Connect with us

Articles

മോഡിപ്പേടിയുടെ പിന്നാമ്പുറങ്ങള്‍

Published

|

Last Updated

ജര്‍മനിയില്‍ ഹിറ്റ്‌ലറും ഇറ്റലിയില്‍ മുസോളനിയും അനുവര്‍ത്തിച്ചിരുന്ന ഫാസിസ്റ്റ് പ്രത്യയശാസ്ത്രമാണ്, ഇന്ത്യയില്‍ മോഡി നടപ്പാക്കാന്‍ പോകുന്നതെന്ന ഒട്ടും ശുഭകരമല്ലാത്ത ചിന്ത ഇന്ത്യന്‍ മതേതര മനസ്സുകളില്‍ പേടിയുടെ വിത്തുകള്‍ വിതച്ചുകൊണ്ടിരിക്കുന്ന ഒരു പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോകുന്ന വേളയില്‍. ഹിറ്റ്‌ലറുടെ ആര്യമേധാവിത്വ ചിന്തകളാണ് ഇന്ത്യയുടെ സര്‍വര്‍ണ ഹിന്ദുത്വത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ആര്‍ എസ് എസിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും പ്രത്യയ ശാസ്ത്രം. നാഥുറാം ഗോഡ്‌സെക്ക് ഗാന്ധിജിയെ വധിക്കാന്‍ പ്രേരണ നല്‍കിയത്, ഈ യൊരു പ്രത്യയശാസ്ത്രധാരയില്‍ നിന്ന് ഊര്‍ജം നേടിയതുകൊണ്ടാണ്. മതേതരത്വവാദികളെ ഇന്ത്യക്കാവശ്യമില്ലെന്ന് ആ വധം, പറയാതെ പറഞ്ഞുവെച്ചിരുന്നു. ഗുജറാത്തില്‍ നിന്നുള്ള ഗാന്ധിജിയെ കൊന്ന വംശീയവാദിയെ പ്രതിനിധാനം ചെയ്യുന്ന മോഡി ഗുജറാത്തിലുള്ള ന്യൂനപക്ഷ മുസ്‌ലിംകളെ ഉന്മൂലനം ചെയ്തുകൊണ്ടാണ് ഭാവി ഇന്ത്യയുടെ പ്രധാനമന്ത്രിപ്പട്ടം സ്വയം എടുത്തണിഞ്ഞ് ഇന്ന് ഇന്ത്യന്‍ ജനതയെ നോക്കി പുഞ്ചിരിക്കുന്നതെന്നത് വലിയൊരു തമാശയായി നമുക്ക് തോന്നാമെങ്കിലും, വരുംകാലത്തിന്റെ ഭയാനകതകളെ അത്രയൊന്നും ലാഘവത്തോടെ സമീപിക്കാനാകില്ലെന്ന് സമീപകാല ചരിത്രം തന്നെ സാക്ഷ്യം നല്‍കുന്നുണ്ട്.
രാജ്യത്തിലെ ബഹുഭൂരിപക്ഷം വരുന്ന അടിച്ചമര്‍ത്തപ്പെട്ടവരും ദരിദ്രരും തൊഴിലാളിവര്‍ഗവും ന്യൂനപക്ഷവുമെല്ലാം ഒരേ പോലെ കൊതിക്കുന്ന ഒന്നാണ് കേന്ദ്രത്തിലെ ഭരണമാറ്റം. അധികാരം കൈയാളുന്ന കോണ്‍ഗ്രസുകാരുപോലും ഈ ഭരണ നേതൃത്വത്തെ അങ്ങേയറ്റം വെറുത്തുകഴിഞ്ഞിരിക്കുന്നു. അഴിമതി, സ്വജനപക്ഷപാതം, വിലക്കയറ്റം, സ്വകാര്യവത്കരണം, സ്ത്രീകള്‍ക്ക് രക്ഷയില്ലായ്മ, തൊഴിലില്ലായ്മ, വര്‍ഗീയ കലാപങ്ങള്‍ എന്നുവേണ്ട ഒരു രാജ്യത്തെ പിറകോട്ട് നയിക്കാന്‍ ഹേതുവായ പലതും ഇന്ത്യയിലിന്ന് നടമാടിക്കൊണ്ടിരിക്കുന്നു. ഒരു പക്ഷേ, സ്വാതന്ത്ര്യാനന്തരം ഇന്ത്യ കണ്ട ഏറ്റവും മോശമായ പ്രതിച്ഛായയുള്ള ഒരു ഭരണകൂടമാണ് കേന്ദ്രത്തിലിന്നുള്ളത്. വിരലിലെണ്ണാവുന്ന ഒരു പറ്റം കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് വേണ്ടി മാത്രമുള്ള ഒരു ഭരണ സംവിധാനത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഒരു വ്യക്തിമാത്രമായി മന്‍മോഹന്‍ സിംഗ് മാറിക്കഴിഞ്ഞിട്ട് നാളേറെയായി. മറ്റാരുടെയോ ആജ്ഞാനുവര്‍ത്തിയായി ചലിക്കുന്ന ഒരു പാവയെന്ന് സിംഗിനെ വിശേഷിപ്പിച്ചാല്‍ അതൊട്ടും കുറഞ്ഞതായിരിക്കില്ല. ഇംഗ്ലീഷിലെ പ്രധാന “ടൈം” വാരികക്ക് മന്‍മോഹനെ ഏറ്റവും മോശപ്പെട്ട പ്രധാനമന്ത്രിയായി ചിത്രീകരിക്കേണ്ടിവന്നതും അതുകൊണ്ടാണ്.
ഇത്തരമൊരു സാഹചര്യത്തില്‍ ഏറ്റവും നല്ല വളക്കൂറുള്ള മണ്ണാണ് മോഡിക്ക്; മറ്റൊരു വ്യക്തിത്വത്തെ ഉയര്‍ത്തിക്കാണിക്കാന്‍ തക്കവണ്ണം പ്രാപ്തമല്ല കോണ്‍ഗ്രസെന്നത് മോഡിക്ക് കൂടുതല്‍ ഉത്തേജനം നല്‍കുന്നുണ്ട്. ഇന്ത്യയിലെ ഇടതുപക്ഷ മതേതര ശക്തികള്‍ പലകാരണങ്ങളാല്‍ പ്രതിരോധവീര്യം കുറഞ്ഞവരായി തീരുകയും ചെയ്തിരിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പാകും കടന്നുവരുന്നത്. രാജ്യത്തെ മുസ്‌ലിംകളെ രക്ഷിക്കാന്‍ വാക്ക് കൊണ്ടല്ലാതെ, പ്രവൃത്തികൊണ്ട് കഴിയാത്തവരാണ് കോണ്‍ഗ്രസുകാര്‍. സമീപ കാലത്തു നടന്ന പല ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും, അന്യായമായ ജയില്‍വാസവും നന്നായി അനുഭവിച്ചുകൊണ്ടിരിക്കുന്നവരാണ് മുസ്‌ലിംകള്‍. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാറിനു മുന്നില്‍ സമര്‍പ്പിച്ച് കാലങ്ങള്‍ കഴിഞ്ഞിട്ടും മുസ്‌ലിംകള്‍ക്കു വേണ്ടി ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ ഈ സര്‍ക്കാറിന് കഴിഞ്ഞില്ലെന്നതും നാം ഓര്‍ക്കണം. മുസ്‌ലിംകളെ പോലെ തന്നെ അവഗണനയും അടിച്ചമര്‍ത്തലും നേരിടുന്ന ഒട്ടേറെ കീഴ്ജാതി സമൂഹവും ഇന്ത്യയിലുണ്ട്. ഇന്ത്യയിലെ ആറ് ശതമാനം മാത്രം വരുന്ന വളര്‍ച്ചാ നിരക്ക് ഒരിക്കലും ഈ വിഭാഗത്തെ സ്പര്‍ശിച്ചു പോയിട്ടില്ല. ഇത് തിച്ചറിയണമെങ്കില്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെയൊന്ന് സഞ്ചരിച്ചാല്‍ മതി. നരേന്ദ്ര മോഡി ഉയര്‍ത്തിക്കൊണ്ടുവരുന്ന സമീപനങ്ങളും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെയോ ദളിത് വിഭാഗത്തെയോ മുഖ്യധാരയിലേക്ക് നയിക്കാനുള്ളതല്ല. ഗുജറാത്തില്‍ കൊട്ടിഘോഷിക്കപ്പെട്ട “വികസനം” കോര്‍പ്പറേറ്റ് വികസനമായിരുന്നുവെന്ന് ഇന്നെല്ലാവര്‍ക്കും