എയര്‍ ഇന്ത്യ എന്തിന് പൊതുമേഖലയില്‍?

Posted on: November 21, 2013 6:00 am | Last updated: November 21, 2013 at 2:18 pm

air indiaഎയര്‍ ഇന്ത്യ വിമാനം എന്തിന് സ്വകാര്യവത്കരിക്കാതിരിക്കണം? ദേശീയ വിമാന കമ്പനിയുടെ നിലനില്‍പ്പിനും സുരക്ഷക്കും ഇനി സ്വകാര്യവത്കരിക്കുകയേ നിര്‍വാഹമുള്ളൂ എന്നു പറഞ്ഞ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി അജിത് സിംഗിനെ എന്തിനു എതിര്‍ത്തു പിന്തിരിപ്പിക്കുന്നു? ഈ സ്ഥാപനം പൊതുമേഖലയില്‍ തുടരേണ്ടതിന്റെ ആവശ്യമെന്താണ്? പ്രതിക്രിയാവാദികളായ പൊതുമേഖലാവാദികള്‍ നല്‍കേണ്ട ഉത്തരമാണിത്. ഒരു ജനായത്ത രാജ്യത്ത്, ജനങ്ങളുടെ നികുതപ്പണം മുഖ്യ ഭരണവരുമാനമായി കണക്കാക്കുന്ന ദേശത്ത് പൊതുമേഖലാ സ്ഥാപനത്തിനു നിര്‍വഹിക്കാനുള്ള ദൗത്യവും അത് എയര്‍ ഇന്ത്യയില്‍നിന്ന് കഴിഞ്ഞ ഒരു പതിറ്റാണ്ടിലെങ്കിലും എങ്ങനെ സാധ്യമാകുന്നുവെന്ന വിവരണം കൂടി ചേര്‍ത്തുവെച്ചു വേണം മേല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പൂരിപ്പിക്കാന്‍.
ഒരു രാജ്യത്തിന്റെ ദേശീയ ആകാശ വാഹനത്തിന് നിര്‍വഹിക്കാന്‍ ദൗത്യങ്ങേളേറെയുണ്ടെങ്കിലും എയര്‍ ഇന്ത്യ വര്‍ഷങ്ങളായി മുടക്കമില്ലാതെ നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന ധര്‍മം പ്രതിവര്‍ഷം പൊതു ഖജനാവില്‍നിന്ന് ആയിരക്കണക്കിനു കോടി രൂപ കാര്‍ന്നു തിന്നുകയെന്നതാണ്. ഇതിനകം പുറത്തുവന്നിട്ടുള്ള ഉദ്യോഗസ്ഥ, രാഷ്ട്രീയ അഴിമതി വേറെയും. എന്നിട്ടും ഒരു നാലാം കിട വിമാന കമ്പനിയില്‍നിന്നു കിട്ടേണ്ട സേവനം പോലും ഈ പേടകത്തില്‍ നിന്നു ലഭിക്കുന്നില്ലെന്ന് അതിന്റെ ഗുണഭോക്താക്കളാകുന്നതില്‍ പ്രധാനികളായ ഗള്‍ഫ് മലയാളികള്‍ നൂറ് വട്ടം പറയും. അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും കൊണ്ട് പ്രതിദിനം തകര്‍ന്നുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് എയര്‍ ഇന്ത്യ. ഈ ഘട്ടത്തിലും അതിനു കാരണക്കാരായവരെയും പ്രേരകമായ നവലിബറല്‍ സ്വകാര്യവത്കരണ സിദ്ധാന്തങ്ങളെയും കുറിച്ചുള്ള പ്രത്യയശാസ്ത്ര പ്രസംഗം നടത്തുന്നവരുണ്ട്. കോടികള്‍ മുടിക്കുന്ന സാഹചര്യത്തില്‍നിന്നുള്ള രാഷ്ട്രത്തിന്റെ മോചനവും ദേശീയ വിമാനക്കമ്പനി ജനങ്ങള്‍ക്കു പ്രയോജനപ്പെടണമെന്ന പ്രയോഗവുമാണ് സിദ്ധാന്തത്തേക്കാള്‍ പ്രധാനമെന്നു പറയാന്‍ കോണ്‍ഗ്രസുകാരും തയാറാകുന്നില്ല.
