കര്‍ഷകരുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ട്

Posted on: November 22, 2013 6:00 am | Last updated: November 21, 2013 at 11:19 pm

എല്ലാ സംയമനങ്ങളുടെയും കെട്ട് പൊട്ടിച്ചു കടുത്ത അക്രമങ്ങളിലെക്കും തുടര്‍ഹര്‍ത്താലുകളിലേക്കും കേരളത്തെ ഉന്തിവിടാന്‍ മാത്രം ജനവിരുദ്ധമല്ല ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും എന്ന് ബോധവത്കരിക്കാന്‍ ബാധ്യതയുള്ള രാഷ്ട്രീയ പാര്‍ട്ടികളാണ് ഇപ്പോള്‍ കത്തിച്ച ടയറും ആക്രോശങ്ങളുമായി ഇറങ്ങിയിട്ടുള്ള അക്രമിസംഘങ്ങളുടെ താളത്തിനു തുള്ളിക്കൊടുക്കുന്നത്. എങ്കിലും… ആദ്യമേ പറയട്ടെ, ഈ കുറിപ്പ് സമരത്തെ ആക്ഷേപിക്കാനുള്ളതല്ല.
ഗാഡ്ഗില്‍ ചെയര്‍മാനായി കമ്മിറ്റി രൂപവത്കരിച്ച സമയത്ത് മറ്റു പലരെയും എന്ന പോലെ സമിതിയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ നടത്തുന്ന പഠനങ്ങളുടെ ഭാഗമാകാന്‍ എന്നെയും ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. അന്ന് അതില്‍ പങ്ക് ചേരാന്‍ കഴിഞ്ഞില്ലെങ്കിലും ഗാഡ്ഗില്‍ അടക്കമുള്ളവര്‍ അംഗങ്ങളായിരുന്ന ഒരു മെയില്‍ ഗ്രൂപ്പില്‍ എന്നെയും ഉള്‍പ്പെടുത്തിയിരുന്നു. എങ്കിലും എല്ലാവരെയും പോലെ റിപ്പോര്‍ട്ട് പൊതുസമൂഹത്തിനു മുന്‍പില്‍ എത്തിയപ്പോഴാണ് ഞാനും അത് പൂര്‍ണമായും വായിക്കാന്‍ ഇടയായത്. പല തവണ ഞാന്‍ അത് വായിച്ചുനോക്കി. തീര്‍ച്ചയായും കര്‍ഷകരുടെ ഭാഗത്ത് നിന്ന് എനിക്ക് ചിന്തിക്കാന്‍ കഴിയും. പരിസ്ഥിതിയുടെ പേരില്‍ വിദഗ്ധ സമിതികള്‍ എത്തിച്ചേരുന്ന നിഗമനങ്ങള്‍ തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കാന്‍ ഇടയുണ്ടോ എന്ന് അവര്‍ സംശയിക്കുന്നതില്‍ അടിസ്ഥാനമില്ല എന്ന് ഞാന്‍ പറയില്ല. ഉദാഹരണത്തിന് ഒരിക്കല്‍ പരിസ്ഥിതിലോല പ്രദേശമായി നിര്‍വചിക്കെപ്പെട്ടുകഴിഞ്ഞാല്‍ അതിനു മുകളില്‍ നാളെ മറ്റെന്ത് നിയമം ഉണ്ടാകും എന്ന് ഇപ്പോള്‍ പ്രവചിക്കാനാകില്ല എന്നും അന്ന് അത് തടയാന്‍ കഴിഞ്ഞേക്കില്ല എന്നും അവര്‍ വിചാരിച്ചാല്‍ അതിനെ കുറ്റം പറയാന്‍ പറ്റില്ല. കര്‍ഷകരെ ശത്രുക്കളായി കാണുന്ന ഒരു സമീപനം ഒരിക്കലും സ്വീകാര്യവുമല്ല.