നിശ്ചയമുള്ള വസ്തുതയാണ്. ഇന്ത്യയിലേക്ക് വിദേശ കുത്തകകളെ ക്ഷണിച്ചുകൊണ്ടുവന്ന്, അവര്‍ക്ക് പരവതാനിവിരിച്ചവരില്‍ ബി ജെ പി ആയിരുന്നു ഒന്നാം പ്രതിയെന്ന് അവരുടെ ഭരണകാലം സാക്ഷ്യം നില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ കുത്തകകളെ പ്രീണിപ്പിക്കുന്ന നയം കോണ്‍ഗ്രസിന്റെതുമാത്രമല്ല, ബി ജെ പിയുടെതുമാണെന്ന് സാരം. കോണ്‍ഗ്രസിനേക്കാള്‍, മോഡിയെ വെറുപ്പുള്ളവനാക്കുന്നത് അദ്ദേഹത്തിന്റെ മുസ്‌ലിംവിരുദ്ധ മനസ്സാണ്.
ആ മനസ്സ് ഹിന്ദുത്വ അജന്‍ഡയുടെ ഭാഗമായിവരുന്നതാണെന്ന് മാത്രം. ജാതിരാഷ്ട്രീയം ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമായി ഇന്നും തുടര്‍ന്നുവരുന്ന ഒരു നാടകമാണ്. ജീതീയതയെ സ്പര്‍ശിക്കാതെ ഒരു തിരഞ്ഞെടുപ്പും ഇന്ത്യയില്‍ കടന്നുപോയിട്ടില്ല. ഭൂരിപക്ഷ ഹിന്ദുത്വത്തെ കയ്യിലെടുക്കാന്‍ ബി ജെ പി മാത്രമല്ല, കോണ്‍ഗ്രസും മുന്നിട്ട് നിന്നിട്ടുണ്ട്. ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ സംഘടിപ്പിച്ചതും അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതും കോണ്‍ഗ്രസിന്റെ വൃത്തികെട്ട ജാതിരാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു. ഇവിടെയും ബലിയാക്കപ്പെട്ടത് മുസ്‌ലിംകള്‍ തന്നെ. യു പിയിലെ മുസാഫര്‍ നഗര്‍ കലാപത്തിലും ഈ ജാതിരാഷ്ട്രീയത്തിന്റെ കരങ്ങള്‍ എങ്ങനെയൊക്കെ പ്രവര്‍ത്തിച്ചു എന്ന് വിശദീകരിക്കേണ്ട കാര്യമില്ല. സര്‍വതും നഷ്ടപ്പെട്ട് ദേശം തന്നെ വിട്ടുപോകേണ്ടി വന്ന ഹതഭാഗ്യരാണ് മുസാഫര്‍ നഗറിലെ മുസ്‌ലിംകള്‍. നന്നായി ചേര്‍ന്നുപോയ രണ്ട് സമുദായങ്ങളുടെ ചേര്‍ച്ച ഇല്ലാതാക്കിയത് ജാതീയതയെ കൂട്ടുപിടിച്ചു തന്നെയാണ്. ഇന്ന് യു പിയിലെ ജാട്ട് സമുദായക്കാര്‍ മുസ്‌ലിംകളെ സംശയത്തോടെ മാത്രം വീക്ഷിക്കുന്നു. അവിടെ കലാപത്തിന് നേതൃത്വം കൊടുത്തത് ബി ജെ പിയുടെ തലപ്പത്തുള്ള നേതാക്കളാണെന്നോര്‍ക്കണം. അവരില്‍ പലരുമിന്ന് ജയിലിലാണെങ്കിലും നാളെ തിരിച്ചുവന്ന് പൂര്‍വാധികം ശക്തമായി മുസ്‌ലിം വേട്ട നടത്തേണ്ടവരാണെന്നുമാത്രം.