രാജ്യത്തിന്റെ ഔദ്യോഗിക വിമാനത്തില്‍നിന്നും ജനത്തിനു കിട്ടേണ്ട സേവനം കിട്ടാതിരിക്കുകയും മറുവശത്ത് ഇതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ, വിദേശ സ്ഥാപനങ്ങള്‍ മാന്യമായി പ്രവര്‍ത്തിച്ച് ജനഹിതം നേടുകയും ചെയ്യുമ്പോഴും അസംഭവ്യമായ സ്വപ്‌നങ്ങളെ മുന്‍നിര്‍ത്തി പൊതുമേഖലയെ പുകഴ്ത്തുന്നതിലെ മണ്ടത്തരങ്ങള്‍ എയര്‍ ഇന്ത്യയെ മാത്രമല്ല, ദേശീയ വിമാന കമ്പനിയെ ആശ്രയിക്കാന്‍ കാത്തിരിക്കുന്ന ലക്ഷക്കണക്കിനു പ്രവാസി ഇന്ത്യക്കാരെയും എയര്‍ ഇന്ത്യയില്‍ ജീവിതോപാധി തേടുന്ന ആയിരക്കണക്കിനു ജീവനക്കാരെയും അനുബന്ധമായും പരോക്ഷമായും പ്രവര്‍ത്തിക്കുന്ന നൂറു കണക്കിനു കമ്പനികളെയും കഷ്ടപ്പെടുത്തുന്നതുകൂടിയാണ്.
ലാഭകരമായി ഒരു വ്യവസായ മേഖല സ്ഥാപിച്ചു പ്രവര്‍ത്തിക്കുക, പ്രവര്‍ത്തിക്കുന്ന മേഖലയില്‍ ജനങ്ങള്‍ക്കു മികച്ച സേവനം ലഭ്യമാക്കുക, ഇതുവഴി ഈ രംഗത്തെ സ്വകാര്യ ചൂഷണം ഒഴിവാക്കുക, രാജ്യത്തെ പൗരന്‍മാര്‍ക്ക് സര്‍ക്കാര്‍ ജോലിക്കു സമാനമായി തൊഴിലവസരം സൃഷ്ടിക്കുക തുടങ്ങിയവയാണ് സര്‍ക്കാര്‍ ഖജനാവിലെ പണം മൂലധനമായും സബ്‌സിഡിയായും സ്വീകരിച്ചു തുടങ്ങുന്ന ഒരു പൊതുമേഖലാ സ്ഥാപനം നിര്‍വഹിക്കേണ്ട അടിസ്ഥാന ധര്‍മങ്ങളില്‍ പ്രധാനം എന്നു കരുതുന്നു. എങ്കില്‍ ഇതില്‍ ഏതു ദൗത്യമാണ് എയര്‍ ഇന്ത്യ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്? സ്ഥിതിവിവരക്കണക്കുകളുടെയോ സി എ ജി റിപ്പോര്‍ട്ടിന്റെയോ പിന്‍ബലമില്ലാതെ തന്നെ എങ്കില്‍ എയര്‍ ഇന്ത്യ അടച്ചു പൂട്ടേണ്ട കാലം കഴിഞ്ഞുവെന്ന് പറയാം. കേന്ദ്ര മന്ത്രി അജിത്‌സിംഗ് പറഞ്ഞതും അതാണ്. ഇനിയും ഖജനാവില്‍നിന്ന് പണം അനുവദിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു. പിടിച്ചു നില്‍ക്കാനായി ബേങ്ക് വായ്പ കിട്ടാന്‍ സര്‍ക്കാറിന്റെ ജാമ്യം തേടി നടക്കുകയാണ് എയര്‍ ഇന്ത്യ ഇപ്പോള്‍. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നം ഇതിനകം രാജ്യത്തെയും പുറത്തെയും സ്വകാര്യ വിമാനക്കമ്പനികള്‍ ഏതാണ്ട് പരിഹരിച്ചു കഴിഞ്ഞു. അപ്പോഴും എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്ന ആയിരങ്ങളുടെയും കോടികളുടെ കടത്തിന്റെയും ബാധ്യത ആര് ഏറ്റെടുക്കും? നിലവിലുള്ള ബാധ്യതയല്ല, ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്ന ബാധ്യതയെക്കുറിച്ച് ഈ രാജ്യത്തെ ഓരോ പൗരനും ആശങ്കയുണ്ട്.
