Connect with us

Malappuram

മഞ്ചേരി മെഡിക്കല്‍ കോളജില്‍ ശുദ്ധജല വിതരണ സംവിധാനത്തിന് രണ്ടര കോടി

Published

|

Last Updated

മഞ്ചേരി: മെഡിക്കല്‍ കോളജില്‍ ശുദ്ധജലവിതരണ സംവിധാനത്തിനായി രണ്ടര കോടി രൂപയുടെ പദ്ധതിക്ക് അനുമതിയായി.
ചെരണിയിലെ ജലസംഭരണിയില്‍ നിന്ന് കോളജിലേക്ക് പ്രത്യേക പൈപ്പ്‌ലൈന്‍ സ്ഥാപിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കേരള സ്റ്റേറ്റ് വാട്ടര്‍ റിസോഴ്‌സ് മാനേജ്‌മെന്റ് യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്ന് പ്രിന്‍സിപ്പല്‍ ഡോ.പി വി നാരായണന്‍, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ.പി ജി ആര്‍ പിള്ള എന്നിവര്‍ പറഞ്ഞു.
ഇതുകൂടാതെ ആറ് കോടി രൂപയുടെ വന്‍ ജല പദ്ധതിയും ആസൂത്രണം ചെയ്യുന്നുണ്ട്. ഇപ്പോള്‍ മഞ്ചേരി ജനറല്‍ ആശുപത്രിയിലെ വെള്ളമാണ് മെഡിക്കല്‍ കോളജില്‍ ഉപയോഗിക്കുന്നത്. ഇതു തുടരുന്ന പക്ഷം അടുത്ത വേനലില്‍ ആശുപത്രിയില്‍ ജലക്ഷാമം രൂക്ഷമായേക്കുമെന്ന് സൂപ്രണ്ട് ഡോ.കെ എം സുകുമാരന്‍ ആശങ്ക പ്രകടിപ്പിച്ചു.
ഇന്‍ഡസ്ട്രിയില്‍ എസ്റ്റേറ്റ് റോഡിലെ കുളത്തില്‍ നിന്നാണ് വെള്ളം എടുത്തുവരുന്നത്. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന അഞ്ചുനില കെട്ടിടത്തിലെ മൂന്ന് നില 2014 മാര്‍ച്ചോടെ പൂര്‍ത്തിയാകും. കൂടാതെ സമീപത്തു തന്നെ സെമി പെര്‍മനന്റായി 6000 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ രണ്ട് കെട്ടിടങ്ങള്‍കൂടി ഉടന്‍ നിര്‍മിക്കും.
ഈ കെട്ടിടം ഭാവിയില്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മോര്‍ച്ചറിയായി നിലനിര്‍ത്തും. 27ന് നടക്കുന്ന ക്യാബിനറ്റില്‍ മെഡിക്കല്‍ കോളജിലേക്കാവശ്യമായ സ്റ്റാഫുകളുടെ നിയമനകാര്യം ചര്‍ച്ച ചെയ്യുമെന്ന് ജില്ലാകലക്ടര്‍ കെ ബിജു പറഞ്ഞു.
കലക്ടര്‍ സ്റ്റേറ്റ് സെക്രട്ടറിയെ വിളിച്ചപ്പോഴാണിക്കാര്യം സൂചിപ്പിച്ചത്. 108 ജീവനക്കാരില്‍ 50 ഡോക്ടര്‍മാര്‍ വേണം. ഇവരില്‍ 32 ഡോക്ടര്‍മാര്‍ ജോയിന്റ് ചെയ്തിട്ടുണ്ട്. ജനറല്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഒ പി ആരംഭിക്കുന്ന വിഷയം അടുത്ത ആഴ്ച ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
അടുത്ത മാസം മധ്യത്തോടെ മെഡിസിന്‍, സര്‍ജറി, ഗൈനക്കോളജി, പീഡിയാട്രിക്, ഇ എന്‍ ടി, സൈക്യാട്രി തുടങ്ങി പത്ത് ഒ പികള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കും.
രണ്ടാംഘട്ട എം സി ഐ പരിശോധകര്‍ സന്ദര്‍ശിക്കാനെത്തുന്നതോടെ എല്ലാ സൗകര്യങ്ങളും സജ്ജമാക്കണം. ജനറല്‍ ആശുപത്രിയിലെ ഐ സി യുവിന് സമീപമുള്ള പന്ത്രണ്ട് മുറികള്‍ ഇതിനായി സൗകര്യപ്പെടുത്തും. ഈ മാസം 30ന് കാസര്‍കോഡ് മെഡിക്കല്‍ കോളജിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിക്കും.
അടുത്തുതന്നെ ഇടുക്കി മെഡിക്കല്‍ കോളജ് പ്രവര്‍ത്തനവും ആരംഭിക്കുമെന്ന് ഡോ.ബി ജി ആര്‍ പിള്ള പറഞ്ഞു.
കോളജിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മാസാന്ത യോഗത്തില്‍ അഡ്വ.എം ഉമ്മര്‍ എം എല്‍ എ, കലക്ടര്‍ കെ ബിജു പങ്കെടുത്തു.