പാക് മദ്‌റസയില്‍ ഡ്രോണ്‍ ആക്രമണം: 8 മരണം

Posted on: November 21, 2013 11:51 pm | Last updated: November 21, 2013 at 11:51 pm

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ മദ്‌റസയില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ (ആളില്ലാ വിമാനം) ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടു. വടക്കു പടിഞ്ഞാറന്‍ മേഖലയായ ഖൈബര്‍ പഖ്തുന്‍ഖ്വായിലെ ഹാംഗു ജില്ലയിലെ താല്‍ പട്ടണത്തിലേക്ക് പറന്ന ഡ്രോണ്‍ നാല് മിസൈലുകളാണ് തൊടുത്തുവിട്ടത്. രാവിലെ അഞ്ച് മണിയോടെയായിരുന്നു ആക്രമണം. അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആളില്ലാ വിമാനമായ ഡ്രോണുകളുപയോഗിച്ച് അമേരിക്ക നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുമ്പോഴാണ് തീവ്രവാദി മേഖലക്ക് പുറത്തുള്ള ആക്രമണം. മദ്‌റസയിലെ മൂന്നു വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവരാണ് മരിച്ചത്. അഹമ്മദ് ജാന്‍ എന്ന താലിബാന്‍ ഹഖാനി ഗ്രൂപ്പ് തീവ്രവാദിയെ ലക്ഷ്യമിട്ടായിരുന്നുവത്രേ ആക്രമണം. അഫ്ഗാനിസ്ഥാനിലെ പല ചാവേര്‍ ആക്രമണങ്ങളും ഇയാളാണ് ആസൂത്രണം ചെയ്തിരുന്നതെന്നും അമേരിക്ക ആരോപിക്കുന്നു.

താലിബാനുമായി ചര്‍ച്ച നടക്കുന്നതുകൊണ്ട് ഡ്രോണ്‍ ആക്രമണം നിര്‍ത്തിവെക്കാമെന്ന് അമേരിക്ക സമ്മതിച്ചതായി പാക് സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞതിനു തൊട്ടുപിന്നാലെയായിരുന്നു ആക്രമണം.കനത്ത തീവ്രവാദി സാന്നിധ്യമുള്ള വസീറിസ്ഥാനു പുറത്ത് ഡ്രോണ്‍ ആക്രമണങ്ങള്‍ അപൂര്‍വമാണ്.നവംബര്‍ ഒന്നിന് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഹഖാനി ശൃംഖലയുടെ നേതാവ് ഹക്കീമുല്ല മഹ്‌സൂദ് കൊല്ലപ്പെട്ടിരുന്നു. ഡ്രോണ്‍ ആക്രമണത്തെ പാക്കിസ്ഥാന്‍ ശക്തമായി അപലപിച്ചു. പാക്കിസ്ഥാന്റെ പരമാധികാരത്തെയും ദേശീയതയെയും ചോദ്യം ചെയ്യുന്ന ആക്രമണങ്ങളാണ് യു എസ് നടത്തുന്നതെന്ന് സര്‍ക്കാര്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. നിരപരാധികളെയാണ് ഡ്രോണ്‍ ആക്രമണങ്ങളിലൂടെ കൊന്നൊടുക്കുന്നതെന്നും അടിയന്തരമായി ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്താന്‍ യു എസ് പ്രകോപനം സൃഷ്ടിക്കരുതെന്നും വക്താവ് പറഞ്ഞു.