പ്രസവ ചികിത്സക്കെത്തിയ യുവതിയെ പരിപാലിച്ചില്ലെന്ന് പരാതി

Posted on: November 20, 2013 12:23 am | Last updated: November 19, 2013 at 9:23 pm

കാഞ്ഞങ്ങാട്: പ്രസവ ചികിത്സക്കെത്തിയ യുവതിയെ ആശുപത്രി അധികൃതര്‍ യഥാസമയം പരിപാലിച്ചില്ലെന്ന് പരാതി. പള്ളിക്കര സ്വദേശിനിയായ യുവതിക്കാണ് അതിഞ്ഞാലിലെ ഒരു സ്വകാര്യാശുപത്രിയില്‍ അവഗണന നേരിട്ടത്. ഇന്നലെ രാവിലെയാണ് പ്രസവ ചികിത്സക്കായി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ മുതല്‍തന്നെ യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നഴ്‌സുമാരെ മൂന്നുതവണ വിളിച്ചിട്ടും യുവതിയെ ലേബര്‍ റൂമിലേക്ക് മാറ്റാന്‍ തയ്യാറായില്ല. ആശുപത്രിയിലെ ഡോക്ടര്‍മാരോടും മറ്റു ജീവനക്കാരോടും കാര്യം പറഞ്ഞെങ്കിലും ആരും ശ്രദ്ധിച്ചില്ലെന്നും പരാതിപ്പെട്ടു.
വേദനകൊണ്ട് പുളഞ്ഞ യുവതി വൈകുന്നേരത്തോടെ സാധാരണ റൂമില്‍ പ്രസവിക്കുകയും ചെയ്തു. യുവതി പ്രസവിച്ച കുഞ്ഞ് തറയില്‍ വീഴാറായെങ്കിലും മാതാവ് താങ്ങിപ്പിടിച്ചതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു. തുടര്‍ന്ന് യുവതിയുടെ സഹോദനും മാതാവും ആശുപത്രി മാനേജ്‌മെന്റിനോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ തട്ടിക്കയറുകയായിരുന്നുവെന്നാണ് ആരോപണം. മാതാവും കുഞ്ഞും ഇതേ ആശുപത്രിയില്‍ ഇപ്പോള്‍ സുഖമായി കഴിയുന്നു.
അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരോട് ഈ രീതിയില്‍ ആശുപത്രി അധികൃതര്‍ പെരുമാറുന്നതായി നേരത്തെയും പരാതിയുണ്ട്.