ലോകതലത്തില്‍ കുതിച്ചു വളരുന്ന വ്യവസായങ്ങളിലൊന്നായി എയര്‍ലൈന്‍ മേഖല മാറുകയും രാഷ്ട്രങ്ങള്‍ ദേശീയ വിമാന കമ്പനികള്‍ക്ക് മുഖ്യ പരിഗണന നല്‍കുകയും ചെയ്യുന്ന കാലത്ത്, എയര്‍ ഇന്ത്യയുടെ പ്രസക്തി വലുതാണ്. എന്നാല്‍ സംഭവിച്ചു കൊണ്ടിരിക്കുന്നന്നത് മറിച്ചാണ്. ഇന്ത്യയില്‍നിന്നും കൂടുതല്‍ യാത്രക്കാരെ വഹിക്കുന്ന വിമാനം ദുബൈയുടെ ‘എമിറേറ്റ്‌സ്’ ആണ്. യാത്രാ അനുമതികള്‍ പരമാവധി നിഷേധിച്ചും നിരുത്സാഹപ്പെടുത്തിയും എയര്‍ ഇന്ത്യക്ക് അവസരം സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടുകൂടി ഒരു വിദേശ വിമാനം നമ്മുടെ ആകാശത്ത് മേല്‍ക്കോയ്മ നേടിയിരിക്കുന്നു. സ്വകാര്യ വിമാനങ്ങള്‍ വഹിക്കുന്ന സീറ്റുകളുടെ എണ്ണം കൂടി ചേര്‍ത്താണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് രാജ്യാന്തര സര്‍വീസില്‍ എമിറേറ്റ്‌സിനു പിറകില്‍ രണ്ടാംസ്ഥാനത്ത് നില്‍ക്കാന്‍ കഴിയുന്നത്. എമിറേറ്റ്‌സ് ഒരു രാഷ്ട്രത്തിന്റെ വിമാനമല്ല, ഇന്ത്യന്‍ നഗരങ്ങളിലേക്ക് യഥേഷ്ടം സര്‍വീസ് നടത്തുന്ന ഇത്തിഹാദ്, എയര്‍ അറേബ്യ, റാക് എയര്‍വെയ്‌സ് എന്നീ അഞ്ച് ഔദ്യോഗിക വിമാന സര്‍വീസുകള്‍ നടത്തുന്ന യു എ ഇയിലെ സംസ്ഥാനങ്ങളിലൊന്നിന്റെ വിമാനമാണ് എന്നുകൂടി അറിയുമ്പോള്‍ എയര്‍ ഇന്ത്യയുടെ ‘വലിപ്പം’ മനസ്സിലാകുന്നു.
ഇന്ത്യയില്‍നിന്നു വിദേശത്തേക്കു പറക്കാന്‍ തയാറെടുക്കുന്നവരില്‍ ഭൂരിഭാഗവും ആദ്യം തിരഞ്ഞെടുക്കുന്ന വിമാനം എയര്‍ ഇന്ത്യ ആകാതിരിക്കുന്നതിന് കാരണങ്ങള്‍ പലതാണ്. വിമാനങ്ങളിലെ ആധുനികവത്കരണമില്ലായ്മയുള്‍പ്പെടെയുള്ള അസൗകര്യങ്ങള്‍, സുരക്ഷാഭീതി, സമയകൃത്യതയിലെ ആശങ്ക, മികച്ച സൗകര്യങ്ങള്‍ തരുന്ന വിദേശ, സ്വകാര്യ വിമാനങ്ങളില്‍നിന്നും വ്യത്യസ്തമല്ലാത്തതോ പലപ്പോഴും ഉയര്‍ന്നതോ ആയ നിരക്കുകള്‍, തീരേ സൗഹൃദപരമല്ലാത്തതും ഉത്തരവാദിത്വമില്ലാത്തുമായ ഉപഭോക്തൃ ബന്ധവും കൈകാര്യവും തുടങ്ങി ഓണ്‍ലൈന്‍, മൊബൈല്‍ സേവനങ്ങളുടെയും അധിക സേവനങ്ങളുടെയും അപര്യാപ്തത എന്നിവ യാത്രക്കാരെ എയര്‍ ഇന്ത്യയില്‍നിന്നും അകറ്റുന്നു. സേവനത്തിനൊപ്പം ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് സൗകര്യങ്ങള്‍കൊണ്ട് മത്സരിക്കുന്ന വിദേശ, സ്വകാര്യ വിമാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ലാഭത്തിന്റെ കണക്കുകളും ഈ കമ്പനികള്‍ നിരത്തുന്നു. എന്നാല്‍ എയര്‍ ഇന്ത്യയുടെ മാത്രം ‘ലാഭം’ കോടികളുടെ നഷ്ടമാകുന്നു.
