പാസ് ലഭിച്ച് മണല്‍ ലഭിക്കാത്തവര്‍ക്ക് ബദല്‍ സംവിധാനം

Posted on: November 21, 2013 10:34 am | Last updated: November 21, 2013 at 10:34 am

കാസര്‍കോട്: പോര്‍ട്ട് കടവുകളുടെ ടെണ്ടര്‍ നടപടിയോടനുബന്ധിച്ച് സപ്തംബര്‍ രണ്ട് മുതല്‍ പോര്‍ട്ട് മണല്‍ വിതരണം നിര്‍ത്തിവെച്ചിരുന്ന സാഹചര്യത്തില്‍ പ്രസ്തുത തീയ്യതികളില്‍ ഇ-മണല്‍ സംവിധാനം വഴി പോര്‍ട്ട് മണല്‍ ബുക്ക് ചെയ്തവര്‍ക്ക് ഘട്ടംഘട്ടമായി ബദല്‍ സംവിധാനത്തിലൂടെ മണല്‍ ലഭ്യമാക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ആദ്യഘട്ടമായി സെപ്തംബര്‍ രണ്ട് മുതല്‍ അഞ്ച് വരെ മണല്‍പാസ് ലഭിച്ചവര്‍ക്കാണ് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പോര്‍ട്ട് കടവുകളില്‍നിന്നും മണല്‍ എടുക്കുവാന്‍ കഴിയാതിരുന്ന അച്ചാംതുരുത്തി, കൈതക്കാട്, മാട്ടുമ്മല്‍ കടവുകളില്‍ പാസ് ലഭിച്ചവരൊഴികെയുള്ള ഉപഭോക്താക്കളില്‍ സെപ്തംബര്‍ രണ്ടാം തീയ്യതിയിലേക്ക് പാസ് ലഭിച്ചവര്‍ക്ക് ഈമാസം 25 തീയ്യതി മണല്‍ ലഭിക്കും. സപ്തംബര്‍ മൂന്നാം തീയ്യതിയിലേക്ക് പാസ് ലഭിച്ചവര്‍ക്ക് 26 ാം തീയ്യതിയും നാലാം തീയ്യതിയിലേക്ക് പാസ് ലഭിച്ചവര്‍ക്ക് 27ാം തീയ്യതിയും അഞ്ചാം തീയ്യതിയിലേക്ക് പാസ് ലഭിച്ചവര്‍ക്ക് 28 ാം തീയ്യതിയും പോര്‍ട്ട് മണല്‍ ലഭിക്കുന്നതാണ്. മണല്‍ വില സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചതിനാല്‍ വിലവ്യത്യാസം ഗുണഭോക്താക്കള്‍ അതാത് കടവുകളില്‍ അടക്കേണ്ടതാണ്. മൂന്ന് ടണ്ണിനായി 2,690 രൂപ അടച്ചിട്ടുള്ളവര്‍ 160 രൂപ അധികമായും അഞ്ച് ടണ്ണിനായി 4,310 രൂപ അടച്ചിട്ടുള്ളവര്‍ 440 രൂപ അധികമായും ഏഴ് ടണ്ണിനായി 5,930 രൂപ അടച്ചിട്ടുള്ളവര്‍ 720 രൂപ അധികമായും മണല്‍ എടുക്കുന്ന സമയത്ത് അതാത് കടവുകളില്‍ തന്നെ അടക്കേണ്ടതാണ്. മണല്‍ വിതരണം സുഗമമായി നടപ്പാക്കുന്നതിന് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.