വിമര്‍ശത്തിന്റെ ഗുണവും കേടും

Posted on: November 22, 2013 6:00 am | Last updated: November 21, 2013 at 11:22 pm

എഴുത്തുകാരനായ ഡിഹാന്‍ പറയുന്നു; ”’വിമര്‍ശം ഒരു നല്ല ഗുരുവാണ്. അതില്‍ നിന്ന് പഠിക്കാന്‍ നാം സന്നദ്ധമാണെങ്കില്‍”.’സ്വയം വിലയിരുത്താനും തിരുത്താനും വിമര്‍ശം വഴി സാധിക്കും. വിമര്‍ശത്തില്‍ കഴമ്പുണ്ടോ എന്ന് നോക്കുന്നത് നമുക്ക് നേര്‍വഴി തിരിച്ചറിയാന്‍ അവസരം നല്‍കും. വിമര്‍ശങ്ങളെ രണ്ടായി തരംതിരിക്കാം. ഒന്ന് സൃഷ്ടിപരം. രണ്ട് നാശോന്മുഖം. വ്യക്തിബന്ധങ്ങളെ ഊട്ടി ഉറപ്പിക്കാനും ഉലക്കാനും വിമര്‍ശങ്ങള്‍ക്ക് കഴിയും. വിമര്‍ശത്തിന്റെ ഉദ്ദേശ്യ ലക്ഷ്യം സഹായിക്കാനാണെങ്കില്‍ അത് സൃഷ്ടിപരമാണ്. നശിപ്പിക്കാന്‍ കരുതിയാണെങ്കില്‍ നാശോന്മുഖവും. സ്‌നേഹം, ക്ഷമ, വിനയം, നിസ്വാര്‍ഥം, പ്രതിപക്ഷ ബഹുമാനം മുതലായ സുകൃതങ്ങള്‍ വെളിപ്പെടുത്താനുള്ള അവസരമായി വിമര്‍ശത്തെ കാണുക. സമചിത്തത വെടിഞ്ഞ് നാം പ്രതികരിച്ചാല്‍ സംഘര്‍ഷം വര്‍ധിക്കും. ബന്ധങ്ങള്‍ ശിഥിലമാകും.
നമ്മുടെതില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായം പുലര്‍ത്താന്‍ മറ്റുള്ളവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. മറ്റുള്ളവരുടെ വീക്ഷണമാണ് വിമര്‍ശമായി പുറത്തുവരുന്നത്. വിമര്‍ശകന്റെ വിലയിരുത്തല്‍ ചിലപ്പോള്‍ ശരിയായെന്ന് വരാം. നാം കാണാത്ത അര്‍ഥതലങ്ങള്‍ വിമര്‍ശകന്‍ കണ്ടെത്തിയെന്നു വരാം. വിമര്‍ശകനെ ശത്രുവായി കാണാതെ മിത്രമായി ഗണിക്കുമ്പോള്‍ നമ്മുടെ പ്രതികരണത്തിന് മാറ്റമുണ്ടാകും. നമ്മുടെ വീക്ഷണവും നിലപാടും തിരുത്തപ്പെടേണ്ടതാണെങ്കില്‍ വിമര്‍ശകന്റെത് സേവനമാണ്; സൃഷ്ടിപരമായ കാഴ്ചപ്പാടാണ്. നമുക്ക് വിമര്‍ശകരുള്ളപ്പോഴാണ് നമ്മുടെ വിജയസാധ്യത വര്‍ധിക്കുന്നത്.
വിമര്‍ശകന്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കുക, വികാരത്തിനടിപ്പെട്ട് പൊട്ടിത്തെറിക്കാതിരിക്കുക, സമചിത്തത കൈവെടിയാതിരിക്കുക, സഹിഷ്ണുതയുള്ളവരാകുക, ശത്രുതാ മനോഭാവത്തോടെ പ്രതികരിക്കാതിരിക്കുക, അടിച്ചമര്‍ത്താതിരിക്കുക തുടങ്ങിയവ വ്യക്തിത്വത്തിന്റെ മാറ്റ് വര്‍ധിപ്പിക്കും. മറുപടികള്‍ കോപാവേശത്തോടെ ആകരുത്. കോപം ഉണ്ടാകുമ്പോള്‍ ചിന്താശക്തി നശിക്കും. പലതും വായില്‍ നിന്നു വീഴുന്നത് പില്‍ക്കാലത്ത് നമുക്കു തന്നെ വിനയാകും. സൗമ്യമായി ശാന്തതയോടെ നിലപാട് വിശദീകരിക്കുകയും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്താമെന്ന് സമ്മതിക്കുകയുമാണ് മാന്യത. നമ്മുടെ വീക്ഷണത്തോടും അഭിപ്രായത്തോടും വിയോജിക്കുന്നവരും നമ്മുടെ ചെയ്തികള്‍ ഇഷ്ടപ്പെടാത്തവരും ഉണ്ടാകും. അവരുടെ വിയോജിപ്പ് സ്‌നേഹത്തിന്റെ ഭാഷയിലും സൗമ്യമായും മിതമായ വാക്കുകളിലൂടെയും നമ്മോട് നേരിട്ട് പ്രകടിപ്പിക്കുമ്പോള്‍ നമുക്ക് അതിനെ സ്വാഗതം ചെയ്യാം; സ്വീകരിക്കാം. അത് വ്യക്തിത്വവികസനത്തിന് സഹായകരമാകും.