ഗള്‍ഫ് ഇന്ത്യക്കാര്‍, വിശിഷ്യാ ഗള്‍ഫ് മലയാളികള്‍ ആണ് രാജ്യത്തെ പ്രധാന വിമാന യാത്രികര്‍. നിരന്തരമായി യാത്രാ ദുരിതം അനുഭവിച്ചതിനെത്തുടര്‍ന്നുള്ള മുറവിളികള്‍ക്കൊടുവിലാണ് ബജറ്റ് വിമാനമായി ‘എയര്‍ ഇന്ത്യ എക്‌സ്പ്രസ്’ ആരംഭിച്ചത്. മുഖ്യയമായും ഗള്‍ഫ് മലയാളികള്‍ക്കു വേണ്ടിയായിരുന്നു ഈ സംരംഭം. ബജറ്റ് വിമാനം എന്ന അര്‍ഥത്തില്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ സേവനവും സാന്നിധ്യവും ഗള്‍ഫ് മലയാളികള്‍ക്ക് ഫലം ചെയ്തു. വൈമാനിക വ്യവസായ ലോകം മുന്നോട്ടുപോകുകയും ഗള്‍ഫില്‍നിന്നും ഇന്ത്യയില്‍നിന്നും ബജറ്റ് വിമാനങ്ങള്‍ ഉദയം കൊള്ളുകയും ചെയ്തപ്പോഴെങ്കിലും സേവന നൈരന്തര്യവും കൃത്യതയും വിശ്വാസ്യതയും സൃഷ്ടിച്ച് യാത്രക്കാരനില്‍നിന്നും അകന്നു പോകാതിരിക്കാന്‍ കമ്പനിക്കു കഴിഞ്ഞില്ല. ഇപ്പോള്‍ മേല്‍ പറഞ്ഞ സ്വകാര്യ, വിദേശ വിമാനങ്ങള്‍ കേരള സെക്ടറില്‍ ആധിപത്യം ഉറപ്പിക്കുമ്പോള്‍ ആസ്ഥാനം കൊച്ചിയിലേക്കു മാറ്റിയതുകൊണ്ടോ കേരളീയ ഭക്ഷണം വിളമ്പിയതുകൊണ്ടോ എയര്‍ ഇന്ത്യ എക്‌സ്പ്രസിനു പിടിച്ചു നല്‍ക്കാന്‍ കഴിയുന്നില്ല. നിരക്കുകളുടെ കാര്യത്തിലാകട്ടെ ഇതര വിമാനങ്ങള്‍ സൃഷ്ടിക്കുന്ന വെല്ലുവിളിക്കു മുന്നില്‍ എക്‌സ്പ്രസിന് പരാജയപ്പെടേണ്ടി വരികയാണ്.
യാത്രാ നിരക്കില്‍ വലിയ വ്യത്യാസം ഉണ്ടാകുമ്പോള്‍ മാത്രമാണ് ഗള്‍ഫ് പ്രവാസികളിലെ സ്വകാര്യവത്കരണവിരുദ്ധര്‍ പോലും എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്രക്ക് തയാറാകുന്നത്. യാത്ര എയര്‍ ഇന്ത്യയിലാണെന്നു പറയുന്നതിലെ ജാള്യം പുരോഗമന സാമൂഹിക പ്രവര്‍ത്തകരെയും സ്വാധീനിക്കുന്നു. ഗള്‍ഫില്‍ നിന്നു നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ എന്തുകൊണ്ട് എയര്‍ ഇന്ത്യയെ പരിഗണിക്കുന്നില്ലെന്നു പരിശോധിക്കുക പോലും ചെയ്യാതെ കോടികളുടെ കടം വരുത്തി വെക്കുന്ന വിമാന കമ്പനിയെ രക്ഷപ്പെടാന്‍ അനുവദിക്കാത്ത നിലപാട് സ്വീകരിക്കുന്നതെന്തിനെന്ന് പൊതുമേഖലാവാദികള്‍ വീണ്ടും വീണ്ടും വ്യക്തമാക്കേണ്ടതുണ്ട്.