എന്നാല്‍ ഇവിടെ രണ്ട് കാര്യങ്ങള്‍ ഉണ്ടായി. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ തന്നെ ഒരു സമവായത്തില്‍ എത്തുന്നതിനു മുന്‍പായി കസ്തൂരിരംഗന്‍ കമ്മിറ്റി രൂപവത്കരിക്കപ്പെട്ടു. മിന്നല്‍ വേഗത്തിലാണ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നത്. കര്‍ഷകര്‍ പരിസ്ഥിതി ആക്ടിവിസ്റ്റുകളെയോ വിദഗ്ധരെയോ പോലെ, ഇറങ്ങുന്ന റിപ്പോര്‍ട്ടുകളെല്ലാം ഉടന്‍ വായിച്ചു മനസ്സിലാക്കാന്‍ സമയവും സൗകര്യവും ഉള്ളവര്‍ ആകണമെന്നില്ല. ജനാധിപത്യത്തില്‍ ചില സാവകാശങ്ങള്‍ സ്വാഭാവികമായും ഉണ്ടാകും. മൂന്ന് നൂറ്റാണ്ട് കാലത്തെ ചൂഷണസ്വഭാവമുള്ള മനുഷ്യ പ്രവര്‍ത്തനങ്ങളുടെ ചരിത്രമുള്ള പശ്ചിമ ഘട്ടം ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് പൂര്‍ണമായും ഇല്ലാതാകുമെന്നൊക്കെ ഭയന്നാണ് ഈ ധൃതി കൂട്ടല്‍ എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്.
എന്ത് അടിയന്തര പ്രാധാന്യമുള്ള കാര്യമാണെങ്കിലും വലിയ വിഭാഗം ജനങ്ങള്‍ പങ്കെടുക്കുന്ന സമരങ്ങളെ മതത്തിന്റെയും ജാതിയുടെയും ഒക്കെ പേരില്‍ കളം തിരിച്ചു നിര്‍ത്തി ആക്ഷേപിക്കുന്നത് ശരിയായ രീതിയല്ല. സഭയും സി പി എമ്മും കോണ്‍ഗ്രസുമൊക്കെ ഇക്കാര്യത്തില്‍ ഒരു പക്ഷത്താണ് എന്നത് ശരിയാണ്. അതുകൊണ്ട് കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട എന്നുണ്ടോ? ഇത്തരത്തില്‍ ജനങ്ങളെ വിഘടിപ്പിക്കേണ്ടതുണ്ടോ?
കേരളത്തിലെ മലയോര കുടിയേറ്റ ഗ്രാമങ്ങളുടെ ഘടനയും അവിടുത്തെ സാമ്പത്തിക ജീവിതത്തിന്റെ സവിശേഷതകളും അറിയുന്നവരാരും കര്‍ഷകരുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല എന്ന് പറയില്ല. ഇത് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ജനവിരുദ്ധമായതുകൊണ്ടല്ല. മറിച്ചു അത്തരം വിദഗ്ധ സമിതി റിപ്പോര്‍ട്ടുകള്‍ അക്ഷരാര്‍ഥത്തില്‍ നടപ്പില്‍ വരുത്താന്‍ ചിലപ്പോള്‍ പറ്റില്ലെന്നും എതൊക്കെയാണ് ഒഴിവാക്കേണ്ടത് എന്നത് സംബന്ധിച്ച് ഔദ്യോഗിക അന്വേഷണവും അതിനെ കുറിച്ചുള്ള ഔദ്യോഗിക നേതൃത്വത്തിലുള്ള ചര്‍ച്ചകളും ആവശ്യമാണ് എന്നതുമാണ് പ്രധാനം. ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ കേരളവുമായി താരതമ്യപെടുത്തുന്നതില്‍ അര്‍ഥമില്ല. കേരളത്തിലെ കിഴക്കന്‍ പ്രദേശങ്ങളിലെ അധിവാസമാതൃകയോ സാമ്പത്തിക പ്രവര്‍ത്തനങ്ങളോ അല്ല അവിടെ ഉള്ളത്.