”കാക്കവായിലും പൊന്നിരിക്കും”’ എന്ന നാടന്‍ ചൊല്ല്, ആരുടെയും അഭിപ്രായത്തെ അവഗണിക്കുകയോ പുച്ഛിക്കുകയോ ചെയ്യരുതെന്നും കൊള്ളേണ്ടത് കൊള്ളാനും തള്ളേണ്ടത് തള്ളാനും നമുക്ക് കഴിയണമെന്നും പഠിപ്പിക്കുന്നു. ശരീരത്തിലുണ്ടാകുന്ന വേദന നമുക്ക് അസൗകര്യം സൃഷ്ടിക്കുന്നു. പക്ഷേ എന്തോ തകരാറ് ശരീരത്തിലുണ്ടെന്ന് നമ്മെ അറിയിക്കുകയാണ് വേദന. വിമര്‍ശത്തെ ഇത്തരം വേദനയെപ്പോലെയാണ് കാണേണ്ടതെന്ന് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറയുന്നു.
വിമര്‍ശത്തോടുള്ള പ്രതികരണത്തില്‍ വൈകാരിക പക്വത കാണിക്കണം. സഭ്യമായ ഭാഷ തന്നെ ഉപയോഗിക്കണം. ചീത്തവിളിയും അശ്ലീലസംഭാഷണവും ദ്വയാര്‍ഥ പ്രയോഗവും നന്നല്ല; മാന്യവുമല്ല. നിലവിട്ട് ക്ഷോഭിച്ച് സംസാരിക്കരുത്. അസഹിഷ്ണുതയോടെ അരിശവും അമര്‍ഷവും തീര്‍ക്കരുത്. ആശയപരമായ പോരാട്ടം വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്കിടവരുത്തരുത്. നമ്മുടെ മറുപടികള്‍ ഹൃദ്യവും സൗമ്യവും ദീപ്തവുമാകണം. വ്യക്തിത്വത്തിന്റെ മാറ്റുരക്കലാണിവിടെ നടക്കുന്നതെന്നോര്‍ക്കുക. അര്‍ഥശൂന്യമായ ജല്‍പ്പനങ്ങള്‍ നമ്മെ ഒറ്റപ്പെടുത്തും.
സ്തുതിഗീതങ്ങളാണ് ഏവരും ഇഷ്ടപ്പെടുക. അതുകൊണ്ടാണ് മണിയടിക്കാര്‍ പെരുകുന്നത്. പക്ഷേ ഈ സ്തുതി പാഠകവൃന്ദത്താല്‍ വലയം ചെയ്യപ്പെട്ടവര്‍ ഒരു ദിനം തലകുത്തി വീഴും. മുഖസ്തുതിക്കാര്‍ ഓടി മറയും. മുഖസ്തുതിക്കാരേക്കാള്‍ നല്ലവര്‍ സൃഷ്ടിപരമായ വിമര്‍ശകരായിരിക്കും. ”സഹായിക്കാന്‍ മനസ്സുള്ളവര്‍ക്ക് വിമര്‍ശത്തിന് അധികാരമുണ്ടെന്ന്” എബ്രഹാം ലിങ്കണ്‍ പറയുന്നു. വിമര്‍ശം വെറുപ്പിനെ ക്ഷണിച്ചു വരുത്തിയേക്കാം. ആരോഗ്യകരമായ വിമര്‍ശത്തെപ്പോലും ഇഷ്ടപ്പെടാത്തവരും വിരോധത്തോടെ കാണുന്നവരും ഉണ്ട്. നിലപാടുള്ളവര്‍ പോലും വിമര്‍ശം ഒഴിവാക്കുന്നതിന് കാരണമിതാണ്.