എയര്‍ ഇന്ത്യയുടെ ഇപ്പോഴത്തെ മൊത്തം കടം ഏതാണ്ട് 42,000 കോടി രൂപക്കു മുകളിലാണ്. ഓരോ വര്‍ഷവും കടം വീട്ടാന്‍ സര്‍ക്കാര്‍ കൊടുത്തുതള്ളുന്നത് ആയിരക്കണക്കിനു കോടിയാണ്. ഈ പണം വിമാനയാത്ര നടത്തുന്നവരുടെത് മാത്രമല്ല, ജീവിതത്തില്‍ ഒരിക്കല്‍ പോലും വിമാനത്തില്‍ കയറിയിട്ടില്ലാത്ത ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളുടെതുകൂടിയാണ്. നന്നാകാന്‍ ഏറെ അവസരം നല്‍കിയിട്ടും നന്നാകില്ലെന്ന് ശപഥമെടുത്ത് നഷ്ടത്തിന്റെ കോടിക്കണക്കുകള്‍ പെരുപ്പിക്കുന്ന എയര്‍ ഇന്ത്യക്ക് ഇനി പണം നല്‍കില്ലെന്ന് പറയുന്ന മന്ത്രിയെജനം പൂമാലയിട്ടു സ്വീകരിക്കും. കാരണം അവര്‍ക്കാര്‍ക്കും നിത്യവൃത്തിക്ക് അരിഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനമൊന്നുമല്ല ഇത്. വിമാനയാത്ര നടത്തുന്ന ഇന്ത്യക്കാര്‍ക്കുപോലും വേണ്ടാതായപ്പോള്‍ വിശേഷിച്ചും.
ഇന്ത്യന്‍ വിമാന കമ്പനികളില്‍ 49 ശതമാനം വരെ വിദേശ നിക്ഷേപത്തിന് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍, എയര്‍ ഇന്ത്യ പോലൊരു കമ്പനിയില്‍ നിക്ഷേപമിറക്കാന്‍ വിദേശത്തു നിന്നും ദേശത്തു നിന്നും സംരംഭകര്‍ വരും. വിമാന കമ്പനി നഷ്ടം നികത്തി ആകാശത്ത് പറക്കും. സേവനം കാത്തിരിക്കുന്ന പ്രവാസികള്‍ക്കും സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്കും സന്തുഷ്ടിയേകും. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം പരോക്ഷമായെങ്കിലും രാജ്യത്തിന്റെ സമ്പദ്‌മേഖലക്ക് കരുത്ത് പകരും. എന്തിന് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഖജനാവ് ചോര്‍ത്തല്‍ അവസാനിച്ചാല്‍ തന്നെ രാജ്യത്തിന് ലഭിക്കുന്ന വലിയ ലാഭമാകും അത്. വിദേശ, സ്വകാര്യ വിമാനങ്ങള്‍ അടക്കി വാഴുന്ന ആകാശ വിപണിയില്‍ എയര്‍ ഇന്ത്യ കരുത്ത് കാട്ടി അങ്കത്തിനിറങ്ങുമ്പോള്‍ യാത്രാ നിരക്കുകള്‍ താനേ കുറയും. ആഗോള വിപണി കാണിച്ചു തരുന്ന പാഠം ഇതാണ്.
നമ്മള്‍ പക്ഷേ, പൊട്ടക്കിണറ്റിലെ തവളകളെപ്പോലെ ഇതാണ് ലോകം എന്നു വിചാരിച്ച് ഇന്‍ക്വിലാബ് വിളിക്കുമ്പോള്‍ പൊതുജന നിക്ഷേപത്തോടെ അഞ്ച് വിമാന കമ്പനികള്‍ ഔദ്യോഗികമായി നടത്തുന്ന യു എ ഇ പോലുള്ള രാജ്യങ്ങള്‍ ഇന്ത്യയിലെ മുഴുവന്‍ ആകാശ വഴികളിലും നിറയും. അപ്പോള്‍ എയര്‍ ഇന്ത്യയുടെ പാട്ട വിമാനങ്ങള്‍ കട്ടപ്പുറത്തായിരിക്കും. തുരുമ്പെടുത്ത ഈ വിമാനങ്ങള്‍ക്കു ചുറ്റുമിരുന്ന് പൊതുമേഖലക്കു വേണ്ടി മുദ്രാവാക്യം വിളിക്കാന്‍ പക്ഷേ, കൂടെ പ്രവാസികളുണ്ടാകില്ല.

[email protected]