ഫാസിസം ശരിയായ രീതിയില്‍ പ്രയോഗവത്കരിക്കാന്‍ എക്കാലവും ഒരു നേതാവുണ്ടായിരുന്നു എന്നതാണ് ചരിത്രം. പ്രത്യയശാസ്ത്രം കൊണ്ട് മാത്രം സാധിക്കുന്ന ഒന്നല്ലിത്. വേഗത്തിലും എളുപ്പത്തിലും ഫാസിസത്തെ നടപ്പാക്കണമെങ്കില്‍ ഉറച്ച ഉടലും, അലിയാത്ത മനസ്സുമുള്ള ഒരു നേതൃ കരം ആവശ്യമായിവരുന്നു. ഇത് രണ്ടും നരേന്ദ്ര മോഡിക്കുണ്ട്. ഹിറ്റ്‌ലറിനും, മുസോളനിക്കും ഉണ്ടായിരുന്നതുപോലെ. ഹിന്ദുവാണ് ( അതും സവര്‍ണര്‍) ഭരിക്കേണ്ടവരെന്നും, മറ്റുള്ളവര്‍ ഭരിക്കപ്പെടേണ്ടവരാണെന്നുമുള്ള രീതി ശാസ്ത്രമാണ് മോഡിയുടെ അജന്‍ഡയെ നിര്‍ണയിക്കുന്നത്. അതിന് തികച്ചും പാകപ്പെട്ട മനസ്സും ഉടലുമാണ് മോഡിയുടെതെന്ന് അവര്‍ തിരച്ചറിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ മുന്‍കാല ചെയ്തികള്‍ ബി ജെ പിയുടെ നേതൃനിരക്ക് നന്നായറിയാം. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മോഡി അവരോധിതനാകുമ്പോള്‍ നാം ഭയക്കുന്നത് ചെറുതായി കാണേണ്ടതല്ല. വംശീയ ഭ്രാന്തനായ ഒരു ഏകാധിപതി ഇന്ത്യയുടെ നേതൃനിരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ “ഭാവി ഇന്ത്യ” എങ്ങനെയുള്ളതാകുമെന്ന് ചെറിയ ബുദ്ധിയിലും രൂപപ്പെടുത്താനാകും. സ്ഥാനാര്‍ഥി ആയിരിക്കുമ്പോള്‍ തന്നെ മോഡി സ്വീകരിച്ച ചില നിലപാടുകള്‍ അത് ശരിവെക്കുന്നുണ്ട്. മുസാഫര്‍ നഗര്‍ കാലപത്തിനു ശേഷം പത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് നേരെ മോഡി മൗനം പാലിച്ചത് മികച്ച ഉദാഹരണം. പക്കിസ്ഥാന്‍ സര്‍ക്കാറിനെതിരെ മോഡി പറഞ്ഞ അഭിപ്രായപ്രകടനങ്ങളും ചേര്‍ത്തുവായിച്ചാല്‍ ചിത്രം പൂര്‍ണമാകും.
ചെകുത്താനും കടലിനും ഇടയില്‍ അകപ്പെട്ടവരായി തീര്‍ന്നിരിക്കുകയാണ് ഇന്ത്യയിലെ മതേതര വിശ്വാസികള്‍. കോണ്‍ഗ്രസിനും, മോഡിക്കും പകരം ആരുണ്ട് എന്ന ചോദ്യം അവരെ ആഴത്തില്‍ ചിന്തിപ്പിക്കുന്നു. മതേതരത്വത്തോടൊപ്പം, അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാത്ത ഭരണകൂടമാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന പാവങ്ങള്‍ ആഗ്രഹിക്കുന്നത്. മതേതരത്വമെന്നാല്‍ മതവിരുദ്ധ മതേതരത്വമോ, കാല്‍പ്പനിക സമത്വവാദമോ ആവരുത് അതെന്നും അവര്‍ ഊറ്റം കൊള്ളുന്നു. വികസനം സ്വപ്‌നം കാണുന്ന ഒരു ജനതക്ക് ഒരു മൂന്നാം ബദല്‍ ആവശ്യമായി തീര്‍ന്നിരിക്കുകയാണ്. അതോടൊപ്പം മോഡിയെ കെട്ടുക്കെട്ടിക്കുകയും വേണം. അപ്പോള്‍ മാത്രമാണ് ഗാന്ധിജിയും നമ്മുടെ പൂര്‍വികരും സ്വപ്‌നം കണ്ട ഒരു ഇന്ത്യ കെട്ടിപ്പടുക്കാന്‍ കഴിയൂ. അതിന് ഫാസിസത്തിന് അനുകൂലമല്ലാത്ത സമൂഹമനസ്സ് ഇവിടെ വാര്‍ത്തെടുക്കേണ്ടതാണ്.

 

Latest