വിമര്‍ശത്തില്‍ സൃഷ്ടിപരത ഉള്‍ക്കൊള്ളുക. മറ്റുള്ളവരെ സഹായിക്കണമെന്ന സദുദ്ദേശ്യത്തോടെ മാത്രം തിരുത്തലുകള്‍ നിര്‍ദേശിക്കുക. തികഞ്ഞ ആത്മാര്‍ഥതയോടെയും സൗമനസ്യത്തോടെയും വിഷയത്തെ സമീപിക്കുക. വിമര്‍ശത്തില്‍ സന്തോഷം കണ്ടെത്താതെ നീതി നിറവേറ്റുന്നു എന്ന ബോധ്യത്തോടെ ഉചിതമായി പ്രതികരിക്കുക. ലക്ഷ്യം നന്മയായിരിക്കുക; നന്മ മാത്രം. വിമര്‍ശിക്കുമ്പോള്‍ പലരും വ്യക്തിയെ പരാമര്‍ശിക്കുന്നു. വ്യക്തിയുടെ പ്രവൃത്തിയിലെ പാളിച്ചക്ക് ഊന്നല്‍ നല്‍കിയാല്‍ മതി. പ്രവൃത്തിയിലാണ് തകരാറ്. വ്യക്തിയുടെ ശ്രേഷ്ഠതയെ മുറിപ്പെടുത്താതിരിക്കുക. തെറ്റ് തിരുത്തുന്നതോടൊപ്പം ശരി പറയാനുള്ള വിവേകം കാട്ടണം. കൂടുതല്‍ ശ്രേഷ്ഠമായത് നിര്‍ദേശിക്കാനില്ലെങ്കില്‍ ‘വാ’ തുറക്കരുത്. അരുതായിരുന്നു എന്നതിനേക്കാള്‍’ എങ്ങനെയാകാമായിരുന്നു’ എന്ന ഫലപ്രദമായ നിര്‍ദേശമാണ് സ്വീകാര്യമാകുക.
”നിനക്ക് ബുദ്ധിയില്ല, വിവരമില്ല, യുക്തിയില്ല, ലോകപരിചയമില്ല, പറഞ്ഞാല്‍ മനസ്സിലാകില്ല, അല്ലെങ്കിലും നീ മണ്ടത്തരമേ പറയൂ” എന്നെല്ലാം അഹങ്കാരത്തിന്റെയും പരമപുച്ഛത്തിന്റെയും മേമ്പൊടി ചേര്‍ത്ത് വിളമ്പിയാല്‍ ആര്‍ക്കും ഇഷ്ടപ്പെടില്ല. അഭിപ്രായയൈക്യം ഉണ്ടാകുകയുമില്ല. കാടടച്ച് വെടിവെക്കുന്ന രീതി ഗുണകരമല്ല. ചെറിയ കാര്യങ്ങളെ സാമാന്യവത്കരിച്ച് അടച്ചാക്ഷേപിക്കുന്നത് അനീതിയാണ്. അത് മറ്റുള്ളവരുടെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കും. ”നിങ്ങള്‍ പറയുന്നത് പരമ വിഡ്ഢിത്തമാണ്” എന്ന് തട്ടിവിടുന്നതും ”അങ്ങയുടെ ആശയം തീര്‍ത്തും ശരി തന്നെയോ എന്നെനിക്കു സംശയമുണ്ട്” എന്ന് മയത്തില്‍ വിയോജിക്കുന്നതും തമ്മിലെ അന്തരം ശ്രദ്ധിക്കുക. ആദ്യ പ്രയോഗം ശത്രുത സൃഷ്ടിക്കും. രണ്ടാമത്തെ രീതി മാന്യതയുടെതാണ്.
മൃദുവായ വാക്കുകള്‍, മാന്യത സ്പര്‍ശിക്കുന്ന ശബ്ദം, സൗഹാര്‍ദപരമായ സമീപനം, ക്ഷമ, ആദരവ്, എന്നിവ വിമര്‍ശകന്റെ ആത്മാര്‍ഥത വെളിവാക്കും. അഭ്യൂഹങ്ങളുടെയും മുന്‍വിധികളുടെയും വ്യക്തിവിദേ്വഷത്തിന്റെയും അടിസ്ഥാനത്തില്‍ വിമര്‍ശത്തിന് മുതിരരുത്. സ്‌നേഹം വറ്റിയ ഹൃദയത്തില്‍ നിന്നും വിമര്‍ശം അരുത്. അസൂയയും ആത്മവിശ്വാസക്കുറവും വിമര്‍ശ വിത്താകരുത്. വേരുകള്‍ കുത്തി ഒലിച്ചു പോകുന്ന മലവെള്ളപ്പാച്ചില്‍ പോലെ വിമര്‍ശിക്കരുത്. വിമര്‍ശം ക്രൂരവും നാശോന്മുഖവും ആകരുത്. മറിച്ച് നന്മയുടെ ഉത്കൃഷ്ട ദാഹത്തിന്റെതാകണം.