Connect with us

Malappuram

നടപടി പ്രഖ്യാപനത്തില്‍ മാത്രം; ജില്ലയില്‍ ഇപ്പോഴും ടിക്കറ്റില്ലാ യാത്ര

Published

|

Last Updated

കോട്ടക്കല്‍: ജില്ലയിലെ സ്വകാര്യ ബസുകള്‍ക്ക് ഇപ്പോഴും ടിക്കറ്റിനോട് അയിത്തം. യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കണമെന്ന മിയമമാണ് ചില ബസ് ജീവനക്കാര്‍ പരസ്യമായി കാറ്റില്‍ പറത്തുന്നത്. കാലങ്ങളായി മലപ്പുറത്ത് തുടരുന്ന ഏര്‍പ്പാടിന് തടയിടാന്‍ ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പ് നടപടികള്‍ എടുത്തിട്ടും ചില സ്വകാര്യ ബസുകള്‍ ഇപ്പോഴും ഇതിനെ അവഗണിക്കുകയാണ്. രണ്ട് മാസം മുമ്പ് ബസ് ഉടമകള്‍ തന്നെ മുന്‍കൈ എടുത്ത് ഇതിന് പരിഹാരമായി നടത്തിയ നടപടികള്‍ പോലും യൂനിയന്‍ അംഗങ്ങള്‍ തന്നെ ലംഘിക്കുകയാണ്. സംസ്ഥാനത്ത് മലപ്പുറം ജില്ലയില്‍ മാത്രമാണ് യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാത്തത്. കാലങ്ങളായി തുടരുന്ന ഏര്‍പ്പാട് അവസാനിപ്പിക്കണമെന്ന് ജില്ലാ കലക്ടറും, മോട്ടോര്‍ വാഹന വകുപ്പും ഇടക്കിടെ ഓര്‍മപെടുത്താറുണ്ടെങ്കിലും പാലിക്കാന്‍ പക്ഷേ സ്വകാര്യ ബസ് ജീവനക്കാര്‍ കൂട്ടാക്കാറില്ല. രണ്ട് മാസം മുമ്പ് ഇതിന് പരിഹാരമെന്നോണം ജില്ലയിലെ മുഴുവന്‍ കണ്ടക്ടര്‍മാര്‍ക്കും ടിക്കറ്റിംഗ് യന്ത്രം നല്‍കുന്ന പിരിപാടി കോട്ടക്കലില്‍ വെച്ച് നടത്തിയിരുന്നു. ബസ് ഉടമകളുടെ സംഘടന മുന്‍കൈ എടുത്ത് നടത്തിയ പരിപാടി മോട്ടോര്‍ വകുപ്പിലെ ഉന്നതരാണ് ഉദ്ഘാടനം ചെയ്തത്. 12 കണ്ടക്ടര്‍മാര്‍ക്കാണ് അന്ന് വിതരണം നടത്തിയത്.
ബാക്കിയുള്ളവര്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ നല്‍കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. എന്നാല്‍ യന്ത്രം നല്‍കിയിട്ടും കണ്ടക്ടര്‍മാര്‍ ഇപ്പോഴും യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാന്‍ തയ്യാറാകുന്നില്ല. ജില്ലയിലെ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് മാത്രമാണ് ചിലരെങ്കിലും ടിക്കറ്റ് നല്‍കുന്നത്. മിനിമം ചാര്‍ജിനുള്ള യാത്രക്കാരന് ഒരു കാരണവശാലും ടിക്കറ്റില്ലെന്നതാണ് ഇപ്പോഴും ജില്ലയിലെ അവസ്ഥ. ഇത്തരം നിയമ ലംഘനത്തിനെതിരെ നടപടി എടുത്തെന്ന് അധികൃതര്‍ വാര്‍ത്താ കുറിപ്പിറക്കാറുണ്ടെങ്കിലും അവയൊന്നും ബസ് ജിവനക്കാര്‍ പരിഗണിക്കാറില്ല.
അതെസമയം പരിശോധന നടക്കുന്നുണ്ടെന്നറിഞ്ഞാല്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് മുറിച്ച് നല്‍കുന്ന നിലപാടും ജില്ലയില്‍ നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ മാസം ടിക്കറ്റ് യന്ത്രം നല്‍കിയ ഒരാഴ്ച്ച ജില്ലയിലെ ഉള്‍നാടുകളിലേക്കുള്ള ബസുകളില്‍ വരെ ടിക്കറ്റുണ്ടായിരുന്നു. അതെ അവസരത്തില്‍ മിനിമം ചാര്‍ജിന് ടിക്കറ്റ് ചോദിക്കുന്ന യാത്രക്കാരെ പരിഹസിക്കുന്ന സ്വഭാവവും ജില്ലയിലെ ചില ബസുകളില്‍ നില നില്‍ക്കുന്നുണ്ട്. ഇതിനെതിരെ നടപടി ശക്തമാക്കുമെന്ന് തിരൂര്‍ ജോയിന്റ് ആര്‍ ടി ഒ സുഭാഷ് ബാബു പറഞ്ഞു.

 

Latest