ആറന്മുള പദ്ധതിക്ക് കടമ്പകളേറെ

Posted on: November 21, 2013 6:00 am | Last updated: November 21, 2013 at 12:38 am

siraj copyപരിസ്ഥിതി സംഘടനകളുടെയും പ്രദേശ വാസികളുടെയും പ്രതിപക്ഷത്തിന്റെയും ക്രടുത്ത എതിര്‍പ്പ് അവഗണിച്ച് ആറന്മുള വിമാനത്താവളത്തിന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിരിക്കയാണ്. റിലയന്‍സ് ഗ്രൂപ്പിന്റെ സഹകരണത്തോടെ ചെന്നൈയിലെ കെ ജി എസ് ഗ്രൂപ്പാണ് വിമാനത്താവളം നിര്‍മിക്കുന്നത്. 2000 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം ഒരു മാസത്തിനകം ആരംഭിച്ചു 2015 ഓടെ പൂര്‍ത്തിയാക്കുമെന്നാണ് കെ ജി എസ് ഗ്രൂപ്പിന്റെ അവകാശവാദം. റവന്യു ഭൂമി നല്‍കുന്നതുള്‍പ്പെടെ പദ്ധതി നിര്‍മാണത്തിനാവശ്യമായ പ്രാരംഭ നടപടികള്‍ വേഗത്തിലാക്കാന്‍ ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിട്ടുമുണ്ട്. പദ്ധതിക്കു വേണ്ടി നെല്‍വയല്‍, നീര്‍ത്തട നിയമത്തിലും മിച്ചഭൂമി കൈയ്യേറിയ വിഷയത്തിലും ഇളവ് നല്‍കാന്‍ തീരുമാനയതായും അറിയുന്നു.
എന്നാല്‍ കമ്പനി അവകാശപ്പെടുന്നത് പോലെ അത്ര എളുപ്പമല്ല പദ്ധതി നിര്‍മാണം. 700 ഏക്കര്‍ സ്ഥലത്താണ് വിമാനത്താവളം നര്‍മിക്കനുദ്ദേശിക്കുന്നത്. ഇതിനാവശ്യമായ ഭൂമി ഇതുവരെ കമ്പനിക്ക് ലഭിച്ചിട്ടില്ല. വയല്‍ മേഖലയില്‍ അഞ്ഞൂറേക്കര്‍ കമ്പനി നേരത്തേ വാങ്ങിയിരുന്നെങ്കിലും ഇതില്‍ 232 ഏക്കര്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ചിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ടു വിവിധ കോടതികളില്‍ നടന്നു വരുന്ന ഏഴ് കേസുകളില്‍ തീര്‍പ്പാവേണ്ടതുമുണ്ട്. പദ്ധതിമേഖലയില്‍ കടക്കരുതെന്നും നിര്‍മാണം നടത്തരുതെന്നുമാണ് പത്തനംതിട്ട സബ് കോടതിയുടെ ഉത്തരവ്. പദ്ധതിപ്രദേശത്തെ മൂന്ന് ഗ്രാമങ്ങളിലെ 20 ശതമാനം ജനങ്ങളെ കുടിയിറക്കുകയും വേണം. പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടിക്കെതിരെ പൈതൃകഗ്രാമ കര്‍മസമിതി ഗ്രീന്‍ ട്രിബ്യൂണലില്‍ അപ്പീല്‍ നല്‍കാനിരിക്കയുമാണ്. പദ്ധതിക്ക് ഭൂമി വിട്ടുകൊടുക്കേണ്ടെന്നാണ് സ്ഥലത്തെ ഭൂവുടമകളുടെ തീരുമാനം. പ്രതിപക്ഷ കക്ഷികളൊന്നടങ്കവും സുധീരന്‍, കെ മുരളീധരന്‍ തുടങ്ങി ഭരണപക്ഷത്തെ പല പ്രമുഖരും പദ്ധതിക്കെതിരുമാണ്.
