തളര്‍ന്നു കിടക്കുന്ന യുവാവിന് മുന്‍കാല പ്രാബല്യത്തോടെ പെന്‍ഷന്‍ നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍

Posted on: November 19, 2013 8:18 am | Last updated: November 19, 2013 at 8:18 am

പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ 1995 ല്‍ കൃഷിഭവന്‍ വഴി കാര്‍ഷികമേഖലയില്‍ നടപ്പിലാക്കിയ ഒരു ലക്ഷം യുവജനങ്ങള്‍ക്കുള്ള തൊഴില്‍ദാന പദ്ധതിയില്‍ അംഗമായിരിക്കെ മരത്തില്‍ നിന്നും വീണ് തളര്‍ന്നു കിടക്കുന്ന യുവാവിന് പ്രതിമാസം 750 രൂപ പെന്‍ഷന്‍ 1999 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നല്‍കാന്‍് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം ആര്‍ നടരജാന്‍ ഉത്തരവിട്ടു.
പാലക്കാട് കാഞ്ഞിരപുഴ സ്വദേശി ഷാജി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കൃഷി വകുപ്പ് സെക്രട്ടറിക്കാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. 1996 ല്‍ പരാതിക്കാരന്‍ പൊറ്റശ്ശേരി കൃഷിഭവനു കീഴില്‍ പദ്ധതിയില്‍ അംഗമാവുകയും 1000 രൂപ ഗുണഭോക്തൃവിഹിതം അടക്കുകയും ചെയ്തു.
അംഗങ്ങള്‍ക്ക് 60 വയസ് തികഞ്ഞാല്‍ 1000 രൂപ പ്രതിമാസ പെന്‍ഷനും 3000 മുതല്‍ 6000 വരെ ഗ്രാറ്റുവിറ്റിക്കും അംഗത്തിന്റെ മരണശേഷം അവകാശികള്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായത്തിനും അര്‍ഹതയുണ്ടെന്ന് പദ്ധതി രൂപരേഖയില്‍ പറയുന്നു. എന്നാല്‍ ശാരീരിക മാനസിക അവശതകള്‍ അനുഭവിക്കുന്ന അംഗങ്ങള്‍ക്ക് പ്രതിമാസം 200 രൂപ മുതല്‍ 750 രൂപ വരെ പെന്‍ഷന്‍ ലഭിക്കാനും വ്യവസ്ഥയുണ്ട്. 1998 ല്‍ അപകടമുണ്ടായതിനെതുടര്‍ന്ന് 100 ശതമാനം ശാരീരിക അവശത അനുഭവിക്കുന്ന പരാതിക്കാരന്‍ പദ്ധതിയുടെ ഭാഗമായ പ്രതിമാസ പെന്‍ഷന് വേണ്ടി സര്‍ക്കാറിനെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ തീരുമാനമെടുത്തില്ല. 1998 ല്‍ സമര്‍പ്പിച്ച അപേക്ഷക്ക് മറുപടി കിട്ടിയത് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം 2007 ലാണ്. ഇതില്‍ പെന്‍ഷന്റെ കാര്യം സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് അറിയിച്ചിരുന്നു. പരാതിക്കാരന്‍ കമ്മീഷന്‍ മുമ്പാകെ ഹാജരായത് വീല്‍ചെയറിലാണ്.