പരിസ്ഥിതി സൗഹൃദപരമായ ഒരു കമ്മിറ്റി റിപ്പോര്‍ട്ട് വന്നാല്‍ അതിനെതിരെയുള്ള വാദങ്ങളെ ആക്ടിവിസ്റ്റുകള്‍ക്ക് തീര്‍ച്ചയായും സ്വന്തം വാദമുഖങ്ങള്‍ ഉപയോഗിച്ച് നേരിടാവുന്നതാണ്. എന്നാല്‍ സര്‍ക്കാറിനു അതിലുപരിയായ ഉത്തരവാദിത്വങ്ങള്‍ ഉണ്ട്. എന്തുകൊണ്ട് കേരളത്തിനായി ഗാഡ്ഗില്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങളുടെ പ്രായോഗികത പരിശോധിക്കുന്നതിനു ഒരു പുതിയ അന്വേഷണം ആരംഭിച്ചുകൂടാ? അതില്‍ എന്തുകൊണ്ട് കര്‍ഷക പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൂടാ? ആദിവാസിപ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൂടാ? ആദിവാസികളും കര്‍ഷകരാണ്. ദളിത് വിഭാഗങ്ങളെപ്പോലെ ഭൂമി സ്വന്തമായി ഇല്ലാത്തതു കൊണ്ടാണ് അവരും കര്‍ഷകത്തൊഴിലാളികള്‍ ആയി ജീവിക്കുന്നത്. കര്‍ഷകര്‍ക്കും കത്തോലിക്കാ സഭക്കും പരിസ്ഥിതി നശിപ്പിച്ച് ഭൂമിയെ ഇല്ലാതാക്കുന്നതില്‍ സവിശേഷ താത്പര്യമുണ്ടെന്ന മട്ടില്‍ ചര്‍ച്ചകള്‍ കൊണ്ടു പോകുന്നത് എന്തിനാണ്?
ആദിവാസികളും കുടിയേറ്റക്കാരും തമ്മില്‍ ഉള്ള പ്രശ്‌നം പരിഹരിക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിനു ഒരിക്കലും കഴിഞ്ഞില്ല. ആദിവാസികള്‍ക്ക് ഭൂമി തിരികെ നല്‍കാനുള്ള കോടതിനിര്‍ദേശം നടപ്പില്‍ വരുത്താന്‍ കഴിഞ്ഞില്ല. ഇനിയൊരിക്കലും അതിനു കഴിയാത്ത രീതിയില്‍ നിരവധി നിയമങ്ങള്‍ കൊണ്ടുവന്നു ആ പ്രശ്‌നത്തെ ഇല്ലാതാക്കുക കൂടി ചെയ്തു ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം. പട്ടയം നല്‍കി വനഭൂമി ഇല്ലാതായപ്പോള്‍ അതിനെതിരെ ആരും അനങ്ങിയില്ല. വനം വകുപ്പിന്റെ സാധ്യതകള്‍ നോക്കുക. വനം കൊള്ളക്കെതിരെയുള്ള നിയമങ്ങള്‍ നടപ്പിലാക്കാന്‍ അവര്‍ക്ക് കഴിയില്ല, പക്ഷേ തീ കത്തിക്കാന്‍ വിറക് ശേഖരിക്കുന്ന ആദിവാസികളെ പിടിച്ചു പീഡിപ്പിക്കാന്‍ കഴിയും. ഇപ്പോള്‍ ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോട്ടുകള്‍ നടപ്പിലാക്കിയാല്‍ കര്‍ഷകരുടെ ചെറിയ പ്രവര്‍ത്തനങ്ങള്‍ തടയാനും അവരെ പീഡിപ്പിക്കാനും നടക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തിന് വലിയ പരിസ്ഥിതി നാശം ഉണ്ടാക്കുന്നവരെ തൊടാന്‍ പോലും കഴിയില്ല. ഇക്കാര്യങ്ങള്‍ എല്ലാം മറന്നുകൊണ്ട് ഈ സമരത്തെ പൂര്‍ണമായും അധിക്ഷേപിക്കാന്‍ ഞാന്‍ ഒരുക്കമല്ല.
