വികലാംഗ യുവതിയെ പീഡിപ്പിച്ച കേസില്‍ 20 വര്‍ഷം കഠിന തടവും പിഴയും

Posted on: November 22, 2013 8:05 am | Last updated: November 22, 2013 at 8:05 am

കോട്ടയം: അംഗവൈകല്യമുള്ള യുവതിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 20 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും. ഇടുക്കി കരിങ്കുന്നം മലങ്കര കല്ലുറുമ്പില്‍ ജോസ് തോമസിനെ (27)യാണ് കോട്ടയം രണ്ടാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ് ഷാജഹാന്‍ ശിക്ഷിച്ചത്. വീട്ടില്‍ അതിക്രമിച്ചു കയറിയതിന് പത്ത് വര്‍ഷം തടവും 10,000 പിഴയും പിഴയൊടുക്കിയില്ലെങ്കില്‍ മൂന്ന് മാസം തടവും, മാനഭംഗ കേസില്‍ പത്ത് വര്‍ഷം തടവും 15,000 രൂപ പിഴയും പിഴയൊടുക്കിയില്ലെങ്കില്‍ നാല് മാസം തടവും അനുഭവിക്കണം.
2012 മാര്‍ച്ച് പത്തിന് ഏഴാച്ചേരിയിലാണ് കേസിനാസ്പദമായ സംഭവം. ആനപാപ്പനായ ജോസ് ആനയുമായി ഏഴാച്ചേരിയില്‍ തടി പിടിക്കാനെത്തിയതായിരുന്നു. ഇവിടെ ഒരു പുരയിടത്തില്‍ നിന്നും ആന തടിവലിച്ചു കൊണ്ടുപോയത് മാനഭംഗത്തിനിരയായ യുവതിയുടെ വീട്ടുമുറ്റത്തുകൂടിയാണ്. തടിപിടിച്ച ശേഷം ആനയെ കുളിപ്പിക്കാന്‍ മറ്റൊരു പാപ്പാനെ ഏല്‍പ്പിച്ച ശേഷം ജോസ് ഉച്ചക്ക് പന്ത്രണ്ടരയോടെ യുവതിയുടെ വീട്ടിലെത്തി ഓല വെട്ടാന്‍ വാക്കത്തി ആശ്യപ്പെട്ടു. വാക്കത്തി കൈമാറാന്‍ എത്തിയ യുവതിയെ കടന്നുപിടിച്ച് വീട്ടിനുള്ളില്‍ കൊണ്ടുപോയി പ്രതി മാനഭംഗപ്പെടുത്തുകയായിരുന്നു. രാമപുരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.