തിരുവനന്തപുരത്തും കോഴിക്കോട്ടും കൊച്ചിയിലുമായി മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ സംസ്ഥാനത്ത് നിലവിലുണ്ട്. കണ്ണൂര്‍ വിമാനത്താവളം നിര്‍മാണത്തിലുമാണ്. കൂടാതെ കൊച്ചിയില്‍ ഒരു നാവിക വിമാനത്താവളവുമുണ്ട്. 38,863 ചതുരശ്ര കി. മീറ്റര്‍ മാത്രം വിസ്തൃതി വരുന്ന കൊച്ചു കേരളത്തില്‍ എന്തിനാണിനിയുമൊരു വിമാനത്താവളമെന്നാണ് കെ. മുരളീധരന്റെ ചോദ്യം. ഒരു പിടി സമ്പന്നരുടെ ആവശ്യമാണ് ഈ പദ്ധതി. സാധാരണക്കാര്‍ക്കിതില്‍ അശേഷം താത്പര്യമില്ല. സ്വകാര്യ കമ്പനികള്‍ക്ക് ലാഭം കൊയ്യാനായി രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഭൂമാഫിയകളും ചേര്‍ന്നു നടത്തുന്ന നിയമവിരുദ്ധമായ ഒരേര്‍പ്പാടാണ് ഇതെന്നും പരിസ്ഥിതി വാദികള്‍ ആരോപിക്കുന്നു.
വിമാനത്താവളത്തിന്റെ പേരില്‍ ഒരിഞ്ച് ഭൂമിയോ, വയലോ നികത്തില്ലെന്നും ഒരു കുടുംബത്തെ പോലും കുടിയൊഴിപ്പിക്കില്ലെന്നുമാണ് സര്‍ക്കാറും നിര്‍മാണക്കമ്പനിയും ഉറപ്പ് നല്‍കുന്നതെങ്കിലും വയല്‍ നികത്താതെയും കുടിയൊഴിപ്പിക്കാതെയും പദ്ധതി നടപ്പാക്കാനാകില്ലെന്നതാണ് വസ്തുത. വിമാനത്താവള നിര്‍മാണത്തിന് കനകക്കുന്ന്, കോഴിമല, ചിറ്റൂര്‍ പുരയിടം മലകള്‍ ഇടിച്ചു നിരത്താനും അഞ്ഞൂറ് ഏക്കര്‍ വയല്‍ നികത്താനും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അനുമതി നല്‍കിയതിന്റെ രേഖകള്‍ നേരത്തെ പുറത്തു വന്നതാണ്. ഈ കുന്നുകള്‍ നികത്തുമ്പോള്‍ 500ല്‍ പരം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പദ്ധതിയുടെ ഭാഗമായി ഷോപ്പിംഗ് മാളുകളും ഹോട്ടല്‍ സമുച്ചയങ്ങളുമടങ്ങുന്ന മൂന്ന് ടൌണ്‍ഷിപ്പുകളും വിപുലമായ സാമ്പത്തിക മേഖലകളും നിര്‍മിക്കാനും തീരുമാനമുണ്ട്. ഇതെല്ലാം പൂര്‍ത്തിയാക്കണമെങ്കില്‍ 3000ല്‍ പരം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്നാണ് നിഗമനം. റണ്‍വേക്ക് കുറുകെ ഒഴുകുന്ന കോഴിത്തോടിന്റെ സ്വാഭാവക ഒഴുക്കിന് തടസ്സം സൃഷ്ടക്കരുതെന്ന നിബന്ധനയോടെയാണ് പരിസ്ഥിതി, വനം മന്ത്രാലയം അനുമതി നല്‍കിയതെങ്കിലും കോഴിത്തോട് വഴിതിരിച്ചു വിടാതെ പദ്ധതി പ്രവര്‍ത്തനം സുഗമമായി നടത്താനാകില്ല.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളുടെ വികസനവും ടൂറിസം രംഗത്തെ കുതിച്ചുചാട്ടവുമാണ് വിമാനത്താവള നിര്‍മാണത്തിന് സര്‍ക്കാര്‍ പറയുന്ന ന്യായീകരണം. എന്നാല്‍ പരിസ്ഥിതിദുര്‍ബലമായ ഒരു പ്രദേശത്ത് ആവാസ വ്യവസ്ഥക്ക് കനത്ത ആഘാതമേല്‍പ്പിച്ചു വേണോ ഇത്തരമൊരു പദ്ധതിയെന്ന പരിസ്ഥിതിസ്‌നേഹികളുടെ ചോദ്യം പ്രസക്തമാണ്. പ്രകൃതിയെയും തണ്ണീര്‍ത്തടങ്ങളെയും നശിപ്പിച്ചു നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നാടിനും ജനങ്ങള്‍ക്കും സൃഷ്ടിക്കുന്ന ദൂരവ്യാപകമായ ആഘാതങ്ങളും കെടുതികളും കണക്കിലെടുക്കുമ്പോള്‍ തുലോം തുച്ഛമാണ് അതിന്റെ നേട്ടങ്ങളെന്ന് കാണാം.