ജനാധിപത്യത്തില്‍ സമവായങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. അതിനു ക്ഷമാപൂര്‍വമായ ചര്‍ച്ചകള്‍ ആവശ്യമാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ കസ്തൂരിരംഗന്‍ സമിതി ഉണ്ടാക്കുകയും ഇപ്പോള്‍ ധൃതിപ്പെട്ട് ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉത്തരവ് ഇറക്കുകയും ചെയ്യുന്നതും സമവായത്തെ സഹായിക്കുന്ന നടപടികള്‍ ആയിരുന്നില്ല. വിജ്ഞാപനങ്ങള്‍ക്കു നിയമ സാധുതയുണ്ട്. അവ ഓരോ പ്രദേശത്തെയും എങ്ങനെ വ്യത്യസ്തമായി ബാധിക്കുന്നു എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല.
സമരം അക്രമാസക്തമാകുന്നതിനു പിന്നില്‍ നിക്ഷിപ്ത താത്പര്യക്കാരുടെ ചരടു വലികള്‍ ഉണ്ടാകാം. അത് പ്രതിപക്ഷത്തോ ഭരണപക്ഷത്തോ ഉള്ളവരോ മാഫിയകളോ ആകാം. പക്ഷേ കര്‍ഷകര്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവും ഇല്ല എന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. കാരണം അവരുടെ നിത്യജീവിതത്തെ സാരമായി സ്പര്‍ശിക്കുന്ന ഒരു റിപ്പോര്‍ട്ടാണത്. കൃഷി എങ്ങനെ ഭാവിയില്‍ മാറ്റണം എന്നതിനെ കുറിച്ചുള്ള വ്യക്തമായ ചില നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്. കൃഷി മാത്രമല്ല, നിരവധി സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന കാര്യങ്ങള്‍ വിവിധ സന്ദര്‍ഭങ്ങളിലായി റിപ്പോര്‍ട്ടില്‍ കടന്നുവരുന്നു. ഇവയെ കുറിച്ച് അഭിപ്രായം പറയാനുള്ള കര്‍ഷകരുടെ അവകാശത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ല.
അതുകൊണ്ട് തന്നെ മലയോര നിവാസികള്‍ക്കെതിരെയുള്ള നുണ പ്രചാരണങ്ങള്‍ ദയവായി അവസാനിപ്പിക്കണം. വെറുതെ കണ്ണടച്ച് മാഫിയ, കത്തോലിക്ക സഭ, ഇടതുപക്ഷം എന്നൊക്കെ പറഞ്ഞു തള്ളരുത്. ഗാഡ്ഗില്‍ല്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം എന്ന് വിളിച്ചുപറഞ്ഞാല്‍ ഇപ്പോള്‍ എളുപ്പത്തില്‍ എല്ലാ നഗരവാസികള്‍ക്കും പരിസ്ഥിതി വാദികളാവാം. ഭൂരിപക്ഷത്തിനു അപ്രിയമായ കാര്യങ്ങള്‍ പറയുന്നതിന് മടിയില്ല. അതിന്റെ പേരിലുള്ള ശകാരങ്ങളെയും ഭയമില്ല. ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളില്‍ പരിസ്ഥിതി സംരക്ഷണത്തിനു സഹായകമായ ഒട്ടേറെ നിര്‍ദേശങ്ങള്‍ ഉണ്ട്. അവയില്‍ പലതും നടപ്പിലാക്കുകയും വേണം. എന്നാല്‍ അവ രണ്ടും അടിസ്ഥാനപരമായി ഉപയോഗിക്കുന്ന അന്തര്‍ ദേശീയ സാങ്കേതിക പദങ്ങളില്‍ പലതും (ഉദാഹരണത്തിന് പരിസ്ഥിതി ലോല പ്രദേശം തുടങ്ങിയവ) അധിവാസ കേന്ദ്രങ്ങളില്‍ അടിച്ചേല്‍പ്പിച്ചാല്‍ അതിന്റെ ഫലമായുണ്ടാകുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ക്രമീകരണം മനുഷ്യജീവിതം ദുസ്സഹമാക്കുന്നതാണ്. അങ്ങനെ ചെയ്യണമെങ്കില്‍ അതിനു നഷ്ടപരിഹാര പാക്കേജുകളും സബ്‌സിഡികളും പ്രഖ്യാപിക്കണം. ആ പ്രദേശത്തുള്ളവരുമായി ചര്‍ച്ച നടത്തണം. ‘അഭിപ്രായം എഴുതി അറിയിക്കൂ, അറുപത് ദിവസത്തിനുള്ളില്‍’ എന്നൊന്നും പറഞ്ഞാല്‍ മതിയാകില്ല. സ്വന്തം ഭൂമിയുടെ മേലുള്ള അവകാശം കേവലം ഒരു ആശയം മാത്രമായി മാറാന്‍ ഇത് വഴി തെളിക്കും. പശ്ചിമഘട്ടത്തിലെ വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങളെ ഒരു പോലെ കാണാന്‍ കഴിയില്ല. പുതിയ പരികല്‍പ്പനകളോ, അല്ലെങ്കില്‍ പഴയ പരികല്‍പ്പനകള്‍ക്ക് പുതിയ നിര്‍വചനമോ കൊണ്ടുവരാതെ ഈ രണ്ട് നിര്‍ദേശങ്ങളും നടപ്പിലാക്കാം എന്ന് കരുതുന്നുത് മൗഢ്യമാണ്. അവിടുത്തെ ജനങ്ങളെ പള്ളിയെന്നും സഭയെന്നും മാഫിയയെന്നും ഒക്കെ പറഞ്ഞു ആക്രമിക്കുന്നത് നിര്‍ത്തിവെച്ച്, അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാകുകയാണ് വേണ്ടത്. ഇതൊരു ജനകീയ സമരം തന്നെയാണ്. ഇതിനെ ആര് പിന്തുണക്കുന്നു എന്നതല്ല എന്റെ പ്രശ്‌നം. എന്റെ വായനയില്‍ തെളിഞ്ഞ വസ്തുത ഞാന്‍ എന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പങ്ക് വെക്കുന്നതാണ്. അടിയന്തരമായി ചെയ്യാനുള്ള കാര്യങ്ങള്‍ ഇവയാണ്:
1. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി ഇറക്കിയ വിജ്ഞാപനം പിന്‍വലിക്കുക.
2. ഭൂമിയുടെ പുനര്‍വിതരണവുമായി ബന്ധപ്പെട്ട് ആദിവാസികള്‍ ഉയര്‍ത്തിയിട്ടുള്ള പ്രശ്‌നങ്ങള്‍ അടക്കം കുടിയേറ്റ പ്രദേശങ്ങളിലെ ഭൂപ്രശ്‌നം അടിയന്തര അജന്‍ഡ ആയി ഏറ്റെടുക്കുക.
3. പരിസ്ഥിതി ചൂഷണം തടയുന്നതിന് –ക്വാറീയിംഗ് അടക്കം നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക. അതിനെ കുറിച്ചുള്ള ഒരു സ്റ്റാറ്റസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക.
4. സമരസമിതിയുമായും ഒപ്പം ആദിവാസി സംഘടനകളുമായും ചര്‍ച്ച നടത്തുക.
5. പശ്ചിമഘട്ടത്തെ ജനസാന്ദ്രതയുടെ അടിസ്ഥാനത്തില്‍ കണ്ടുകൊണ്ടു വിവിധ സംസ്ഥാനങ്ങള്‍ക്ക് പശ്ചിമഘട്ട പരിസ്ഥിതി നയ രൂപവത്കരണത്തില്‍ സ്വയംഭരണം നല്‍കുക.