ദേവലോകത്തെ വീട്ടിലെത്തിയെന്നുള്ള സാക്ഷിമൊഴി കോടതി പ്രധാനമായി പരിഗണിച്ചു.
1993 ഒക്ടോബര്‍ ഒമ്പതിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. പെര്‍ള ദേവലോകത്തെ കര്‍ഷക ദമ്പതികളായ ശ്രീകൃഷ്ണഭട്ട്, ശ്രീമതി എന്നിവരാണ് വീട്ടില്‍ കൊല്ലപ്പെട്ടത്. വീട്ടുപറമ്പിലെ നിധി എടുത്തുകൊടുക്കാമെന്ന് മോഹിപ്പിച്ച് ശ്രീകൃഷ്ണ ഭട്ടിനെ പറമ്പിലേക്ക് കൂട്ടികൊണ്ടുപോയ ഇമാം ഹുസൈന്‍ മണ്‍വെട്ടികൊണ്ട് തലക്കടിച്ചു കൊന്നുവെന്നാണ് കേസ്. പിന്നീട് ഭാര്യയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. കൃത്യത്തിന് ശേഷം അലമാരയില്‍നിന്ന് സ്വര്‍ണവും പണവും കൊള്ളയടിച്ചാണ് പ്രതി സ്ഥലംവിട്ടത്. സംഭവത്തിനുശേഷം ഒളിവില്‍പോയ ഇമാം ഹുസൈനെ 19 വര്‍ഷത്തിനുശേഷം 2012 ഏപ്രില്‍ 20ന് കര്‍ണാടക തുംകൂര്‍ നീലമംഗലത്ത് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി. കെ വി സന്തോഷിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്യുകയായിരുന്നു.
അഡ്വ. തോമസ് ഡിസൂസയായിരുന്നു പബ്ലിക്ക് പ്രോസിക്യൂട്ടര്‍. പ്രതിക്കുവേണ്ടി അഭിഭാഷകരായ അശ്‌റഫ്, സുഭാഷ്, നിസാര്‍ എന്നിവരാണ് കോടതിയില്‍ ഹാജരായത്. കഴിഞ്ഞ ദിവസമാണ് പ്രതിയെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കേസിന്റെ വിധി പറയാനിരുന്നത്. ഹര്‍ത്താലായതിനാല്‍ അന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതിയെ കാസര്‍കോട് കോടതിയില്‍ എത്തിക്കാന്‍ കഴിയാത്തതിനെതുടര്‍ന്ന് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കേസ് വിസ്താരം പൂര്‍ത്തിയാക്കിയ കോടതി, വിധി പ്രഖ്യാപനം ഇന്നലെത്തേക്ക് മാറ്റുകയായിരുന്നു. വിധിക്കുശേഷം പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.