Connect with us

Malappuram

വണ്ടൂര്‍ സ്റ്റേഷനില്‍ മാതൃക പദ്ധതി

Published

|

Last Updated

വണ്ടൂര്‍: അന്യസംസ്ഥാന തൊഴിലാള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഇവരുടെ കൃത്യമായ വിവരം ശേഖരിക്കാന്‍ വണ്ടൂര്‍ പോലീസ് സ്റ്റേഷന്‍ നടപ്പിലാക്കിയ പദ്ധതി മറ്റു പോലീസ് സ്റ്റേഷനുകള്‍ക്ക് മാതൃകയാകുന്നു. വണ്ടൂര്‍ എസ് ഐ മനോജ് പറയട്ടയുടെ നേതൃത്വത്തിലാണ് തൊഴിലാളികളുടെ വിവരങ്ങള്‍ പോലീസ് സ്റ്റേഷനില്‍ ലഭ്യമാക്കുന്ന “അതിഥിവിവരം പദ്ധതി” തുടങ്ങിയത്.
തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിട ഉടമക്ക് നല്‍കുന്ന കൈപുസ്തകത്തില്‍ താമസിക്കുന്ന തൊഴിലാളികളുടെ തിരിച്ചറിയല്‍ കാര്‍ഡും മറ്റു വിവരങ്ങളും ശേഖരിച്ച് ആഴ്ചയിലൊരിക്കല്‍ സ്റ്റേഷനില്‍ സമര്‍പ്പിക്കുന്നതാണ് രീതി. പോലീസ് ഇത് സ്ഥിരമായി പരിശോധിക്കും. രേഖകളില്ലാത്ത തൊഴിലാളികളെ പാര്‍പ്പിക്കാന്‍ അനുമതി നല്‍കില്ല.
രണ്ടു മാസം മുമ്പാണ് പദ്ധതി തുടങ്ങിയത്. ഇതോടെ രേഖകളില്ലാത്ത പതിനഞ്ച് തൊഴിലാളികളാണ് പ്രദേശത്ത് നിന്നും കുടിയൊഴിഞ്ഞത്. പത്ത് വാടകക്കാരുണ്ടായിരുന്ന കെട്ടിടത്തില്‍ നിന്ന് നാല് പേര്‍ വരെ മുങ്ങിയിട്ടുണ്ട്. മുങ്ങിയവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
ആദ്യഘട്ടത്തില്‍ ക്ലബ്ബുകളെ ഉപയോഗിച്ച് മുഴുവന്‍ വാടകവീടുകളുടെയും ക്വാര്‍ട്ടേഴ്‌സുകളുടെയും കണക്കെടുത്തു. പിന്നീട് ഉടമകളുടെ യോഗം വിളിച്ച് പ്രത്യേകം തയാറാക്കിയ വിവരശേഖരണ പുസ്തകം വിതരണം ചെയ്തു. ഉടമയുടെ പേരും വിലാസവും ആദ്യപേജില്‍ രേഖപ്പെടുത്തുന്ന പുസ്തകത്തില്‍ പിന്നീടുള്ള താളുകളില്‍ വാടകക്കാരുടെ വിശദ വിവരങ്ങളാണ് ഉള്‍പ്പെടുത്തേണ്ടത്.

 

Latest